വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം; പാകിസ്താനെ 7 വിക്കറ്റിന് തകര്‍ത്തു

വനിതാ ഏഷ്യാ കപ്പ് ടി-20യില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്താണ് ടൂര്‍ണമെന്റിലെ ആദ്യ ജയം ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 19.2 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.1 ഓവറില്‍ ഏഴ് വിക്കറ്റ് നിലനിൽക്കെ അനായാസ ജയം നേടി. സ്‌കോര്‍: പാകിസ്താന്‍-108/10 (19.2 ഓവര്‍). ഇന്ത്യ-109/3 (14.1 ഓവര്‍).
31 പന്തില്‍ 45 റണ്‍സെടുത്ത് സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.29 പന്തില്‍ 40 റണ്‍സടിച്ച ഷഫാലി വര്‍മയുടെ പ്രകടനവും ഇന്ത്യൻ ജയം അനായാസമാക്കി. മന്ദാന 45 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിജയത്തിനരികെ 29 പന്തില്‍ ഷഫാലി 40 റണ്‍സെടുത്ത് മടങ്ങി. വിജയത്തിനരികെ ഹേമലതയുടെ(14) വിക്കറ്റ് കൂടി നഷ്ടമായെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(5) ജെമീമ റോഡ്രിഗസും(3) ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്താനെ തുടക്കത്തിലെ ഇന്ത്യ പ്രതിരോധത്തിലാക്കിയിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഗുല്‍ ഫെറോസയെ(5) വീഴ്ത്തിയ പൂജ വസ്ട്രക്കര്‍ പാകിസ്താന് ആദ്യ പ്രഹരമേല്‍പ്പിച്ചു. തന്‍റെ രണ്ടാം ഓവറില്‍ തന്നെ പൂജ മുനീബ അലിയെ(11) കൂടി മടക്കി. സിദ്ര അമീന്‍(25) പൊരുതി നിന്നെങ്കിലും അലിയ റിയാസിനെ(6)ശ്രേയങ്ക പാട്ടീലും ക്യാപ്റ്റന്‍ നിദാ ദറിനെ(8) ദീപ്തി ശര്‍മയും പുറത്താക്കിയതോടെ പാകിസ്താന്‍ 51-4ലേക്ക് കൂപ്പുകുത്തി.
പിന്നാലെ അമീനെ രേണുക സിംഗ് മടക്കി. ടുബ ഹസനും(22) ഫാത്തിമ സനയും(16 പന്തില്‍ 22*) ചേര്‍ന്നാണ് പാകിസ്താനെ 100 കടത്തിയത്. ഇന്ത്യക്കായി ദീപ്തി ശര്‍മ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ പൂജ വസ്ട്രാക്കറും രേണുക സിംഗും ശ്രേയങ്ക പാട്ടീലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights : Women’s T20 Asia Cup 2024: India Women Beat Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here