Advertisement

‘മാലിന്യനീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നത് സങ്കടകരം’; വി ഡി സതീശൻ

July 14, 2024
Google News 1 minute Read

തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ വീണ ആളെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമം വിജയത്തില്‍ എത്തട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നഗരത്തിലെ മുഴുവന്‍ മാലിന്യവുമാണ് അവിടെ അടിഞ്ഞു കൂടിയിരിക്കുന്നത്.

നിലവില്‍ സ്‌കൂബാ ഡൈവിങ് ടീമും റോബോട്ട്‌സും അവിടെ എത്തുകയും മാലിന്യങ്ങള്‍ ടണ്‍ കണക്കിന് നീക്കം ചെയ്തിട്ടുമുണ്ട്. ഇതിനെല്ലാം ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നു എന്നത് സങ്കടകരമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

മഴക്കാല പൂര്‍വ ശുചീകരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തദ്ദേശ മന്ത്രി പരിഹസിക്കുകയായിരുന്നു. അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് പ്രതിപക്ഷത്തെ പരിഹസിച്ച തദ്ദേശ മന്ത്രിയോട് ചോദിക്കാനുള്ളത്, നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു ഇത്ര നാള്‍ എന്നതാണ്.

റെയില്‍വെയും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കമാണെന്നാണ് പറയുന്നത്. റെയില്‍വെ പറയുന്നു കോര്‍പറേഷന്‍ ചെയ്യണമെന്ന്. കോര്‍പറേഷന്‍ പറയുന്നു റെയില്‍വെയാണ് ചെയ്യേണ്ടതെന്ന്. റെയില്‍വെയും കോര്‍പറേഷനും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതു പരിഹരിക്കാനല്ലേ ഒരു സര്‍ക്കാരുള്ളത്. രണ്ട് കൂട്ടരുടെയും യോഗം വിളിച്ച് പരിഹാരത്തിന്‍ മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയാറായില്ല. ഈ കെടുകാര്യസ്ഥതയാണ് എല്ലായിടത്തും കാണുന്നത്.

സംസ്ഥാനത്ത് ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്. സര്‍ക്കാരും തദ്ദേശ വകുപ്പും ആരോഗ്യവകുപ്പും ഒരു ഏകോപനവുമില്ലാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്. സങ്കടകരമായ അവസ്ഥയാണ് സംസ്ഥാനത്ത്. കെടുകാര്യസ്ഥത കൊണ്ട് നിഷ്‌ക്രിയമായ ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനം സാധാരണക്കാരന്റെ ജീവിതത്തെ എത്രത്തോളം ദുസഹമാക്കിയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ കാണുന്നത്.

തിരുവനന്തപുരം നഗരത്തിലെ ഒരു പ്രദേശത്ത് പത്ത് ദിവസമാണ് വെള്ളം കെട്ടിക്കിടന്നത്. മഞ്ഞപ്പിത്തവും കോളറയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പകരുകയാണ്. മന്ത്രി അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് മറുപടി പറയുമ്പോള്‍ ആ അലക്കിത്തേപ്പ് ഇവിടെയില്ല. ഇവിടെ മാലിന്യക്കൂമ്പാരമാണ്. റെയില്‍വെയുടെ മാത്രം മാലിന്യമല്ല ആമയിഴഞ്ചാന്‍ തോട്ടിലേക്ക് എത്തുന്നത്. കേരളത്തില്‍ ഒരിടത്തും മഴക്കാല പൂര്‍വശുചീകരണം നടന്നിട്ടില്ല.

പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും ആരോഗ്യമന്ത്രി കാപ്പ കേസിലെ പ്രതിയ മാലയിട്ട് സ്വീകരിക്കുകയാണ്. വിവാദമായപ്പോള്‍ അയാള്‍ കാപ്പ കേസിലെ പ്രതിയല്ലെന്നാണ് മന്ത്രി പറയുന്നത്. അയാള്‍ കാപ്പ കേസിലെ പ്രതിയായിരുന്നു. അത് ലംഘിച്ചതിന്റെ പേരില്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ട ആളാണ്.

എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിച്ചതിന് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ആളെ വരെ മന്ത്രി മാലയിട്ട് സ്വീകരിച്ചു. കഞ്ചാവ് കേസിലെ പ്രതി ഉള്‍പ്പെടെ ക്രിമിനലുകളെ സി.പി.ഐ.എം റിക്രൂട്ട് ചെയ്യുകയാണ്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. അവര്‍ക്ക് ഒരു നിമിഷം തുടരാന്‍ അര്‍ഹതയില്ല. മന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണം.

62 ക്രിമിനലുകളെ മാലയിട്ട് സ്വീകരിച്ചിട്ടും ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ന്യായീകരിക്കുകയാണ്. പകര്‍ച്ച വ്യാധികള്‍ തടയാന്‍ നേരമില്ലാത്ത മന്ത്രിയാണ് ക്രിമിനലുകളെ സ്വീകരിക്കുന്നത്. ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുന്നതാണോ മന്ത്രിയുടെ നിലപാട്? ഡല്‍ഹിയില്‍ അഴിമതിക്കാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അവര്‍ അഴിമതി വിരുദ്ധരാകും. കേരളത്തില്‍ ക്രിമിനലുകള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നാല്‍ അവരെ വെള്ളപൂശും. രണ്ടിടത്തും ഒരേ കാര്യങ്ങളാണ് നടക്കുന്നത്.

ഞങ്ങള്‍ ജനങ്ങളിലേക്ക് പോകുകയാണ്. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ തനിനിറം എന്താണെന്ന് സാധാരണക്കാര്‍ക്ക് മുന്നില്‍ തുറന്നു കാട്ടും. ബാര്‍ കോഴയുമായി ബന്ധപ്പെട്ട സമരവുമായും യു.ഡി.എഫ് മുന്നോട്ട് പോകും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നല്‍കിയ പരാതിയിലും ഇതുവരെ കേസെടുത്തിട്ടില്ല. ആര് അഴിമതി നടത്തിയാലും പുറത്തുവരണം. ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളില്‍ ഒന്നും ചെയ്യാന്‍ നേരമില്ലാത്തവര്‍ അഴിമതി നടത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

Story Highlights : V D Satheeshan on Amayizhanjan Issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here