Advertisement

കിരീടമില്ലാതെ സൗത്ത് ഗേറ്റും പടിയിറങ്ങി; സ്ഥാനമൊഴിഞ്ഞത് 102 മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീമിനെ ഒരുക്കിയ ആശാന്‍

July 17, 2024
Google News 4 minutes Read
Gareth Southgate

ഏകദേശം എട്ട് വര്‍ഷത്തോളം ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടര്‍ന്ന ഗാരത് സൗത്ത് ഗെയ്റ്റ് എന്ന 53-കാരനും ഇംഗ്ലണ്ടിന് ഒരു കിരീടം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന നിരാശയോടെയാണ് പടിയിറങ്ങുന്നത്. 1966-ല്‍ ലോക കപ്പ് നേടിയതിന് ശേഷം ഇന്നുവരെ ഒരു പ്രധാന ടൂര്‍ണമെന്റിലും അവസാന മാച്ചിലെത്തി വിജയിക്കാന്‍ ഇംഗ്ലണ്ടിന് ആയില്ലെന്ന സങ്കടം ആ രാജ്യത്തെയാകെ ചൂഴ്ന്ന് നില്‍ക്കുമ്പോള്‍ കരാര്‍ പ്രകാരം അഞ്ചര മാസം ഉണ്ടായിരിക്കെ പോലും സൗത്ത് ഗെയ്റ്റിന് പടിയിറാങ്ങാതിരിക്കാന്‍ ആകില്ല. കാരണം ഓരോ ഇംഗ്ലീഷ് പൗരനും അത്രക്കധികം ആഗ്രഹിച്ചതായിരുന്നു ഇത്തവണയെങ്കിലും യൂറോ കിരീടമെന്നത്. യൂറോ-2024 ഫൈനലില്‍ സ്പെയിനിനോട് 2-1 എന്ന സ്‌കോറില്‍ കിരീടം നഷ്ടമായതോടെയാണ് സൗത്ത് ഗേറ്റ് കടുത്ത തീരുമാനത്തിലേക്ക് പോയത്. അദ്ദേഹത്തിന്റെ കരാര്‍ ഈ വര്‍ഷം ഡിസംബറിലാണ് അവസാനിക്കുക. തുടര്‍ച്ചയായ രണ്ടാം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഇംഗ്ലണ്ടി നയിച്ചതിന് ശേഷമാണ് അദ്ദേഹം മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് യാത്ര പറയുന്നത്. ഫൈനലില്‍ പരാജയപ്പെട്ടതോടെ അധികം വൈകാതെ തന്നെ ഇംഗ്ലണ്ട് ടീമും പരിവാരങ്ങളും നാട്ടിലേക്ക് തിരിച്ചിരുന്നു.

Read Also: സ്‌പെയിന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍; ഇംഗ്ലണ്ടിനെ പിന്തള്ളിയത് അവസാന നിമിഷത്തിലെ ഗോളില്‍

