ദമ്മാം നവോദയ കോടിയേരി സ്മാരക സമഗ്ര സംഭാവന പുരസ്കാരം പാലോളി മുഹമ്മദ്‌കുട്ടിക്ക്

അന്തരിച്ച സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം ദമ്മാം നവോദയ നൽകിവരുന്ന ഈ വർഷത്തെ രണ്ടാമത് സമഗ്രസംഭാവന അവാർഡ് പാലോളി മുഹമ്മദ്‌കുട്ടിക്ക്. തദ്ദേശസ്വയംഭരണ മേഖലയിലെ സമഗ്രസംഭാവനയ്ക്കാണ് ഇത്തവണത്തെ അവാർഡ്. അതോടൊപ്പം ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന മൂന്നു കുടുംബശ്രീ സിഡിഎസുകൾക്കും പുരസ്കാരം നൽകുവാൻ തീരുമാനിച്ചു. അതിനായി കുറുമാത്തൂർ, കിനാളൂർ കരിന്തലം, പൊന്നാനി1 എന്നീ സിഡിഎസുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഓഗസ്റ്റ് 4 ന് പൊന്നാനി എവി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്ത് അവാർഡ് വിതരണം ചെയ്യും. കേരള രാഷ്‌ട്രീയത്തിൽ പാലോളി എന്ന മൂന്നക്ഷരത്തിൽ അറിയപ്പെടുന്ന പാലോളി മുഹമ്മദ്‌കുട്ടി ലോകശ്രദ്ധനേടിയ കേരള മോഡൽ എന്നറിയപ്പെടുന്ന വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഭരണാധികാരിയാണ്. 1931 നവംബർ 11-നു മലപ്പുറത്തിനടുത്ത് കോഡൂരിലെ ഇടത്തരം കർഷക കുടുംബത്തിൽ ജനിച്ചു. 1965-ൽ മങ്കടയിൽനിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967-ൽ പെരിന്തൽമണ്ണയിൽനിന്നും 1996-2006 വർഷങ്ങളിൽ പൊന്നാനിയിൽനിന്നും നിയമസഭയിലെത്തി. 1996–-2001 ഇകെ നായനാർ മന്ത്രിസഭയിലും 2006–-2011 വിഎസ് മന്ത്രിസഭയിലും അംഗമായിരുന്നു. രണ്ടുതവണയും തദ്ദേശ സ്വയംഭരണ വകുപ്പായിരുന്നു പ്രധാന ചുമതല.
ഭൂപരിഷ്കരണത്തിനു ശേഷം കേരളം കണ്ട ഏറ്റവും വിപ്ലവകരമായ കുതിപ്പായിരുന്നു അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരവും പണവും ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും അടക്കമുള്ള സംവിധാനവും നൽകി പ്രാദേശിക സർക്കാരുകളാക്കി ശക്തിപ്പെടുത്തിയത് വിപ്ലവകരമായ മാറ്റമാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒത്തു ചേർന്നുള്ള ആസൂത്രണ പ്രക്രിയ ലോകത്ത് തന്നെ നൂതനമായിരുന്നു. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും ശക്തിപ്പെടുത്തുന്നതിന് ചുക്കാൻ പിടിച്ചതിനോപ്പം അധികാരങ്ങൾ കൈമാറുമ്പോൾ ഒരു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എങ്ങനെ പ്രവർത്തിക്കുകയും പെരുമാറുകയും ചെയ്യണമെന്നതും ലോകത്തിനു കാട്ടിക്കൊടുത്തത് പാലോളി ആയിരുന്നു. കേരളത്തിന്റെ കുടുംബശ്രീ കാൽനൂറ്റാണ്ടു പിന്നിടുകയാണ്. അതിന് തുടക്കമിട്ട ഇകെ നായനാർ സർക്കാരിൽ പാലോളിയായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി.
പഞ്ചായത്തീരാജ് നിയമമനുസരിച്ച് 33 ശതമാനം സീറ്റുകൾ സ്‌ത്രീകൾക്ക് സംവരണംചെയ്‌തിരുന്നു. എന്നാൽ കേരളത്തിൽ അത് 50 ശതമാനമാക്കിയതിന് അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി പാലോളി നേതൃത്വം നൽകി. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ നിശ്‌ചയിച്ച ‘പാലോളി കമീഷൻ’ കേരളത്തിലെ മുസ്‌ലിം ജനവിഭാഗത്തിന്റെ മുന്നേറ്റത്തിൽ സുപ്രധാന അധ്യായമാണ്.
Story Highlights : Dammam Navodaya Award to Paloli Mohammadkutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here