Advertisement

വിദ്യാർത്ഥി പ്രക്ഷോഭം കലാപമായി: ബംഗ്ലാദേശിൽ യുവാക്കൾ സംവരണത്തിനെതിരെ തെരുവിൽ; 32 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

July 18, 2024
2 minutes Read
Bangladesh protest

ബംഗ്ലാദേശിൽ കലാപത്തിലേക്ക് മാറിയ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഇതുവരെ 32 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. പ്രക്ഷോഭകാരികൾ രാജ്യത്തെ ഔദ്യോഗിക ടിവി ചാനൽ സ്ഥാപനത്തിന് തീയിട്ടു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഔദ്യോഗിക ചാനൽ വഴി പ്രക്ഷോഭകാരികളോട് സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ടിവി ചാനലിൻ്റെ ആസ്ഥാനം തന്നെ അഗ്നിക്കിരയാക്കിയത്. 1971 ൽ ബംഗ്ലാദേശിൻ്റെ വിമോചനത്തിന് വഴി തുറന്ന യുദ്ധത്തിൽ പങ്കാളികളായവരുടെ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെയാണ് സമരം പൊട്ടിപ്പുറപ്പെട്ടത്.

സർക്കാർ നിയമനത്തിനുള്ള മുൻ ചട്ടങ്ങൾ തിരികെ കൊണ്ടുവരണമെന്നാണ് സമരക്കാരുടെ ആവശ്യം. പൊലീസ് റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചതോടെയായിരുന്നു ഇത്. ബംഗ്ലാദേശ് ടിവിയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പ്രക്ഷോഭകർ റിസപ്ഷനിലും പുറത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്കും തീയിട്ടു. കെട്ടിടത്തിൽ തീ പിടിച്ചപ്പോൾ ഉദ്യോഗസ്ഥർ ഇതിന് അകത്ത് കുടുങ്ങിപ്പോയി. ഇവരെ പിന്നീട് സുരക്ഷിതമായി പുറത്തെത്തിച്ചു.

മുൻ സൈനികരോടുള്ള ആദര സൂചകമായി പ്രഖ്യാപിച്ച സംവരണത്തിൽ നിന്ന് പിന്നോട്ട് പോകാൻ ഷെയ്ഖ് ഹസീന സർക്കാർ ഒരുക്കമല്ല. പ്രക്ഷോഭം തണുപ്പിക്കാനുള്ള തീവ്ര ശ്രമം മറുവശത്ത് കേന്ദ്രം തുടരുന്നുണ്ട്. രാജ്യത്ത് സ്കൂളുകൾക്കും കോളേജുകൾക്കും അനിശ്ചിത കാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെമ്പാടും മൊബൈൽ ഇൻ്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. എന്നാൽ തെരുവ് കൂടുതൽ കലാപ കലുഷിതമാവുകയാണ്. പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നുണ്ട്.

ധാക്ക സർവകലാശാലയിൽ ജൂലൈ 15 നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെതിരായ പൊലീസ് നടപടി അതിക്രൂരമായിരുന്നു. ലാത്തിച്ചാർജ്ജിലും മറ്റുമായി നൂറിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതോടെ സമരം വ്യാപിച്ചു. ധാക്കയ്ക്ക് പുറത്തുള്ള സവാറിലെ ജഹാംഗീർ നഗർ സർവകലാശാലയിലും പ്രതിഷേധം തുടങ്ങി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒടുവിൽ ടിവി ചാനൽ വഴി സമാധാനാഹ്വാനം നടത്തിയപ്പോഴും സംവരണത്തെ അനുകൂലിച്ചതാണ് പ്രതിഷേധം വീണ്ടും ശക്തമാകാൻ കാരണം.

Story Highlights :  32 dead in Bangladesh unrest, protesters set fire to state TV network

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top