ഇനി ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് കേന്ദ്രം, വൈകിയാൽ പണം പോകും; ഐടി റിട്ടേൺ അവസാന തീയതി നാളെ

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ (2024 ജൂലൈ 31) അവസാനിക്കും. നികുതി ദായകർ ഉടനടി ഫയലിംഗ് പൂർത്തിയാക്കണമെന്നും പിഴയൊടുക്കുന്നത് ഒഴിവാക്കണമെന്നും ആദായ നികുതി വകുപ്പ് നിർദ്ദേശിച്ചു.
ജൂലൈ 26 വരെ 5 കോടി പേരാണ് ആദായ നികുതി റിട്ടേൺ സമർപ്പിച്ചതെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ പലർക്കും റിട്ടേൺ സമർപ്പിക്കാൻ സാധിച്ചില്ല. വെബ്സൈറ്റിൽ നേരിട്ട പ്രശ്നങ്ങൾ കാരണം റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഒടിപി ലഭിച്ചില്ലെന്നാണ് പ്രധാന പരാതി.
ഇതേ തുടർന്ന് രാജ്യത്തെ ചാർട്ടേഡ് അക്കൗണ്ടിങ് സ്ഥാപനങ്ങൾ ആദായ നികുതി വിഭാഗത്തോട് റിട്ടേൺ സമർപ്പിക്കാൻ കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാർ സമയം നീട്ടിനൽകുമെന്ന് തോന്നുന്നില്ല.
ഒരു ദിവസം മാത്രമാണ് റിട്ടേൺ സമർപ്പിക്കാൻ സമയം ബാക്കിയുള്ളതെന്നും വേഗത്തിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് സമൂഹമാധ്യമത്തിൽ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 18001030025 എന്ന നമ്പറിലോ 18004190025 എന്ന നമ്പറിലോ Efilingwebmanager@incometax.gov.in എന്ന ഇമെയിൽ ഐഡിയയിലോ സഹായം തേടാവുന്നതാണ്.
Story Highlights : ITR filing deadline is on July 31
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here