Advertisement

‘നുണകൾക്ക് മേലെ പണിത ജീവിതം’, സത്യം വെളിപ്പെടുത്തി കുറിപ്പ്; അമേരിക്കയിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിക്ക് മടക്ക ടിക്കറ്റ്

June 28, 2024
2 minutes Read
Lehigh University

അമേരിക്കയിൽ നിന്ന് ഇന്ത്യാക്കാരനായ വിദ്യാർത്ഥിയെ മടക്കി അയക്കാൻ തീരുമാനം. പെൻസിൽവാനിയയിലെ ബെത്ലഹേമിലുള്ള ലെഹിഗ് സർവകലാശാല വിദ്യാർത്ഥിയായ 19 കാരൻ ആര്യൻ ആനന്ദാണ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. അച്ഛൻ്റെ മരണമടക്കം വ്യാജ സാക്ഷ്യപത്രങ്ങൾ ഹാജരാക്കിയെന്നതാണ് കുറ്റം. നുണകൾക്ക് മേലെ താൻ പണിത ജീവിതം എന്ന പേരിൽ ആനന്ദ് തന്നെ റെഡ്ഡിറ്റിലെഴുതിയ കുറിപ്പാണ് ഇപ്പോൾ അദ്ദേഹത്തിന് തന്നെ വിനയായത്. സർവകലാശാലയിൽ സ്കോളർഷിപ്പ് മുഴുവനായി കിട്ടാനായിരുന്നു തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.

സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആര്യൻ ആനന്ദ്. അച്ഛൻ്റെ മരണം സംബന്ധിച്ച് ആര്യൻ സർവകലാശാലയിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയതോടെ ആനന്ദിൻ്റെ അഡ്മിഷൻ യൂണിവേഴ്സിറ്റി പിൻവലിച്ചു. സംഭവം പൊലീസ് കേസായി കോടതിയിലുമെത്തി. രേഖകൾ വ്യാജമായി നിർമ്മിച്ചുവെന്നും തെറ്റായ സാമ്പത്തിക രേഖകൾ ഹാജരാക്കിയെന്നും അച്ഛൻ്റെ മരണ സർട്ടിഫിക്കറ്റുണ്ടാക്കി അനർഹമായ ആനുകൂല്യം തട്ടിയെന്നുമടക്കം ആര്യനെതിരെ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജൂൺ 12 ന് നടന്ന വിചാരണയിൽ കോടതിയിൽ ആനന്ദ് കുറ്റം സമ്മതിച്ചു. ഇതോടെ നോർത്താംപ്റ്റൺ കൗണ്ടി കോടതി ഒന്ന് മുതൽ മൂന്ന് മാസം വരെ തടവിനും 85000 ഡോളർ (70 ലക്ഷം രൂപ) പിഴയടക്കാനും ശിക്ഷിച്ചു. യൂണിവേഴ്സിറ്റിയെ കബളിപ്പിച്ചതിന് നഷ്ടപരിഹാരമായി നൽകേണ്ടതായിരുന്നു പിഴത്തുക. എന്നാൽ പണം വേണ്ടെന്ന് സർവകലാശാല വ്യക്തമാക്കി.

ഏപ്രിൽ 30 നാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്. റെഡ്ഡിറ്റിൽ തൻ്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ആനന്ദ് വിശദമായി കുറിപ്പിട്ടിരുന്നു. അതിൽ ഞാൻ നുണകൾ കൊണ്ട് പണിതെടുത്ത എൻ്റെ ജീവിതവും കരിയറും എന്നാണ് ഇംഗ്ലീഷിൽ തലക്കെട്ട് നൽകിയത്. പോസ്റ്റ് ശ്രദ്ധയിൽപെട്ട റെഡ്ഡിറ്റ് മോഡറേറ്റർ ആനന്ദിൻ്റെ പ്രൊഫൈൽ പരിശോധിച്ചു. ലെഹിഗ് സർവകലാശാലയെ മാത്രം ഫോളോ ചെയ്തിരുന്ന ആനന്ദിൻ്റെ പ്രൊഫൈലിലെ വിവരങ്ങളും പോസ്റ്റും കൂട്ടിവായിച്ച മോഡറേറ്റർ വിവരം സർവകലാശാലയെ അറിയിക്കുകയായിരുന്നു. ഇയാളുടെ നടപടി മാതൃകാപരമെന്ന് വിശേഷിപ്പിച്ച കോടതിയും അന്വേഷണ സംഘവും അഭിനന്ദനവും അറിയിച്ചു.

Story Highlights : US to deport Indian student as Reddit exposes his fake story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top