Advertisement

ബൈഡൻ്റെ പിന്തുണ കമലയെ സഹായിക്കുമോ? അമേരിക്കൻ പ്രസിഡൻ്റാക്കാൻ ആളെ തിരഞ്ഞ് ഡെമോക്രാറ്റിക് പാർട്ടി

July 22, 2024
1 minute Read

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതോടെ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്ന വെല്ലുവിളി നിറഞ്ഞ ദൗത്യത്തിലേക്കാണ് യു.എസിലെ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം കടക്കുന്നത്. ജോ ബൈഡൻ പരസ്യ പിന്തുണ പ്രഖ്യാപിച്ചത് കമല ഹാരിസിനാണെങ്കിലും ഇത് ഡെമോക്രാറ്റിക് നേതൃത്വം സ്വീകരിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. പാർട്ടിയുടെയും രാജ്യത്തിൻ്റെയും താത്പര്യം മുൻനിർത്തിയാണ് താൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതെന്നും കമല ഹാരിസിനെ ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.

തെരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ബാക്കിനിൽക്കെയാണ് ജോ ബൈഡൻ്റെ പിന്മാറ്റം. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ പ്രചാരണ രംഗത്ത് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് പ്രചാരണ രംഗത്താണ്. ട്രംപുമായുള്ള ആദ്യ തെരഞ്ഞെടുപ്പ് സംവാദത്തിലേറ്റ തിരിച്ചടി, പിന്നീട് തുടർച്ചയായി പ്രസംഗങ്ങളിലുണ്ടായ നാക്കുപിഴ എന്നിവയെല്ലാം ജോ ബൈഡന് പ്രായാധിക്യമുണ്ടെന്നും ഇനി മത്സര രംഗത്ത് നിന്ന് പിന്മാറണമെന്നും പാർട്ടിക്കകത്തും പുറത്തും ഒരേപോലെ മുറവിളി ഉയരാൻ കാരണമായി.

എന്നാൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് കമല ഹാരിസിന് അനായാസം നടന്നുകയറാൻ സാധിക്കുകയില്ല എന്നാണ് കരുതുന്നത്. വലിയ ജനപിന്തുണ കമലയ്ക്ക് ഇല്ലാത്തതിനാൽ തന്നെ ഡെമോക്രാറ്റിക് ക്യാംപസ് പുതിയൊരു സ്ഥാനാർത്ഥിയെ നിർദ്ദേശിച്ചാലും അതിശയിക്കാനില്ല. അടുത്ത മാസം ചിക്കാഗോയിൽ ചേരുന്ന പാർട്ടിയുടെ ദേശീയ കൺവൻഷനിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ കുറിച്ച് തീരുമാനം ഉണ്ടാകകും. നാലായിരം പാർട്ടി പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും വോട്ട് ചെയ്യാനെത്തുമെന്നാണ് കരുതുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡൻ്റ് സ്ഥാനാർത്ഥിക്ക് എല്ലാ ഡെമോക്രാറ്റിക് വോട്ടുകളും നേടാൻ കഴിഞ്ഞാൽ മാത്രമേ നേട്ടമുണ്ടാവുകയുള്ളൂ. എങ്കിലും പ്രചാരണത്തിൻ്റെ ആദ്യ റൗണ്ടിൽ തന്നെ പിന്നോട്ട് പോയ ഡെമോക്രാറ്റുകൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് ബൈഡൻ്റെ പിന്മാറ്റം എന്നതിൽ തർക്കമില്ല.

അമേരിക്കയിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം അടുത്ത പ്രസിഡൻ്റ് സ്ഥാനാർത്ഥിയെന്ന നിലയിൽ ഇതുവരെ വിലയിരുത്തപ്പെട്ടിട്ടില്ല. അതിനാൽ തന്നെ പാർട്ടിക്ക് മറ്റൊരു അനുയോജ്യ സ്ഥാനാർത്ഥിയെ മുന്നിൽ നിർത്തുന്നതിലും പ്രയാസമുണ്ടാകില്ല. പക്ഷെ കറുത്ത വർഗക്കാരിയായ കമലയെ തള്ളി, മറ്റൊരു സ്ഥാനാർത്ഥിയെ പാർട്ടി മുന്നോട്ട് വെച്ചാൽ അത് ഗുണം ചെയ്യില്ല. 300 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ ഒരു പുതിയ സ്ഥാനാർത്ഥിയെ നിർദ്ദേശിക്കാൻ പ്രതിനിധികൾക്ക് ഡെമോക്രാറ്റിക് പാർട്ടിയിൽ സാധിക്കും. എങ്കിലും കമല ഹാരിസ് തന്നെയായിരിക്കും പാർട്ടിയുടെ ഒന്നാമത്തെ ചോയ്‌സ്.

അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചെലവും പാർട്ടിക്ക് മുന്നിൽ പ്രതിസന്ധിയാണ്. സാധാരണ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് 2 വർഷം മുൻപ് തന്നെ ധനസമാഹരണം ചില സ്ഥാനാർത്ഥികൾ നടത്താറുണ്ട്. അങ്ങനെയൊരു സ്ഥിതിയിൽ പൂജ്യത്തിൽ നിന്ന് പ്രചാരണം തുടങ്ങുക ഒട്ടും എളുപ്പവുമല്ല. ജോ ബൈഡനെ അനുകൂലിച്ചിരുന്നവർ ഇതിനോടകം നൽകിയ പണം കുറേയൊക്കെ ചെലവഴിച്ചിട്ടുണ്ട്. ആ പണം എന്ത് ചെയ്യുമെന്നതിൽ വ്യക്തതയില്ല. കമലയ്ക്ക് ഇത് ഉപയോഗിക്കാനാവുമോയെന്നതിലും സംശയങ്ങളുണ്ട്.

ബൈഡൻ-ട്രംപ് പോരാട്ടത്തിന് ബൈഡൻ്റെ പിന്മാറ്റം ഏറെക്കുറെ പരാജയത്തിന് തുല്യമാണ്. ദി അസോസിയേറ്റഡ് പ്രസ്, എൻഒആർസി സെൻ്റർ ഫോർ പബ്ലിക് അഫയേർസ് റിസർച്ച് എന്നിവരുടെ പഠനത്തിൽ 65% ഡെമോക്രാറ്റുകളും ബൈഡൻ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണം എന്ന് ആഗ്രഹിച്ചിരുന്നു. പത്തിൽ വെറും ആറ് പേരാണ് ബൈഡൻ്റെ മാനസിക നില തൃപ്തികരമാണെന്നും അദ്ദേഹം പ്രസിഡൻ്റ് സ്ഥാനത്ത് തുടരണം എന്നും ആഗ്രഹിച്ചത്. വരാനിരിക്കുന്ന നാല് മാസത്തിൽ പൊതുതാത്പര്യം മുൻനിർത്തി സ്ഥാനാർത്ഥിയെ നിർത്താനും ജയിപ്പിച്ച് വൈറ്റ് ഹൗസിൻ്റെ നിയന്ത്രണം നിലനിർത്താനും ഡെമോക്രാറ്റുകൾക്ക് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top