ചൂരൽമലയിൽ ഇരുഭാഗങ്ങളേയും ബന്ധിപ്പിച്ച് സൈന്യത്തിന്റെ കരുത്ത്; ബെയ്ലി പാലം തുറന്നു

ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നു. പാലത്തിലൂടെ സൈന്യത്തിന്റെ വാഹനം മറുകരയിലെത്തി. ബെയ്ലി പാലത്തിന്റെ ബലപരിശോധന വിജയകരമാണെന്ന് സൈന്യം അറിയിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലൂടെയും യാത്ര നടത്തി ബലമുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കരസേനയുടെ മദ്രാസ് റെജിമെന്റാണ് ബെയ്ലി പാലം നിർമിച്ചിരിക്കുന്നത്. (bailey bridge in chooralmala wayanad landslide)
ബെയ്ലി പാലം നിർമിക്കുന്നതിനുള്ള സാമഗ്രികൾ ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിമാനത്തിലാണ് എത്തിച്ചിരുന്നത്. പിന്നീട് ട്രക്കുകളിലാണ് അവ ചൂരൽമലയിലെത്തിച്ചത്. കണ്ണൂർ പ്രതിരോധ സുരക്ഷാ സേനാ ക്യാപ്റ്റൻ പുരൻ സിംഗ് നദാവത്തിന്റെ നേതൃത്വത്തിലാണ് ബെയ്ലി പാലത്തിന്റെ നിർമാണം നടന്നത്. മേജർ ജനറൽ വി ടി മാത്യുവാണ് നിർമാണചുമതല വഹിച്ചത്. ബെയ്ലി പാലത്തിലൂടെ സൈനിക ആംബുലൻസും ഹെവി ട്രക്കും മറുകരയെത്തിയിട്ടുണ്ട്. 190 അടി നീളമുള്ള പാലത്തിന് 24 ടൺ ഭാരം വരെ താങ്ങാൻ ശേഷിയുണ്ട്.
ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണം; വയനാട് ജില്ലാ കളക്ടർ
മുണ്ടക്കൈ , അട്ടമല ഭൂപ്രദേശങ്ങളെ ബന്ധിപ്പിച്ചിരുന്നത് ചൂരൽമലയിലെ പാലമായിരുന്നു. ഉരുൾപൊട്ടി ഇരച്ചെത്തിയ പ്രവാഹം പാലത്തെയും തകർത്തു. ആദ്യദിവസം പാലത്തിനപ്പുറമുള്ള പ്രദേശം ഒറ്റപ്പെടുകയായിരുന്നു. ഫയർഫോഴ്സ് കെട്ടിയ സിപ്പ് ലൈനിലൂടെയാണ് രക്ഷാപ്രവർത്തകർക്ക് അപ്പുറത്തേക്ക് എത്താൻ കഴിഞ്ഞത്. തൊട്ടടുത്ത ദിവസം സൈന്യം ഒരു ചെറിയ നടപ്പാലം സജ്ജമാക്കി. രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പ്രവഹിച്ചു. ഒറ്റപ്പെട്ടുപോയ മനുഷ്യർക്ക് കരം നൽകാനായി . യന്ത്ര സഹായത്തോടെ പൂർണ്ണാർത്ഥത്തിൽ ഉള്ള തിരച്ചിൽ അപ്പോഴും പ്രതിസന്ധിയായി. ബെയിലി പാലമല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. ഇതോടെയാണ് പ്രതികൂല സാഹചര്യത്തിനിടയിലും സൈന്യം ബെയ്ലി പാലം അതിവേഗത്തിൽ സജ്ജമാക്കിയത്.
Story Highlights : bailey bridge in chooralmala wayanad landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here