Advertisement

ഫിഫ വേൾഡ് കപ്പ് പേജിൽ എംബാപ്പേയുടെ വീഡിയോയിൽ കിളിയേ കിളിയേ പാട്ട്: ശുദ്ധ മലയാളം! അഡ്മിൻ മലയാളിയല്ല, ട്വിസ്റ്റ്

July 4, 2024
Google News 4 minutes Read

ഡേയ് അളിയാ… നാട്ടിൽ എവിടെയാ…?- ഫിഫയുടെ വേൾഡ് കപ്പ് ഇൻസ്റ്റഗ്രാം പേജിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പേയുടെ ഒരു വീഡിയോക്ക് താഴെ വന്ന ഒരു കമൻ്റാണത്. അതിന് കാരണമായതോ കിളിയേ കിളിയേ എന്ന മലയാളം പാട്ട് പശ്ചാത്തലമാക്കിയുള്ള എംബാപ്പേയുടെ വീഡിയോയും. ഇതിനോടകം 40 ലക്ഷം പേർ കണ്ടുകഴിഞ്ഞ വീഡിയോക്ക് താഴെ, പേജ് മാനേജ് ചെയ്യുന്ന അഡ്മിൻ കേരളത്തിൽ നിന്നുള്ള മലയാളിയാണെന്ന് ഉറപ്പിച്ചാണ് കമൻ്റുകൾ നിറയുന്നത്.

കാൽപ്പന്ത് കൊണ്ട് സംഗീതം പൊഴിക്കുന്ന എംബാപ്പേയുടെ തകർപ്പൻ പ്രകടനങ്ങൾക്ക് കിളിയേ കിളിയേ എന്ന ഗാനം പശ്ചാത്തലമൊരുക്കുമ്പോൾ മലയാളിക്കുണ്ടാകുന്ന അനുഭൂതി വിവരിക്കാൻ വാക്കുകളില്ലാതെ വരും. എങ്കിലും അതിനോളം തന്നെ ഫുട്ബോൾ പ്രേമികളെ സന്തോഷിപ്പിച്ച കാര്യമാണ് ഫിഫ വേൾഡ് കപ്പ് ഔദ്യോഗിക പേജിന് പിന്നിൽ മലയാളിയുമുണ്ടെന്ന തോന്നൽ. 5.7 ലക്ഷത്തിലേറെ പേരാണ് ഇതിനോടകം വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.

‘മലയാളീസ് ഇത് നമ്മുടെ വിജയം 💪🏻’, ‘ഏതോ മലയാളിക്ക് page നോക്കാൻ കൊടുത്തിട്ടുണ്ട് ‘, ‘ഇവർ ഇപ്പൊ ഫുൾ മലയാളം ആയിക്കണല്ലോ’, ‘ദേ വീണ്ടും മലയാളം അഡ്മിൻ നമ്മുടെ ആൾ തന്നെ’, ‘മലപ്പുറത്ത് നിന്ന് ആരോ അഡ്മിൻ പാനലിൽ കേറിയിട്ടുണ്ട്’, ‘എടാ അഡ്മിനെ നീ മലയാളി അല്ലേട’, ‘എവിടെപ്പോയാലും ഉണ്ടാവും ഒരു മലയാളി’, ‘മലപ്പുറത്ത് എവിടെ?’ – അങ്ങനെ പോകുന്നു കമൻ്റുകൾ. 1983 ൽ പുറത്തിറങ്ങിയ ആ രാത്രി എന്ന സിനിമക്ക് വേണ്ടി പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് ഇളയരാജ സംഗീതം പകർന്ന് എസ്.ജാനകി ആലപിച്ച ഗാനമാണ് കിളിയേ കിളിയേ എന്നത്. ഇക്കാര്യവും പലരും കമൻ്റുകളിൽ എഴുതിയിട്ടുണ്ട്.

എന്നാൽ കിളിയേ കിളിയേ പാട്ട് ചേർത്ത് ഈ വീഡിയോ ഇട്ടത് മലയാളിയായ അഡ്മിൻ ഉള്ളത് കൊണ്ടല്ല. മറിച്ച് ഫുട്ബോളിൻ്റെ പ്രചാരം ലോകമാകെ വ്യാപിപ്പിക്കാനും അവരുടെ പേജിന് എൻഗേജ്മെൻ്റ് കൂട്ടാനും വേണ്ടി ഫിഫ അടക്കമുള്ളവർ പരീക്ഷിക്കുന്ന ഒരു തന്ത്രമാണിത്. ഫുട്ബോളിനെ സ്നേഹിക്കുന്നവർ ലോകത്തെ എല്ലാ രാജ്യങ്ങളിലുമുണ്ട്. പല സംസ്കാരങ്ങളിൽ നിന്നുള്ള പല തലമുറകളിൽ പെട്ട, പല പ്രായക്കാരായ, പല ഭാഷകൾ സംസാരിക്കുന്ന പല സംസ്കാരങ്ങളിൽ നിന്നുള്ളവരുണ്ട്. അവരോടെല്ലാം ഇംഗ്ലീഷ് എന്ന ഏക ഭാഷയിലൂടെയാണ് ഫിഫ ഇത്രകാലവും സംസാരിച്ചിട്ടുള്ളത്. എന്നാൽ പ്രാദേശിക ഭാഷകളിലൂടെ പ്രാദേശിക സംസ്കാരങ്ങളെ ചേർത്തുനിർത്തി ലോകത്തിൻ്റെ മുക്കിലും മൂലയിലുമുള്ള ഫുട്ബോൾ ആരാധകരിലേക്ക് എത്തുകയാണ് ഫിഫ ലക്ഷ്യമിടുന്നത്. ഇതിനായി തയ്യാറാക്കുന്നതാണ് ഇത്തരം റീലുകൾ. ഇതിന് പ്രാദേശിക സഹായവും തേടാറുണ്ടെന്നാണ് മുൻപ് ഫിഫയുടെ സോഷ്യൽ മാനേജറായ വിൽ കെന്നഡി പറഞ്ഞിട്ടുള്ളത്. ഇത്തരം വീഡിയോകൾ ആ ഭാഷകൾ സംസാരിക്കുന്ന, അവരുടെ ഭൂമേഖലയിൽ നിന്നുള്ളവരിലേക്ക് മാത്രമായാണ് പ്രചരിപ്പിക്കപ്പെടുന്നത്. അതാണ് എംബാപ്പേയുടെ വീഡിയോക്ക് കിളിയേ കിളിയേ എന്ന ഗാനം പശ്ചാത്തലമായി മാറാനും കാരണം.

Story Highlights : Malayalam song as BG to Mbape video on FIFA world cup instagram reel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here