Advertisement

എം.എ.യൂസഫലിയുടെ വിഷുകൈനീട്ടം: കാഴ്ചപരിമിതി നേരിടുന്ന ജയ്സമ്മക്കും മകൾക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം

April 14, 2025
Google News 2 minutes Read

ജീവിതദുരിതങ്ങളോട് പടവെട്ടി തോറ്റ വീട്ടമ്മയ്ക്കും മകൾക്കും ഇനി അടച്ചുറപ്പുള്ള പുതിയ വീട്ടിൽ അന്തിയുറങ്ങാം. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടലോടെയാണ് തൃശൂർ വരടിയം അംബേക്കർ സ്വദേശിയായ ജെയ്സമ്മ മാത്യുവിനും എട്ടാം ക്ലാസുകാരി മകൾക്കും വിഷുപ്പുലരിയിൽ കൈനീട്ടമെത്തുന്നത്. അന്ധയായ ജയ്സമ്മയും മകളും ലോട്ടറിവിറ്റാണ് ജീവിതം കഴിയുന്നത്. ഇവരുടെ ജീവിത ദുരിതത്തിന്റെ വാർത്ത കഴിഞ്ഞ ദിവസം ലണ്ടനിൽ വെച്ച് ലുലു ​ഗ്രൂപ്പ് ചെയർമാന്റെ ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തിന് സഹായം ഒരുങ്ങിയത്.

ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിഞ്ഞശേഷം ജയ്സമ്മയുടെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്ത് അടച്ചുറപ്പുള്ള വീട് പണിയാൻ എം.എ യൂസഫലി നിർദേശം നൽകുന്നത്. ലുലു ഗ്രൂപ്പ് ഇന്ത്യ പ്രൊജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു ഐ ടി-സൈബർ പാർക്ക് ഡയറക്ടർ ആൻഡ് സിഇഒ അഭിലാഷ് വലിയ വളപ്പിൽ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എന്നിവരുടെ നേതൃത്വത്തിൽ ജയ്സമ്മയുടെ വീട് സന്ദർശിക്കുകയും വീടിന്റെ നിലവിലെ അവസ്ഥ പരിശോധിക്കുകയും ചെയ്തു. കട്ടളയും ജനാലയും മേൽക്കൂരയും അടക്കം തകർന്നു വീഴറായാ നിലയിലാണ് വീടിന്റെ അവസ്ഥ. പുതിയ വീട് നിർമ്മാണം ഉടൻ തുടങ്ങുമെന്ന് ലുലു ഗ്രൂപ്പ് പ്രതിനിധികൾ പറഞ്ഞു.

കാഴ്ചപരിമിതി നേരിടുന്ന ജെയ്സമ്മയുടെ കണ്ണും കരളുമായി മകൾ എപ്പോഴും കൂട്ടുണ്ട്. രാവിലെ ശക്തൻ സ്റ്റാൻഡിൽ ലോട്ടറി വിൽക്കാൻ എത്തുക ജയ്സമ്മ തനിച്ചല്ല പകരം മകളുടെ കയ്യും പിടിച്ചാണ് എത്തുക. കാഴ്ചപരിമിതി മാത്രമല്ല വലതു കൈയ്ക്കു ബലഹീനതയുമുണ്ട്. റോഡരികിൽ ഇരുന്ന് ലോട്ടറി വിൽക്കാൻ മകളാണ് ഏക സഹായം. അമ്മയെ സുരക്ഷിതമായി ന​ഗരത്തിൽ എത്തിച്ചിട്ടേ സ്കൂളിൽ പോലും മകൾ നീരജ പോകാറുള്ളു. മൂന്നാം വയസിൽ പോളിയോയ്ക്കൊപ്പം കണ്ണിന് അന്ധതയും തളർത്തിയതാണ് ജെയ്സമ്മയെ. വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളായെങ്കിലും ആ ദാമ്പത്യ ബന്ധം തകർച്ചയിലെത്തി. മകളേയും ജയ്സമ്മയേയും ഒഴിവാക്കി ഭർത്താവ് മൂത്തമകനേയും കൂട്ടി പോയതോടെ ജീവിതം വീണ്ടും കൂരിരുട്ടിലായി.

തുടർന്നാണ് ലോട്ടറി കച്ചവടത്തിനൊപ്പം മറ്റൊരു ഉപജീവനമായത്. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന താത്കാലിക ജോലി 2008 മുതൽ ജയ്സമ്മക്ക് ആശ്വാസമാണ്. പകൽ സ്കൂളിലെ ജോലിയും പിന്നീട് ലോട്ടറി കച്ചവടവുമാണ് വരുമാനം. ഉള്ളതെല്ലാം സ്വരുക്കൂട്ടി വീടും വസ്തുവും വാങ്ങിയെങ്കിലും ഇടിഞ്ഞുവീഴാറായ വീട്ടിൽ അന്തിയുറങ്ങാൻ കഴിയാതെയും വന്നു. തുടർന്ന് വാടക വീട്ടിലേക്ക് മാറുകയായിരുന്നു. വീടിന്റെ വാടക ഇനത്തിൽ 6500 രൂപ മാസം കൊടുക്കണം. ഇതോടെയാണ് ജെയ്സമ്മയുടെ കഷ്ടത വാർത്തയായത്.

Story Highlights : M.A. Yusuff Ali with help for Jaysamma and her daughter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here