2016-ല്‍ നിയമതിനായ, ഇംഗ്ലണ്ടിന്റെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച മൂന്നാമത്തെ മാനേജറാണ് സൗത്ത്‌ഗേറ്റ്. 102 മത്സരങ്ങള്‍ക്കായി ദേശീയടീമിനെ പാകപ്പെടുത്തിയപ്പോള്‍ ഇതില്‍ 61 മത്സരങ്ങള്‍ വിജയിച്ച് രാജ്യത്തെ ഏറ്റവും വിജയകരമായ മാനേജര്‍മാരില്‍ ഒരാളായി. ആദ്യമായി 2021-ല്‍ ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഷൂട്ടൗട്ടില്‍ ഇറ്റലിയോട് തോറ്റപ്പോള്‍ 2024-ല്‍ കപ്പില്‍ മുത്തമിടുമെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു ക്യാമ്പിലാകെ ഉണ്ടായിരുന്നത്. എന്നാല്‍ സ്‌പെയിന്‍ കരുത്തിന് മുമ്പില്‍ കിരീടമോഹം അടിയറ വെക്കാനായിരുന്നു ഇത്തവണത്തെയും നിയോഗം. ചൊവ്വാഴ്ച രാവിലെ സൗത്ത്‌ഗേറ്റ് പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് തന്റെ എട്ട് വര്‍ഷത്തെ മാനേജര്‍ സ്ഥാനം വിടുകയാണെന്ന വിവരം പുറത്താകുന്നത്. തന്നെയും ഇംഗ്ലണ്ടിനെയും പിന്തുണച്ച കളിക്കാര്‍, സ്റ്റാഫ്, ആരാധകര്‍ എന്നിവരെ അദ്ദേഹം നന്ദിയോടെ ഓര്‍ക്കുന്നുണ്ട് കുറിപ്പില്‍. ”അഭിമാനിയായ ഒരു ഇംഗ്ലീഷുകാരനെന്ന നിലയില്‍, ഇംഗ്ലണ്ടിനായി കളിക്കുന്നതും ഇംഗ്ലണ്ടിനെ നിയന്ത്രിക്കുന്നതും എന്റെ ജീവിതത്തിലെ ബഹുമതിയാണ്. ഇത് എനിക്ക് എല്ലാം നല്‍കി” കുറിപ്പില്‍ ഗാരെത് സൗത്ത് ഗേറ്റ് വ്യക്തമാക്കുന്നു.

Read Also: അന്ന് ഇംഗ്ലണ്ട് കൊതിച്ച ആ ബാങ്ക് അവധിക്ക് സ്‌പെയിന്‍ വീണ്ടും വിലങ്ങ് തടിയാകുമോ?

അണ്ടര്‍ 21-ടീമിനെ പരിശീലിപ്പിക്കുന്ന സമയം കൂടെയുണ്ടായിരുന്ന അസിസ്റ്റന്റ് മാനേജര്‍ സ്റ്റീവ് ഹോളണ്ടിനെയും സൗത്ത്‌ഗേറ്റ് നന്ദിയോടെ ഓര്‍ക്കുന്നു. സീനിയര്‍ ടീമിന്റെ ചുക്കാന്‍ പിടിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം എത്തിയ ഹോളണ്ടും സൗത്ത് ഗേറ്റിന് പിന്നാലെ ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടിയുള്ള സ്ഥാനങ്ങള്‍ ഉപേക്ഷിച്ചു.

ഈ യൂറോയില്‍ ഇംഗ്ലണ്ടിനെ പ്രകടനം

ജൂണ്‍ 17ന് നടന്ന ആദ്യ മത്സരത്തില്‍ സെര്‍ബിയക്കെതിരെ ഒരു ഗോളിന്റെ ജയം
ജൂണ്‍ 20ന് നടന്ന മത്സരത്തില്‍ ഡെന്മാര്‍ക്കിനോട് 1-1 സമനില
ജൂണ്‍ 26ന് സ്ലോവേനിയയോട് ഗോള്‍രഹിത സമനില
ജൂണ്‍ 30ന് 45-ാം സ്ഥാനത്തുള്ള സ്ലൊവാക്യയ്ക്കെതിരെ 2-1 സ്‌കോറില്‍ വിജയിച്ച് അവസാന 16-ല്‍.
ജൂലൈ ആറിന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 1-1 സമനില ആയ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഷൂട്ട് ഔട്ടില്‍ 5-3 എന്ന സ്‌കോറില്‍ തോല്‍പിച്ചു
ജൂലൈ 13ന് സെമിയില്‍ നെതര്‍ലാന്‍ഡ്‌സിനെ 2-1 ന് പരാജയപ്പെടുത്തി ഫൈനലിലേക്ക്.
ജൂലൈ 15ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നിക്കോ വില്യംസിലൂടെ ആദ്യം ഇംഗ്ലണ്ട് പിന്നിലായി. 73-ാം മിനിറ്റില്‍ പകരക്കാരനായ കോള്‍ പാമര്‍ ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ട് ഗോളാക്കി സമനില പിടിച്ചു. സമനിലയില്‍ ആയ മത്സരം സെപെയിനിന്റെ മൈക്കല്‍ ഒയാര്‍സബല്‍ വിജഗോള്‍ നേടി.

Story Highlights :  England national team manager Gareth South Gate retired

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here