ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം: ക്ഷേത്രങ്ങൾ തീവച്ച് നശിപ്പിച്ചു

സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ നിന്ന് ഭരണ അട്ടിമറിയിലേക്ക് ചെന്നെത്തിയ ബംഗ്ലാദേശ് സംഘർഷം ഗതിമാറുന്നു. രാജ്യത്തെ ഹിന്ദുക്കളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെടുന്നുവെന്നാണ് ഒടുവിലത്തെ വിവരം. ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ച സാഹചര്യത്തിൽ ബംഗ്ലാദേശിൽ നിന്ന് പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങളാണ് ഹിന്ദുക്കളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെടുന്നത് പുറത്തെത്തിച്ചത്.
അതേസമയം ബംഗ്ലാദേശിലെ കുമിലയിൽ ഇസ്ലാം മത പണ്ഡിതർ ഹിന്ദു ക്ഷേത്രത്തെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. രാജ്യത്തെ 27 ജില്ലകളിൽ ഹിന്ദുക്കളുടെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും സംഘടിതമായി ആക്രമിച്ച് കൊള്ളയടിച്ചുവെന്നാണ് ബംഗ്ലാദേശ് ദിനപ്പത്രമായ സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.
ബംഗ്ലാദേശിലെ ഖുൽന ഡിവിഷനിലെ മെഹർപുറിൽ ഒരു കാളി ക്ഷേത്രമടക്കം 2 ക്ഷേത്രങ്ങൾ തീവച്ച് നശിപ്പിച്ചു. ക്ഷേത്രത്തിലെ മൂന്ന് ജീവനക്കാർ ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടു. രംഗ്‌പൂർ സിറ്റി കോർറേഷനിലെ ഹിന്ദു കൗൺസിലർ ഹരധൻ റോയ് കൊല്ലപ്പെട്ടു. കാജൽ റോയ് എന്ന മറ്റൊരു കൗൺസിലറെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച മാത്രം നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാലാണ് ഹരധൻ റോയിയുടെ കൊലപാതകം പുറത്തെത്തിച്ചത്. ചിറ്റഗോങിലും ക്ഷേത്രം അഗ്നിക്കിരയാക്കി. ഒരു പെൺകുട്ടി ആക്രമിക്കാതിരിക്കാൻ കൈകൂപ്പി യാചിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തായി.
ബംഗ്ലാദേശിലെ ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ, യൂണിറ്റി കൗൺസിൽ ട്വിറ്ററിൽ 54 ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതായി പറയുന്നു. ഇന്ദിരാഗാന്ധി കൾച്ചറൽ സെൻ്ററും ആക്രമിക്കപ്പെട്ടിട്ടുണ്ട്. 2021 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ തുടർന്ന് രാജ്യത്തുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഘർഷങ്ങളും വിലയിരുത്തപ്പെടുന്നത്.
നിലവിൽ ബംഗ്ലാദേശിൽ 8 ശതമാനത്തോളം ജനം ഹിന്ദുക്കളാണ്. 13.1 ദശലക്ഷം പേരുണ്ടാവും ഇത്. 1951 ൽ ബംഗ്ലാദേശ് ജനസംഖ്യയുടെ 22 ശതമാനമായിരുന്നു ഹിന്ദുക്കൾ. 1964 നും 2013 നും ഇടയിൽ 11 ദശലക്ഷം ഹിന്ദുക്കൾ ബംഗ്ലാദേശിൽ നിന്ന് കുടിയേറിയെന്നാണ് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ്റെ റിപ്പോർട്ട് പറയുന്നത്.
Story Highlights : Temples burnt, houses attacked: How Hindus have become soft targets in Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here