Advertisement

മണിപ്പൂരിൽ അസം റൈഫിൾസിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ച് മെയ്തെയ് വിഭാഗം

July 25, 2024
3 minutes Read

കലാപബാധിത മണിപ്പൂരിൽ സുരക്ഷാ ചുമതലയിലുള്ള അസം റൈഫിൾസിനെ ബഹിഷ്കരിക്കാൻ മെയ്തെയ് സംഘടനകളുടെ കൂട്ടായ്മ ആഹ്വാനം ചെയ്തു. ഇന്തോ – മ്യാന്മർ അതിർത്തി രക്ഷാ ചുമതലയിലുള്ള അസം റൈഫിൾസിനാണ് മണിപ്പൂരിൽ മെയ്തെയ് – കുക്കി സംഘർഷം നിയന്ത്രിക്കാനുള്ള ചുമതലയും നൽകിയത്. ഇതിനിടെയാണ് സംഘടനകളുടെ നീക്കം. അസം റൈഫിൾസ് സേനാംഗങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ആനുകൂല്യവും സ്വീകരിക്കരുതെന്ന് മെയ്തെയ് വിഭാഗക്കാരുടെ മണിപ്പൂര്‍ യൂണിറ്റി കോര്‍ഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

അനിശ്ചിതകാലത്തേക്കാണ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ജനത്തോടും തീരുമാനം പിന്തുണക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ത്യ – മ്യാന്മർ അതിർത്തി രക്ഷാ ചുമതലയിൽ നിന്ന് അസം റൈഫിൾസിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. പകരം ചുമതല ഇന്ത്യൻ ആർമി, ബിഎസ്എഫ്, സിആർപിഎഫ് എന്നിവയിൽ ഏതെങ്കിലും സംഘത്തിന് നൽകണമെന്നും ആവശ്യപ്പെടുന്നു. കുക്കി സമുദായത്തോട് അനുഭാവത്തോടെയും പക്ഷപാതപരമായുമാണ് അസം റൈഫിൾസ് പെരുമാറുന്നതെന്നും ഇവർ ആരോപിക്കുന്നു.

Read Also: കന്യാകുമാരിയിൽ വേശ്യാലയം നടത്താൻ പൊലീസ് സംരക്ഷണം തേടി അഭിഭാഷകൻ്റെ ഹര്‍ജി; മൂക്കത്ത് വിരൽ വെച്ച് ഹൈക്കോടതി, കടുത്ത ശിക്ഷ

എന്നാൽ ബഹിഷ്കരണത്തോട് അസം റൈഫിൾസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാനത്ത് മെയ്തെയ് വിഭാഗക്കാരായ സ്ത്രീകൾ അസം റൈഫിൾസ് അംഗങ്ങളെ തടയുന്നത് സ്ഥിരമാണെന്നും ജോലി ചെയ്യാൻ അനുവദിക്കാറില്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്.

അതിനിടെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഇന്ന് ഡൽഹിയിൽ നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മെയ് മാസം ആരംഭിച്ച സംഘ‍ർഷത്തിൽ ഇതുവരെ 220 പേർ കൊല്ലപ്പെട്ടുവെന്നും 60000 പേർ അഭയാർത്ഥികളായെന്നുമാണ് കണക്ക്.

Story Highlights : A forum of Meitei groups in conflict-hit Manipur on Thursday issued a call to boycott Assam Rifles.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top