‘നഷ്ടമായത് ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ട ജനനേതാവിനെ’; എം.എ. യൂസഫലി

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊണ്ടിരുന്ന ഒരു ജനനേതാവിനെയാണ് നഷ്ടമായതെന്ന് എം.എ. യൂസഫലി പറഞ്ഞു. തൻ്റെ സഹോദരതുല്യനായ സഖാവ് വി.എസ്സിൻ്റെ വേർപാട് താങ്ങാനുള്ള കരുത്ത് കുടുംബാംഗങ്ങൾക്കും കേരള സമൂഹത്തിനും ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നുവെന്ന് എംഎ യൂസഫലി പ്രസ്താവനയിൽ അറിയിച്ചു.
വി.എസ്സുമായി വളരെ അടുത്ത സ്നേഹബന്ധമാണ് താൻ വെച്ചു പുലർത്തിയിരുന്നത്. 2017-ൽ യു.എ.ഇ. സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ എന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഒരു ഓർമ്മയായി ഇന്നും താൻ ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്ന് എംഎ യൂസഫലി പറയുന്നു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചെയർമാനായിരുന്ന അദ്ദേഹത്തോടൊപ്പം ഡയറക്ടർ ബോർഡംഗമായി അഞ്ച് വർഷം എനിക്ക് അടുത്ത് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും അടുത്ത് ഇടപഴകാൻ ഒട്ടേറെ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അതോടൊപ്പം കേരളത്തിലെ എൻ്റെ ആദ്യത്തെ സംരംഭമായ തൃശൂർ ലുലു കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹമെത്തിയത് എനിക്ക് ഒരിക്കലും മറക്കാൻ സാധ്യമല്ല. ചെളിയിൽ നിന്നും വിരിയിച്ച താമര എന്നായിരുന്നു കൺവെൻഷൻ സെന്ററിനെപ്പറ്റി അദ്ദേഹം അന്ന് പരാമർശിച്ചത്. ബോൾഗാട്ടി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായപ്പോൾ സത്യസന്ധനായ കച്ചവടക്കാരൻ എന്നായിരുന്നു അദ്ദേഹം എന്നെപ്പറ്റി പറഞ്ഞതെന്ന് യൂസഫലി ഓർത്തെടുക്കുന്നു.
Read Also: ഒളിവ് ജീവിതവും ലോകകപ്പ് മർദ്ദനവും; പീഡനങ്ങളുടെ തീച്ചുളയിലൂടെ കടന്നുവെന്ന വിഎസ്
തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിയെപ്പറ്റി അവിടെപ്പോയി മകൻ അരുൺ കുമാറിനോടും മറ്റ് ബന്ധുക്കളോടും അന്വേഷിക്കുകയും ചെയ്തിരുന്നുവെന്ന് എം.എ. യൂസഫലി പറഞ്ഞു.
Story Highlights : Lulu Group Chairman M.A. Yusuffali condoles demise of V.S. Achuthanandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here