സ്വന്തം നാട്ടിൽ മുറിവേറ്റവൾ; അട്ടിമറി ജയങ്ങളിലൂടെ പാരീസ് ഒളിംപിക്സിനെ ഞെട്ടിച്ച ഇന്ത്യയുടെ അഭിമാനം വിനേഷ് ഫൊഗട്ട്
അവിസ്മരണീയമായ രണ്ട് വിജയത്തിലൂടെ പാരീസ് ഒളിംപിക്സിൽ ഇന്ത്യൻ സംഘത്തിൽ തന്നെ തിളങ്ങിനിൽക്കുകയാണ് വിനേഷ് ഫൊഗട്ട്. മാസങ്ങൾക്ക് മുൻപ് ദില്ലിയിലെ സമരപ്പന്തലിൽ കരഞ്ഞുകൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് സമര പോരാളിയിൽ നിന്ന് ഏത് തിരിച്ചടിയെയും ഊർജ്ജമാക്കി മുന്നേറാനുള്ള കരുത്തോടെയുള്ള കുതിപ്പ്. പാരീസ് ഒളിംപിക്സിൽ തോൽക്കുമെന്ന് ഏവരും കരുതിയ മത്സരത്തിൽ നിലവിലെ ചാംപ്യൻ ടോപ് സീഡായ ജപ്പാൻ്റെ യുഇ സുസകിയെ അട്ടിമറിച്ചാണ് വിനേഷ് ഫൊഗട്ടിൻ്റെ മുന്നേറ്റം. ഇതിന് പിന്നാലെ മറ്റൊരു ജയം കൂടി നേടി സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യൻ താരം.
ജപ്പാൻ താരം യുഇ സുസുകിയുടെ ജൈത്രയാത്രയാണ് വിനേഷിന് മുന്നിൽ അവസാനിച്ചത്. കഴിഞ്ഞ 82 അന്താരാഷ്ട്ര മത്സരങ്ങളിലും വിജയമല്ലാതെ മറ്റൊന്നും യുഇ സുസുകി അറിഞ്ഞിട്ടില്ല. ജപ്പാനെ പ്രതിനിധീകരിച്ച ഒരൊറ്റ മത്സരം പോലും തോറ്റില്ല. പക്ഷെ പാരീസിൽ വിനേഷ് അത് തിരുത്തി. 2-3 സ്കോറിന് യുഇയെ വിനേഷ് മലർത്തിയടിച്ചു.
തൊട്ടുപിന്നാലെ മറ്റൊരു കരുത്തയായ മത്സരാർത്ഥിയെയാണ് വിനേഷ് നേരിട്ടത്. മുൻ യൂറോപ്യൻ ചാംപ്യൻ 2018 ലോക ചാംപ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് ലിവാചായിരുന്നു എതിരാളി. 7-5 സ്കോറിന് വിനേഷ് ഈ മത്സരവും വിജയിച്ചു. ചൊവ്വാഴ്ചയാണ് വിനേഷിൻ്റെ സെമിഫൈനൽ പോരാട്ടം. കഴിഞ്ഞ രണ്ട് ഒളിംപിക്സിലും നിരാശയോടെ മടങ്ങേണ്ടി വന്ന വിനേഷിന് ഒരു ഒളിംപിക് മെഡൽ ഒരു ജയം മാത്രം അകലെയാണ്.
ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവർക്കൊപ്പം ഗുസ്തി ഫെഡറേഷൻ പ്രസിഡൻ്റ് ബ്രിജ് ഭൂഷണെതിരെ ദില്ലിയിൽ സമരം നയിച്ചത് വിനേഷ് ഫൊഗട്ടായിരുന്നു. വനിതാ താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചായിരുന്നു സമരം. പാർലമെൻ്റിലേക്ക് ഇവർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതും താരങ്ങളെ അറസ്റ്റ് ചെയ്തതും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.
വിനേഷിൻ്റെ വൻ വിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആദ്യം അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നത് ബജ്റംഗ് പുനിയയാണ്. രാജ്യത്തിന് വേണ്ടി വൻ ജയം ഒളിംപിക്സ് വേദിയിൽ നേടിയ ഈ പെൺകുട്ടി സ്വന്തം നാട്ടിൽ ചവിട്ടും തൊഴിയുമേറ്റയാളാണെന്ന് ബജ്റംഗ് പുനിയ എഴുതി. സ്വന്തം നാട്ടിൽ റോഡിലൂടെ വലിച്ചിഴക്കപ്പെട്ട ആ പെൺകുട്ടിയാണ് ലോകം കീഴടക്കാൻ പോകുന്നത്. എന്നാൽ അവൾ ഈ രാജ്യത്തെ ഭരണകൂടത്തിന് മുന്നിൽ പരാജയപ്പെട്ടവളാണെന്നും പുനിയ എഴുതി.
Story Highlights : Vinesh phogat historic win in Paris Olympics after getting kicked and crushed at own counrty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here