‘ധന – ആരോഗ്യ വകുപ്പുകൾ സമ്പൂർണ പരാജയം’; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം

ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം. ജനങ്ങളുമായി കൂടുതൽ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനം പോരെന്നും തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായത് വകുപ്പുകളുടെ പരാജയമാണെന്നും വിമർശനം ഉയർന്നു. അതേസമയം യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ കാര്യമായ വിമർശനമില്ല. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സിപിഐഎമ്മിന്റെ പൊതുസമീപനത്തിന് എതിരാണ് എംഎൽഎമാരുടെ അഭിപ്രായം. ധന – ആരോഗ്യ വകുപ്പുകൾ സമ്പൂർണ പരാജയമാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
ഇതിനിടെ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് എംഎൽഎമാർ രംഗത്തെത്തി. മലബാറിൽ വോട്ട് കുറഞ്ഞത് വെള്ളാപ്പള്ളി കാരണമാണോയെന്ന് എച്ച് സലാം എംഎൽഎ ചോദിച്ചു. സലാമിന്റെ അഭിപ്രായത്തെ പിന്തുണച്ച് പി പി ചിത്തരഞ്ജൻ എംഎൽഎയും രംഗത്തെത്തി. കെസി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആലപ്പുഴയിൽ ശോഭാസുരേന്ദ്രൻ വിജയിക്കുമായിരുന്നു. ആരിഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമായിരുന്നു. എഎം ആരിഫ് ദുർബല സ്ഥാനാർത്ഥിയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു. ആരിഫിന്റെ സ്ഥാനാർത്ഥിത്തത്തോടെ തോൽവിയുടെ പ്രഹരം കൂടി. ആലപ്പുഴയിൽ തോമസ് ഐസക് മത്സരിക്കണമായിരുന്നു. ജി സുധാകരനെ പോലെയുള്ളവരെ അനുനയിപ്പിക്കണമായിരുന്നു. തോൽവിയിൽ വെള്ളാപ്പള്ളിക്ക് പങ്കില്ല.അടിസ്ഥാന വർഗം വിട്ടു നിന്നുവെന്ന് നേരത്തെ തന്നെ വെള്ളാപ്പള്ളി സൂചന നൽകിയിരുന്നു. ഇനിയും വെള്ളാപ്പള്ളിയെ പിണക്കേണ്ടതില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
വെള്ളാപ്പള്ളി ഇടതുപക്ഷത്തോടൊപ്പമാണെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തൽ.
ഈഴവ വോട്ടുകൾ മാത്രമല്ല നഷ്ടമായത്. മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും കയർ തൊഴിലാളികളും ഉൾപ്പടെ അടിസ്ഥാന വർഗം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തു നിന്ന് അകന്നു.
തെരഞ്ഞെടുപ്പ് ദിവസത്തെ ജാവദേക്കറെ കണ്ടെന്ന ഇ പി ജയരാജന്റെ പ്രതികരണം ബിജെപിക്ക് ഗുണം ചെയ്തുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. സജി ചെറിയാന്റെ സാന്നിധ്യത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നത്. നാളെ ജില്ലാ കമ്മിറ്റി യോഗം ചേരും.
Story Highlights : Severe criticism against ministers in CPIM Alappuzha District Secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here