ബംഗ്ലാദേശിൻ്റെ പ്രിയപ്പെട്ട ബീഗം സ്വന്തം ജനതയുടെ ശത്രുവായത് എങ്ങനെ?
ഒരിക്കൽ ഇന്ത്യയിൽ, 1947 ലെ വിഭജനത്തോടെ പാക്കിസ്ഥാനിൽ, അതിൽ നിന്ന് ഭിന്നിച്ച് ബംഗ്ലാദേശായി. അന്നും ഇന്നും ഇടവേളകളിൽ കലാപ കലുഷിതമാകുന്ന രാഷ്ട്രീയ സാഹചര്യമാണ് ബംഗ്ലാദേശിന്. സൈനികാധിപത്യവും ജനാധിപത്യവും മാറിമാറി ജനത്തെ ഭരിച്ച നാട്. ഷെയ്ഖ് ഹസീന ആ നിരയിൽ ഒരു വേറിട്ട മുഖമായിരുന്നു. തുടർച്ചയായി തെരഞ്ഞെടുപ്പിൽ ജയിച്ച, കൂടുതൽ കാലം രാജ്യം ഭരിച്ച, ഹസീന , ജനത്തിൻ്റെ പ്രതീക്ഷയായിരുന്നു. എന്നാൽ അധികാരത്തിൽ നിന്ന് വലിച്ചെറിയപ്പെട്ട് ജീവൻ മാത്രം കൈയ്യിൽ പിടിച്ച് ഇന്ന് അവർ രാജ്യം വിട്ടോടി. ഇനി ഒരിക്കൽ കൂടി ഇന്ത്യ അവർക്ക് രാഷ്ട്രീയ അഭയമാകുമോ? ധാക്കയിൽ ഇന്ന് പ്രതിഷേധക്കാർ തകർത്ത പിതാവ് മുജീബുർ റഹ്മാനെന്ന ബംഗ്ലാദേശ് സ്ഥാപക നേതാവിൻ്റെ പ്രതിമ വീണ്ടും ഉയർത്താൻ ഹസീനയ്ക്ക് സാധിക്കുമോ? തള്ളിപ്പറഞ്ഞ ജനം അവരെ വീണ്ടും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമോ?
സ്വാതന്ത്ര്യാനന്തരം ഇന്ത്യ പിളർന്നുണ്ടായ പാക്കിസ്ഥാൻ്റെ ഭാഗമായിരുന്നു ഇന്നത്തെ ബംഗ്ലാദേശ്. അതിനെയൊരു വലിയ വിമോചന സായുധ പോരാട്ടത്തിലൂടെ വേർപെടുത്തി സ്വതന്ത്ര രാജ്യമാക്കി മാറ്റിയതിൽ നിർണായക പങ്ക് മുബീബുർ റഹ്മാൻ എന്ന ജന നേതാവിനുണ്ടായിരുന്നു. ബംഗ്ലാദേശിൻ്റെ പ്രഥമ ഭരണാധികാരിയും രാഷ്ട്ര പിതാവുമായിരുന്നു അദ്ദേഹം. ഇന്ന് അതേ ബംഗ്ലാദേശിൽ അദ്ദേഹത്തിൻ്റെ പ്രതിമയുടെ തകർന്ന അവിശിഷ്ടങ്ങൾക്ക് മുകളിൽ ചവുട്ടി നിന്ന് രാജ്യത്തെ യുവാക്കൾ വിളിച്ച മുദ്രാവാക്യം, ഷെയ്ഖ് ഹസീന രാജിവെക്കുക എന്നാണ്. അച്ഛൻ സ്ഥാപിച്ച സ്വന്തം നാട്ടിൽ വില്ലൻ പരിവേഷമാണ് ഇന്ന് ഷെയ്ഖ് ഹസീനയ്ക്ക്. അവരുടെ കൈകളിൽ ചോര പുരണ്ടിട്ടുണ്ട്.
രാജ്യത്ത് 1971 ൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ മക്കൾക്ക് സർക്കാർ ജോലിയിൽ സംവരണം നൽകിയത് നേരത്തെ തന്നെ യുവാക്കളിൽ പ്രതിഷേധം ഉയർത്തിയിരുന്നു. വർഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ രാജ്യത്തെ പരമോന്നത കോടതി തീരുമാനം ശരിവച്ചു. ഇതോടെ ധാക്ക സർവകലാശാലയിൽ ആഴ്ചകൾക്ക് മുൻപ് ഒരു പ്രതിഷേധ പ്രകടനം നടന്നു. സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്നു അതിൻ്റെ മുൻനിരയിൽ. സമരക്കാരെ കേട്ട് അവരുടെ ആശങ്കകൾ പരിഹരിക്കാനല്ല രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം തീരുമാനിച്ചത്. അടിച്ചമർത്താനുള്ള നീക്കം പരാജയപ്പെട്ടു. സമരം ആളിക്കത്തി. തെരുവുകൾ യുദ്ധക്കളമായി. ഒടുവിൽ സംവരണം ഇളവ് ചെയ്ത് സുപ്രീം കോടതി ഉത്തരവ് പിൻവലിച്ചതോടെ പ്രതിഷേധം ഒന്ന് താത്കാലികമായി അടങ്ങിയതാണ്.
