Advertisement

അട്ടപ്പാടിയിലെ ഭിന്നശേഷിക്കുട്ടികള്‍ക്ക് ഇനി സ്വന്തമായി വീട്; എംഎ യൂസഫലിക്ക് നന്ദി പറഞ്ഞ് സജി-ബിസ്‌ന ദമ്പതികള്‍

July 4, 2024
Google News 4 minutes Read
Lulu Group chairman M. A. Yusuff Ali give 15 lakhs to homeless couple in Attappadi

ഭിന്നശേഷിക്കാരായ കുട്ടികളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്ന ആശങ്ക ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സജി-ബിസ്‌ന ദമ്പതികള്‍. ഈ കുട്ടികള്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്നം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി യാഥാര്‍ത്ഥ്യമാക്കി. വീട് വാങ്ങാനാവശ്യമായ 15 ലക്ഷം രൂപയുടെയും കുട്ടികളുടെ ദൈനംദിന ചെലവിനായി 5 ലക്ഷം രൂപയുടെയും ചെക്ക് എംഎ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ സജിബിസ്‌ന ദമ്പതികള്‍ക്ക് കൈമാറി. (Lulu Group chairman M. A. Yusuff Ali give 15 lakhs to homeless couple in Attappadi)

അട്ടപ്പാടി മുക്കാലി സ്വദേശികളായ സജിയും ബിസ്‌നയും 26 ഭിന്നശേഷിക്കുട്ടികള്‍ക്കാണ് ദയശ്രേയ ചാരിറ്റബിള്‍ റീഹാബിലേഷന്‍ സൊസൈറ്റിയിലൂടെ തണലേകുന്നത്. വിവാഹശേഷം കുട്ടികള്‍ ഇല്ലാതിരുന്ന ഇവര്‍ പ്രത്യേക പരിചരണം ആവശ്യമായ ഭിന്നശേഷിക്കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുകയാണ്. കേരളത്തിന്റെ വിവിധയിടങ്ങളിലുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് സജിയും ബിസ്‌നയുമാണ് ഇപ്പോള്‍ അച്ഛനും അമ്മയും. ഇവരുടെ ചെലവും വീട്ടു വാടകയും സാധാരണക്കാരായ ഈ ദമ്പതികള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് ആദ്യം താമസിച്ചിരുന്ന വാടക കെട്ടിടത്തില്‍ നിന്ന് ഇവര്‍ക്ക് ഇറങ്ങേണ്ടി വന്നു. പിന്നീടാണ് അട്ടപ്പാടി മുക്കാലിയിലെ ഈ വീട്ടിലേക്ക് ഇവര്‍ മാറിയത്. ഈ വീടുമായി കുട്ടികള്‍ നല്ല അടുപ്പമാണ് പുലര്‍ത്തിയിരുന്നത്. ഇതിനിടെ ആറ് മാസത്തിനകം വീട് വില്‍ക്കുമെന്ന് ഉടമസ്ഥന്‍ അറിയിച്ചതോടെ കുട്ടികളുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലായി ഈ ദമ്പതികള്‍.

Read Also: പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

നാട്ടുകാരുടെ സഹായത്തോടെ നാല് ലക്ഷം രൂപ സംഘടിപ്പിക്കാനായെങ്കിലും വീട് സ്വന്തമാക്കണമെങ്കില്‍ 15 ലക്ഷം രൂപ കൂടി ആവശ്യമായിരുന്നു. ദൈനംദിന ചെലവിന് തന്നെ ബുദ്ധിമുട്ടുന്നതിനിടെ ഇത്രയും വലിയ തുക എങ്ങനെ സ്വരൂപിക്കുമെന്ന ആശങ്കയിലായിരുന്നു ഇവര്‍. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി നാട്ടില്‍ വരുന്നുണ്ടെന്ന് ആരോ പറഞ്ഞത് വിശ്വസിച്ച് ഇവര്‍ നാട്ടികയിലെത്തി ഒരു ദിവസം കാത്തുനിന്നെങ്കിലും നിരാശരായി. ഇതിനിടെയാണ് ദയശ്രേയ ചാരിറ്റബിള്‍ റീഹാബിലേഷന്‍ സൊസൈറ്റിയുടെ അവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ എംഎ യൂസഫലിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനടി തന്നെ ഈ കുട്ടികളുടെ സങ്കടം പരിഹരിക്കണമെന്ന് എംഎ യൂസഫലി ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍ബി സ്വരാജ്, ലുലു പാലക്കാട് ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജയേഷ് നായര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ഹരികൃഷ്ണന്‍ എസ് എന്നിവര്‍ ചേര്‍ന്ന് അട്ടപ്പാടി മുക്കാലിയിലെ ഇവരുടെ വീട്ടിലെത്തി 20 ലക്ഷം രൂപയുടെ ചെക്കുകള്‍ കൈമാറി. നിറകണ്ണുകളോടെ എംഎ യൂസഫലിക്ക് നന്ദി പറയുകയാണ് ഈ കുരുന്നുകളും ഇവരുടെ മാതാപിതാക്കളായി മാറിയ സജിബിസ്‌ന ദമ്പതികളും.

Story Highlights : Lulu Group chairman M. A. Yusuff Ali give 15 lakhs to homeless couple in Attappadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here