‘മൗനം വിദ്വാന് ഭൂഷണം’; മനു തോമസിന്റെ ആരോപണങ്ങളോട് ഒന്നും പറയാനില്ലെന്ന് പി ജയരാജൻ

മനു തോമസിന്റെ ആരോപണങ്ങളോട് ഒന്നും പറയാനില്ലെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. മനു തോമസിന്റെ ആരോപണങ്ങൾ സംബന്ധിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് മൗനം വിദ്വാന് ഭൂഷണം എന്നായിരുന്നു പി ജയരാജൻ മറുപടി നൽകിയത്. വിഷയത്തിൽ ജില്ലാ സെക്രട്ടറി എംവി ജയരാജനും പ്രതികരിച്ചില്ല.
പാർട്ടി വിട്ട മനു തോമസ് ഗുരുതര ആരോപണങ്ങളായിരുന്നു പി ജയരാജനെതിരെയും സിപിഐഎമ്മിനെതിരെയും ഉന്നയിച്ചത്. പി ജയരാജനെതിരെ മനു തോമസ് കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും സിപിഐഎം നേതൃത്വം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മനു തോമസ് മെമ്പർഷിപ്പ് പുതുക്കാത്തതിനാലുള്ള സ്വാഭാവിക നടപടിയായാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്തുപോയതെന്നാണ് മുൻപ് കണ്ണൂരിലെ സിപിഐഎം നേതൃത്വം പറഞ്ഞിരുന്നത്.
ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങൾക്ക് പാർട്ടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങൾ പാർട്ടിയിൽ നിന്ന് പുറത്തുവന്ന ശേഷം മനു തോമസ് ഉന്നയിച്ചിരുന്നു.അർജുൻ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കുമൊക്കെ ഒരുഘട്ടത്തിൽ പാർട്ടിയിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന് മനു തോമസ് വെളിപ്പെടുത്തിയിരുന്നു. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല വൈകൃതമായിരുന്നുവെന്ന് മനു തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. കണ്ണൂരിൽ ഇപ്പോഴും അധോലോക സംവിധാനമുണ്ടെന്നും സംഘടനാ ബന്ധങ്ങൾ ചിലർ തെറ്റായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും മനു തോമസ് പറഞ്ഞിരുന്നു.
Story Highlights : P Jayarajan says he has nothing to say on Manu Thomas allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here