എന്നാൽ ഷെയ്ഖ് ഹസീന അവിടെ നിർത്തിയില്ല. പ്രതിഷേധക്കാർ തകർത്ത മെട്രോ റെയിൽവെ സ്റ്റേഷനിലെത്തിയ അവർ നാടിൻ്റെ വികസനത്തിൽ സുപ്രധാനമായ നിർമ്മിതിക്കേറ്റ നാശത്തിൽ പൊട്ടിക്കരഞ്ഞു. ടിഷ്യൂ കൊണ്ട് കണ്ണീർ തുടച്ചു. തെരുവിൽ മരിച്ചുവീണ പൊലീസുകാരെയോ പ്രതിഷേധക്കാരെയോ ഓർത്ത് വിലപിക്കാത്ത പ്രധാനമന്ത്രിയുടെ നടപടി യുവാക്കളെ കൂടുതൽ രോഷാകുലരാക്കി. സമൂഹമാധ്യമങ്ങളിൽ ആളിക്കത്തിയ ആ രോഷം തെരുവിലേക്ക് പടർന്നു. വീണ്ടും മുന്നൂറോളം പേർ തെരുവിൽ ചോരചീന്തി മരിച്ചുവീണു. അതും വെറും മൂന്ന് ദിവസത്തിൽ. രാജ്യത്ത് കർഫ്യൂ നടപ്പാക്കിയും ഇൻ്റർനെറ്റ് നിരോധിച്ചും സമരം തടയാൻ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടു. ഇന്ന് ആയിരക്കണക്കിന് പ്രക്ഷോഭകർ പട്ടാളത്തിന്റെ മുന്നറിയിപ്പ് മറികടന്ന് തെരുവിലിറങ്ങി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി ആയ ഗണഭവനിലക്ക് നീങ്ങി. ഇതോടെ അപകടം തിരിച്ചറിഞ്ഞ ഹസീന സഹോദരി രഹാനയ്ക്കൊപ്പം സൈനിക ഹെലികോപ്റ്ററിൽ സ്ഥലം വിട്ട് ഇന്ത്യയിലെത്തി, ഇനി ലണ്ടനിലേക്ക് പോകും എന്നാണ് അറിയിച്ചിരിക്കുന്നത്.
പാക്കിസ്ഥാനായി മാറിയ ശേഷം 1947 സെപ്തംബർ 28 ന് കിഴക്കൻ ബംഗാളിലെ തങ്കിപ്പാറയിലായിരുന്നു ഷെയ്ഖ് ഹസീനയുടെ ജനനം. കോളേജ് പഠനം പൂർത്തിയാക്കിയതിന് പിന്നാലെ പിതാവ് മുജീബുർ റഹ്മാൻ മകളെ വിവാഹം കഴിപ്പിച്ചു. 1967 ൽ ബംഗാളി ആണവ ശാസ്ത്രജ്ഞൻ എംഎ വാസിദ് മിയയെയാണ് ഹസീന വിവാഹം കഴിച്ചത്. പാക്കിസ്ഥാനിൽ നിന്ന് വേർപെട്ട് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം വേണമെന്ന് ആവശ്യം ഉയർന്ന സമയം. ആ പോരാട്ടത്തിൻ്റെ മുൻപന്തിയിലായിരുന്നു മുജീബുർ റഹ്മാനും കുടുംബവും ഉണ്ടായിരുന്നത്. 1971 ൽ സംഘർഷം മൂർധന്യത്തിൽ നിൽക്കെ ഷെയ്ഖ് ഹസീനയും കുടുംബത്തിലെ മറ്റ് അംഗങ്ങളും തടവിലാക്കപ്പെട്ടു. പിന്നാലെ രാജ്യം സ്വതന്ത്രമാകുകയും മുജീബുർ റഹ്മാൻ അധികാരത്തിലേറുകയും ചെയ്തു.
