കാത്തിരിപ്പിന് വിരാമം; ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേക്ക്

കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞത്തേക്കുള്ള ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ ഇന്ത്യൻ പുറംകടലിലെത്തി. രാവിലെ ഏഴരയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തും. രാവിലെ 9.15 ന് കപ്പൽ ബർത്തിൽ അടുപ്പിക്കും. വിഴിഞ്ഞം തുറമുഖത്തേക്ക് മദർഷിപ്പ് എത്തുമ്പോൾ പൂർത്തിയാകുന്നത് നാളുകൾ നീണ്ട കാത്തിരിപ്പാണ്.
വിവിധ സർക്കാരുകളുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ പലകാലങ്ങളിൽ വിഴിഞ്ഞത്ത് ഉണ്ടായിട്ടുണ്ട്. 1940കളുടെ തുടക്കത്തിലാണ് വിഴിഞ്ഞത്ത് പുതിയ തുറമുഖം എന്ന ആലോചന വരുന്നത്. അന്ന് മുൻകൈയെടുത്തത് തിരുവിതാംകൂർ ദിവാനായ രാമസ്വാമി അയ്യർ. ജനാധിപത്യ ഭരണം വന്നതോടെ ആലോചന അപ്പാടെ അവസാനിച്ചു. 1996 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ. കെ നായനാർ വീണ്ടും തുറമുഖം എന്ന ആശയം മുന്നോട്ടുവച്ചു. 2000 ത്തിൽ പദ്ധതിയെ കുറിച്ച് പഠനം ആരംഭിച്ചു. 2009-2010 വർഷം പഠനപരമ്പരകൾ നടന്നു. ഭൂവുടമ മാതൃകയിൽ പദ്ധതി ഏറ്റെടുക്കാൻ തീരുമാനമായി. 2013 ൽ കേന്ദ്രസർക്കാരിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു.
2015 യുഡിഎഫ് സർക്കാരിന്റെ കാലത്ത് കരാർ അദാനിക്ക് നൽകി. ഒടുവിൽ 2015 ഡിസംബറിൽ സ്വപ്നപദ്ധതിക്ക് നിർമ്മാണ തുടക്കം. ആയിരം ദിനങ്ങൾ കൊണ്ട് ആദ്യത്തെ കപ്പൽ വിഴിഞ്ഞത്തുമെന്ന് അന്നത്തെ പ്രഖ്യാപനം. 2017ൽ ഓഖി ചുഴലിക്കാറ്റ് നിർമ്മാണ പ്രവർത്തനങ്ങളെ പുറകോട്ടടിച്ചു. പിന്നാലെ കൊവിഡ് എത്തി. ഇതിനിടയിൽ പ്രതിഷേധങ്ങൾ ഒരുവഴിക്ക് നടന്നു.
എല്ലാത്തിനും ഒടുവിൽ 2023 ഒക്ടോബറിൽ വിഴിഞ്ഞത്തേക്കുള്ള ക്രെയിനുമായി ഷെൻഹുവാ 15 തുറമുഖത്ത് നങ്കൂരമിട്ടു. ഇപ്പോഴിതാ മദർ ഷിപ്പായ സാൻ ഫെർണ്ണാണ്ടോ എത്തുകയാണ്. അങ്ങനെ പ്രതിസന്ധികൾ പലതും കടന്നാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞം തീരമണയുന്നത്. ഇനിയുമുണ്ട് കടമ്പകൾ കുറച്ച് കൂടി.
Story Highlights : San Fernando, the first mothership to reach Vizhinjam Port
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here