വിദേശ പഠനത്തിന് പോയ ഇന്ത്യൻ വിദ്യാർത്ഥികളിൽ 633 പേർ മരിച്ചു, 5 വർഷത്തെ കണക്ക് പുറത്ത് വിട്ട് കേന്ദ്രസർക്കാർ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് പഠിക്കാൻ പോയ 633 ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചുവെന്ന് കണക്ക്. അസുഖം ബാധിച്ചും അപകത്തിലുമാണ് ഇവരിൽ ഭൂരിപക്ഷം പേരും മരിച്ചതെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പറയുന്നത്. ലോകത്തെ 41 രാജ്യങ്ങളിൽ നിന്നുള്ളതാണ് ഈ കണക്ക്.
കാനഡയിലാണ് കൂടുതൽ മരണം, 172. അമേരിക്കയിൽ ഈ കാലത്ത് 108 വിദ്യാർത്ഥികൾ മരിച്ചു. പലയിടത്തായി നടന്ന ആക്രമണങ്ങളിൽ 19 വിദ്യാർത്ഥികളാണ് കാനഡയിൽ മാത്രം കൊല്ലപ്പെട്ടത്. ആറ് ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കയിലും കൊല്ലപ്പെട്ടു. കാനഡയും അമേരിക്കയും കഴിഞ്ഞാൽ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചത് യു.കെ (58) ഓസ്ട്രേലിയ (57), റഷ്യ (37), ജർമ്മനി (24) എന്നിവിടങ്ങളിലാണ്. പാക്കിസ്ഥാനിലും ഈ കാലയളവിൽ ഒരു വിദ്യാർത്ഥി മരിച്ചിട്ടുണ്ട്.
ലോക്സഭയിൽ വെള്ളിയാഴ്ച കൊടിക്കുന്നിൽ സുരേഷ് എംപി നൽകിയ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസർക്കാർ ഈ കണക്കുകൾ വെളിപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ മരണം ബഹുഭൂരിപക്ഷവും അപകടം, അസുഖം എന്നിവ മൂലമാണെന്ന് വിദേശകാര്യ സഹമന്ത്രി കിർതി വർധൻ സിങ് വിശദീകരിച്ചു. വിദേശത്ത് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് കേന്ദ്രസർക്കാർ നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Story Highlights : 633 Indian students died abroad in 5 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here