എന്നാൽ അതിന് അധികം ആയുസുണ്ടായിരുന്നില്ല. സൈന്യം രാജ്യ ഭരണം അട്ടിമറിച്ചു. മതേതരത്വ നിലപാട് കാത്തുസൂക്ഷിച്ച, ഇന്ത്യയുടെ ഉറ്റ സുഹൃത്തും ബംഗ്ലാദേശിലെ ജനങ്ങൾക്ക് ഏറെ പ്രിയങ്കരനുമായിരുന്ന നേതാവിനെ 1975 ഓഗസ്റ്റ് 15-ന് സൈന്യം കൊലപ്പെടുത്തി. മുജീബുർ റഹ്മാനടക്കം എല്ലാവരും കൊല്ലപ്പെട്ടു. എന്നാൽ ഷെയ്ഖ് ഹസീന ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ല. ഹസീനയും ഭര്‍ത്താവും മക്കളും സഹോദരി ഷെയ്ഖ് രഹനയും യൂറോപ്പ് സന്ദര്‍ശനത്തിലായിരുന്നു. പശ്ചിമ ജര്‍മ്മനിയിലെ ബംഗ്ലാദേശ് അംബാസഡറുടെ വീട്ടില്‍ അവർ അഭയം തേടി. സൈന്യം പിന്തുടർന്നെത്തുമെന്ന് ഉറപ്പായിരുന്ന കാലത്ത് രക്ഷകയായി ഒരാളെത്തി. ഉറ്റ സുഹൃത്തിൻ്റെ മകൾക്ക് രാഷ്ട്രീയ അഭയം പ്രഖ്യാപിച്ചത് മറ്റാരുമല്ല,അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.
ഇന്ത്യ അടിയന്തിരാവസ്ഥയും അതിന് ശേഷമുള്ള രാഷ്ട്രീയ കോലാഹലങ്ങളുമെല്ലാം അഭിമുഖീകരിച്ച പിന്നീടുള്ള ആറ് വർഷക്കാലം ദില്ലിയിലായിരുന്നു അവർ താമസിച്ചിരുന്നത്. മുജീബുർ റഹ്മാനെ കൊലപ്പെടുത്തി ബംഗ്ലാദേശിൽ അധികാരം പിടിച്ചത് സൈനിക ഉദ്യോഗസ്ഥനും പിൽക്കാലത്ത് ബംഗ്ലാദേശ് പ്രസിഡൻ്റുമായിരുന്ന സിയാവുർ റഹ്മാനായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയെന്ന രാഷ്ട്രീയ പാർട്ടിയുടേതായിരുന്നു ഭരണം. 1977 ൽ മരണം കൊലയാളിയുടെ രൂപത്തിൽ സിയാവുർ റഹ്മാനെ തേടിയെത്തി. ഇതിനിടെ പലപ്പോഴായി ഷെയ്ഖ് ഹസീനയെ വധിക്കാൻ ശ്രമം നടന്നു. 19 തവണ വധശ്രമങ്ങളെ അതിജീവിച്ച അവരെ ലോകനേതാക്കൾ അദ്ഭുതമായി കണ്ടു.
ബംഗ്ലാദേശിലേക്ക് തിരികെ പോകാനും രാഷ്ട്രീയ പ്രവർത്തനം തുടരാനും ഹസീന അപ്പോഴും ശ്രമം നടത്തിയിരുന്നു. ബംഗ്ലാദേശിൽ കാലത്ത് സൈന്യമായിരുന്നു ഭരണം നടത്തിയത്. സിയാവുർ റഹ്മാൻ സ്ഥാപിച്ച ബിഎൻപി (ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി) നേതാവും മുൻ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദ സിയുമായി ചേർന്ന് 1981-ൽ ബംഗ്ലാദേശിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനായി പിന്നീടുള്ള ശ്രമം. ഇതിന് അധികം താമസമുണ്ടായില്ല. ജനകീയ പ്രതിഷേധം വിജയം കണ്ടു. 1990-ൽ സൈനിക ഭരണാധികാരി ഹുസൈൻ മുഹമ്മദ് എർഷാദിനെ അധികാരത്തിൽ നിന്ന് താഴെയിറക്കി. അതോടെ സ്വേച്ഛാധിപത്യപരമായ സൈനിക ഭരണത്തെ ജനകീയ പ്രതിഷേധത്തിലൂടെ അട്ടിമറിച്ച ഷെയ്ഖ് ഹസീന ലോകനേതാക്കൾക്കിടയിൽ ധീരതയുടെ പര്യായമായി വാഴ്ത്തപ്പെട്ടു. അവർ ജനാധിപത്യത്തിൻ്റെ മുഖമായി മാറി.
