Advertisement

പത്താം നമ്പറുകാരുടെ മഹാത്മ്യം മലയാളത്തില്‍ പറഞ്ഞ് ഫിഫ; കമന്റുകളുമായി മലയാളികള്‍

June 28, 2024
3 minutes Read
FIFA Malayalam post

വീണ്ടും മലയാളത്തില്‍ ഫുട്‌ബോള്‍ ആരാധകരോട് സംവദിച്ച് അന്താരാഷ്ട് ഫുട്‌ബോള്‍ ഫെഡറേഷന്റെ ഫേസ്ബുക് പേജ്. ലോക ഫുട്‌ബോളില്‍ പത്താം നമ്പറില്‍ ഉദയം ചെയ്ത മറഡോണ അടക്കമുള്ള പ്രതിഭകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പമാണ് മലയാളത്തില്‍ നല്‍കിയിരിക്കുന്ന കുറിപ്പും മലയാളികള്‍ വൈറലാക്കിയിരിക്കുന്നത്. ഫഹദ് ഫാസില്‍ നായകനായി ഈയിടെ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആവേശത്തിലെ ‘ഇല്ലുമിനാറ്റി’ ഹിറ്റ് ഗാനത്തിലെ ‘ഇവനെ പടച്ച് വിട്ട കടവുള്ക്ക് പത്തില്‍ പത്ത്’ എന്ന വരികളാണ് ഫിഫ അടിക്കുറിപ്പായി പങ്കുവെച്ചത്. ആറു കോടി പേര്‍ ഫോളോ ചെയ്യുന്ന പേജില്‍ ആഴ്ചകള്‍ക്ക് മുമ്പ് മറ്റൊരു പോസ്റ്റും ഫിഫ മലയാളത്തില്‍ പങ്കുവെച്ചിരുന്നു.

പത്താം നമ്പറില്‍ വിസ്മയമായി മാറിയ ഡീഗോ മറഡോണ (അര്‍ജന്റീന), സിനദിന്‍ സിദാന്‍ (ഫ്രാന്‍സ്), റൊണാള്‍ഡീന്യോ (ബ്രസീല്‍), ലയണല്‍ മെസ്സി (അര്‍ജന്റീന), നെയ്മര്‍ (ബ്രസീല്‍), കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്), ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ), വെയ്ന്‍ റൂണി (ഇംഗ്ലണ്ട്), മെസൂത് ഒസീല്‍ (ജര്‍മനി), ഫ്രാന്‍സിസ്‌കോ ടോട്ടി (ഇറ്റലി) എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്റിനൊപ്പമുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ 19നും ഫിഫ മലയാളത്തില്‍ പോസ്റ്റുമായി എത്തിയിരുന്നു.

Read Also: കോപ്പ അമേരിക്ക കളിക്കാന്‍ നെയ്മറില്ല; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

2022 ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി കോഴിക്കോട്ടെ പുള്ളാവൂര്‍ പുഴയുടെ തീരത്ത് മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. അന്ന് ഇത് ഫിഫ പോസ്റ്റ് ചെയ്തിരുന്നെങ്കിലും യൂറോ, കോപ്പ ടൂര്‍ണമെന്റുകളുടെ പശ്ചാത്തലത്തില്‍ ‘മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ ഇവര്‍ മൂന്നു പേരും ആണെന്റെ ഹീറോസ്, ആരാണ് നിങ്ങളുടെ ഹീറോ?’ എന്ന അടിക്കുറിപ്പോടെ വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനടയിലും കാല്‍പ്പന്തുകളിക്കമ്പക്കാരായ മലയാളികള്‍ കമന്റുകളുമായി നിറഞ്ഞിരുന്നു. ഇപ്പോള്‍ പുതിയതായി ഇട്ട പോസ്റ്റിനടിയിലും നിറയെ മലയാളത്തില്‍ ഉള്ള കമന്റുകള്‍ കാണാം.

‘ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഞങ്ങളുടെ ഇന്ത്യയെ വേള്‍ഡ് കപ്പില്‍ കളിപ്പിക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ?’, ‘അഡ്മിന്‍ നാട്ടില്‍ എവിടെയാ’, ‘അഡ്മിന്‍ അണ്ണാ.. കോപ്പ അമേരിക്ക ലൈവ് ടെലികാസ്റ്റിനു എന്തേലും വഴിയൊരുക്കാവോ’, ‘ഏതോ മലയാളി ഇതിന്റെ കൊമ്പത്തും എത്തി’, തുടങ്ങിയ കമന്റുകളാണ് എഫ്.ബി പോസ്റ്റിനടിയില്‍ ഉള്ളത്. മലയാളത്തില്‍ തരംഗമായി മാറിയ ആവേശം സിനിമയിലെ ‘ഇല്ലുമിനാറ്റി’ ഗാനത്തിലെ വരികള്‍ തന്നെ ഉപയോഗിച്ച് പോസ്റ്റിടണമെങ്കില്‍ അതിന്റെ തലപ്പത്തും മലയാളി എത്തി എന്നതാണ് എന്ന തരത്തിലുള്ള കമന്റും ഒരാള്‍ പങ്കുവെച്ചിട്ടുണ്ട്.

Story Highlights : FIFA face book post about legendary players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top