ഒരു ഊമക്കത്തിലൂടെ വെളിപ്പെട്ടത് 15 വര്‍ഷം മുന്‍പത്തെ ക്രൂരകൊലപാതകം; സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ചത് നിര്‍ണായക തെളിവുകള്‍; മാന്നാറിലെ കല കൊല്ലപ്പെട്ടുവെന്ന് പൊലീസ്

ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി കണ്ടെത്തല്‍. ഭര്‍ത്താവ് അനില്‍കുമാര്‍ കലയെ കൊന്നു വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ കുഴച്ചുമൂടിയെന്നാണ് അന്വേഷണ സംഘത്തിന് ലഭ്യമായ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരമത്തുരിലെ അനില്‍കുമാറിന്റെ വീട്ടില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന ചിലത് പൊലീസ് കണ്ടെത്തി. (Mannar young woman kala murdered police confirms)
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യുവതിയെ കാണാതായ കേസില്‍ സത്യങ്ങള്‍ പുറംലോകത്തേക്ക് എത്തുന്നത് ഒരു ഊമ കത്തിന്റെ രൂപത്തിലാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരമത്തൂരില്‍ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന 26 കാരി കൊല്ലപ്പെട്ടു എന്നായിരുന്നു ഉള്ളടക്കം. കൊലപ്പെടുത്തിയ രീതിയും , പങ്കുള്ളവരുടെ പേരുകളും ഉള്‍പ്പടെ വിശദമായി കത്തില്‍ ഉണ്ടായിരുന്നു.തുടര്‍ന്ന് അതീവ രഹസ്യമായി അമ്പലപ്പുഴ പൊലീസിനെ കേസ് അന്വേഷിക്കാന്‍ ഏല്‍പ്പിച്ചു.
മഫ്തിയില്‍ ഉള്ള അന്വേഷണ സംഘം രഹസ്യമായി വിവരങ്ങള്‍ തേടുന്നുണ്ടെന്ന് അറിഞ്ഞ് കൊലപാതക വിവരം അറിയാമായിരുന്ന ബന്ധുക്കള്‍ ഇസ്രായേലില്‍ ഉള്ള അനില്‍കുമാറിനെ വിവരം അറിയിച്ചു .. തുടര്‍ന്ന് അനില്‍കുമാറിന്റെ അടുത്ത ബന്ധുക്കള്‍ അടക്കം 5 പേരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് രഹസ്യങ്ങളുടെ ചുരുളഴിയുന്നത് . ആര്‍ഡിഒയുടെ അനുമതി തേടി ഫോറന്‍സിക് വിഭാഗവുമായി ചേര്‍ന്ന് അനില്‍കുമാറിന്റെ വീടിന്റെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തി. ഇത് ശാസ്ത്രീയ പരിശോധനകള്‍ക്ക് വി?ധേയമാക്കും.ഇതിന് പുറമെ ക്ലിപ്പും ,വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയതായാണ് വിവരം.
കലയെ അനില്‍കുമാറിന്റെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടതായി കസ്റ്റഡിയില്‍ ഉള്ളവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട് . കഴുത്തില്‍ തുണി ഉപയോഗിച്ച് മുറുക്കി ആണ് കൊലപാതകമെന്നാണ് വിവരം .മറവ് ചെയ്യാന്‍ സഹായം നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് കസ്റ്റഡിയില്‍ ഉള്ള ബന്ധുക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചു. .സുരേഷ് ,ജിനു രാജന്‍ ,പ്രമോദ് ,സന്തോഷ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്.രണ്ട് സമുദായത്തില്‍പ്പെട്ട കലയും അനില്‍കുമാറും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഇതില്‍ ഒരു മകനുമുണ്ട് കലയെ കാണാതായപ്പോള്‍ സ്വര്‍ണവും മറ്റുമായി ഒളിച്ചോടി പോയെന്നായിരുന്നു പ്രചാരണം.അതുകൊണ്ട് തന്നെ കലയുടെ ബന്ധുക്കള്‍ പരാതി നല്‍കിയില്ല.
രണ്ട് മാസത്തിനുള്ളില്‍ അനില്‍കുമാര്‍ പുനര്‍വിവാഹം കഴിക്കുകയും ചെയ്തു. പുനര്‍വിവാഹം അടക്കമുള്ള കാര്യങ്ങളെ കുറിച്ച് പൊലീസ് പരിശോധിച്ചു വരികയാണ്.പാലക്കാട് സ്വദേശിക്ക് ഒപ്പം പോയെന്നു പറയപ്പെടുന്ന കലയെ എറണാകുളത്ത് വച്ച് അനില്‍കുമാര്‍ കൂടെ കൂട്ടുക ആയിരുന്നു. വാടകയ്ക്ക് കാര്‍ എടുത്താണ് കലയെ കൂട്ടാനായി പോയത്.. യാത്രാമധ്യേ തുണി ഉപയോഗിച്ചു കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. കലയെ ഒളിപ്പിച്ചു വെച്ച ശേഷം പാലക്കടേക്ക് ഒളിച്ചോടി പോയെന്നു അനില്‍ കുമാര്‍ ബോധ പൂര്‍വം കഥ സൃഷ്ടിച്ചതനൊന്നും പൊലീസ് സംശയിക്കുന്നു .മൃതദേഹം കാറില്‍ കണ്ട ദൃക്സാക്ഷിയുണ്ടെന്നാണ് വിവരം. കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. അനില്‍ കുമാറിനെ നാട്ടിലെത്തിക്കാനും ഉടന്‍ തന്നെ ശ്രമം നടത്തും.
Story Highlights : Mannar young woman kala murdered police confirms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here