സൈനിക ഭരണത്തിന് ശേഷം ബംഗ്ലാദേശിൽ ബിഎൻപിയാണ് അധികാരത്തിലെത്തിയത്. ഖാലിദ സിയ പ്രധാനമന്ത്രിയായി. 1996 ൽ രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോൾ ഖാലിദ സിയയെ പരാജയപ്പെടുത്തി ഹസീന അധികാരത്തിലേറി. അവർ ബംഗ്ലാദേശിൻ്റെ പ്രധാനമന്ത്രിയായി, അതും 49ാമത്തെ വയസിൽ. ഭരണം അധികം നീണ്ടില്ല. തൊട്ടടുത്ത പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബിഎൻപിയോട് തോറ്റ് ഹസീന ഭരണത്തിൽ നിന്ന് താഴെയിറങ്ങി. സിയ പിന്നീട് ഏകാധിപതിയായി മാറുന്നത് രാജ്യം കണ്ടു. 2007-ൽ പട്ടാളത്തിൻ്റെ പിന്തുണയോടെ സിയ സർക്കാറിനെ താഴെയിറക്കിയ ഹസീന രണ്ടാം ജനകീയ വിപ്ലവത്തെ വിജയത്തിലെത്തിച്ചു. പക്ഷെ അപ്പോഴേക്കും അഴിമതി കേസ് വിധി ഹസീനയെ ജെയിലിലാക്കി. മറ്റൊരു അഴിമതി കേസിൽ ഖാലിദ സിയയും ജയിലിലായിരുന്നു. 2008-ൽ രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ വൻ ഭൂരിപക്ഷത്തിൽ ഹസീന പ്രധാനമന്ത്രിയായി. പിന്നീട് നടന്ന നാല് തെരഞ്ഞെടുപ്പിലും തോൽവി അറിയാതെ ഷെയ്ഖ് ഹസീന തുടർച്ചയായി വിജയിച്ചു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കാലം തുടർച്ചയായി പ്രധാനമന്ത്രി പദം കൈയ്യാളിയ വനിതാ ഭരണാധികാരിയും ഹസീനയായി.
പ്രതിപക്ഷത്തെ നിസാരമായി കണ്ടാണ് ഹസീന മുന്നോട്ട് പോയത്. അവരുടെ അഭിപ്രായങ്ങൾ ചെവിക്കൊള്ളുന്നില്ലെന്നും ആവശ്യങ്ങൾ അടിച്ചമർത്തുന്നുവെന്നും നിരന്തരം ആരോപിക്കപ്പെട്ടു. ഹസീന കുലുങ്ങിയില്ല. ഈ വർഷം നടന്ന അവസാന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ ബിഎൻപി ബഹിഷ്കരിച്ചു. വെറും 40 ശതമാനം പേർ മാത്രം വോട്ട് രേഖപ്പെടുത്തിയ രാജ്യത്ത് ഹസീനയുടെ അവാമി ലീഗ് 224 സീറ്റിൽ ജയിച്ചു. എന്നാൽ പതിവ് പോലെ ആരോപണങ്ങളെയും പ്രതിഷേധങ്ങളെയും മറികടക്കുന്ന ഹസീനയുടെ തന്ത്രം സംവരണ വിഷയത്തിൽ പാളിപ്പോയി. വിദ്യാർത്ഥി പ്രതിഷേധത്തിൽ നിന്ന് രാജ്യം സ്തംഭിക്കുന്ന തുടർ സംഘർഷത്തിലേക്ക് അത് മാറി. അപ്പോഴും തൻ്റെ അധികാരം മുറുകെപ്പിടിച്ച് നിന്ന ഹസീനയെ ഭരണത്തിൽ നിന്ന് താഴെയിറക്കണമെന്ന ഒറ്റ ലക്ഷ്യമേ യുവാക്കൾക്ക് ഉണ്ടായിരുന്നുള്ളൂ. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകർ അവിടം കൊള്ളയടിച്ചു. ആഭ്യന്തര മന്ത്രിയുടെ വീടും കൊള്ളയടിക്കപ്പെട്ടു. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവും ഹസീനയുടെ അച്ഛനുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ പ്രതിമ ധാക്കയിൽ തകർക്കപ്പെട്ടു. ഇപ്പോൾ സൈന്യമാണ് രാജ്യത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിന് എല്ലാ പാർട്ടികളുമായും ചർച്ച തുടങ്ങിയെന്ന് സൈനിക മേധാവി വഖാറു സമാൻ പ്രഖ്യാപിച്ചു. ഹസീനയ്ക്ക് ഇനിയും ഇന്ത്യ രാഷ്ട്രീയ അഭയം നൽകുമോയെന്നാണ് ഇനി അറിയാനുള്ളത്.
Story Highlights : From longest-serving PM of Bangladesh to fleeing the country: The rise and fall of Sheikh Hasina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here