ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്; കോളറ ലക്ഷണങ്ങൾ എന്തെല്ലാം?, എങ്ങനെ പ്രതിരോധിക്കാം

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതിസാരത്തിനും ശരീരത്തിന്‍റെ അത്യധികമായ നിര്‍ജലീകരണത്തിനും കാരണമാകുന്ന ബാക്ടീരിയല്‍ രോഗമാണ് കോളറ. സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ രോഗിയുടെ മരണത്തിനു വരെ ഇത് കാരണമാകാം.
വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് പ്രധാനമായും കോളറ പരത്തുന്നത്. മലിനമായ ഭക്ഷണത്തിലും ജലത്തിലുമാണ് ഈ ബാക്ടീരിയ കണ്ടു വരുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ താമസിക്കുന്നവര്‍ക്ക് കോളറ വരാനുള്ള സാധ്യത കൂടുതലാണ്.
രോഗ ലക്ഷണങ്ങള്‍
ഛര്‍ദ്ദി, അമിതമായ ക്ഷീണം, മനംമറിച്ചില്‍, കുഴിഞ്ഞ കണ്ണുകള്‍, വരണ്ട വായ, അമിത ദാഹം, വരണ്ട ചര്‍മം, മൂത്രമില്ലാത്ത അവസ്ഥ, കുറഞ്ഞ രക്തസമ്മര്‍ദം, താളം തെറ്റിയ ഹൃദയമിടിപ്പ് എന്നിവയെല്ലാം കോളറയുടെ ലക്ഷണങ്ങളാണ്.
കോളറയെന്ന ജലജന്യ രോഗം തടയുന്നതിന് ഇനി പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കാം
- പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക
- ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങള്‍ ശുചിയായി സൂക്ഷിക്കുക
- ശരിയായി പാകം ചെയ്യാത്ത കടല്‍ മത്സ്യങ്ങള്‍ ഒഴിവാക്കുക; പ്രത്യേകിച്ച് കക്കയിറച്ചി.
- കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പിട്ട് നന്നായി കഴുകുക. കൈകളുടെ ശുചിത്വം കോവിഡ് നിയന്ത്രണത്തിലെന്ന പോലെ കോളറ നിയന്ത്രണത്തിലും പ്രധാനമാണ്.
- പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനു മുന്‍പ് നന്നായി കഴുകി വൃത്തിയാക്കുക. കഴിവതും പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കുക
- ശുചിമുറികള്‍ ഇടയ്ക്കിടെ അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
Story Highlights : Signs and Symptoms of Cholera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here