Advertisement

വിനേഷ് ഫോഗട്ടിനും ഗോദയ്ക്കും ഗോൾഡിനുമിടയിലെ 100 ഗ്രാം

August 8, 2024
Google News 0 minutes Read

വിനേഷ് ഫോഗട്ട് ജയിച്ചിട്ടുണ്ട്, തോറ്റിട്ടുമുണ്ട്. അഭിമാനവും സന്തോഷവും നിറഞ്ഞതായിരുന്നു വിജയങ്ങൾ. എല്ലാ തോൽവികളും വേദനിപ്പിക്കുന്നതും ഹൃദയഭേദകവുമായിരുന്നു. വിനേഷിൻ്റെ വിജയങ്ങളിലും സിസ്റ്റവുമായുള്ള പോരാട്ടങ്ങളിലും ലക്ഷക്കണക്കിന് ആളുകളാണ് പങ്കുചേർന്നത്. വിനേഷിൻ്റെ പിന്നാലെ ലക്ഷക്കണക്കിന് കണ്ണുകളാണുണ്ടായിരുന്നത്. ആ കണ്ണുകൾക്ക് മുന്നിലാണ് അവരുടെ ജീവിതത്തിലെ ഏറ്റവും നിരാശകരമായ സംഭവങ്ങൾ നടന്നതും.

ഗുസ്തി മത്സരങ്ങൾക്ക് മുൻപ് ദിവസവും രാവിലെ മത്സരാർഥികൾ ശരീരഭാരം പരിശോധിക്കണം. അനുവദനീയമായ ഭാരത്തിലും അധികമാണെങ്കിൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് സാധിക്കില്ല. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. ഓഗസ്റ്റ് ഏഴിന് ഏഴരയ്ക്ക് വിനേഷിൻ്റെ ഭാരം 50.10 കിലോഗ്രാം. അനുവദനീയമായ ഭാരത്തിൽ നിന്നും നേരിയ വ്യത്യാസം മാത്രം. എന്നാൽ ഒളിമ്പിക് നിയമപ്രകാരം 50 കിലോയ്ക്ക് മുകളിലുള്ളതെല്ലാം ഗോദയ്ക്ക് പുറത്താവും. നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാൻ്റെ യുയി സുസാകിയെ അട്ടിമറിച്ച ഫോഗട്ടിൻ്റെ കയ്യകലത്തിലായിരുന്നു വിജയം. കൈപ്പിടിയിലെത്തിയ വിജയം നേരിയ വ്യത്യാസത്തിൽ വിനേഷ് ഫോഗട്ടിൻ്റെ കയ്യിൽ നിന്നും വഴുതിപ്പോയി.

യുയി സുസാക്കിയെ പ്രീക്വാർട്ടറിലും യുക്രെയിനിൻ്റെ ഒക്സാന ലിവാച്ചിനെ ക്വാർട്ടറിലും തകർത്താണ് ഫോഗട്ട് മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. മുൻ യൂറോപ്യൻ ചാംപ്യനും 2018 ലോക ചാംപ്യൻഷിപ് വെങ്കല ജേതാവുമായ ലിവാച്ചിനെതിരെ 7–5നായിരുന്നു വിനേഷിൻ്റെ വിജയം. 2010നു ശേഷം 3 മത്സരങ്ങളിൽ മാത്രം തോൽവിയറിഞ്ഞിട്ടുള്ള സുസാക്കിയെ 3–2ന് വിനേഷ് പ്രീക്വാർട്ടറിൽ അട്ടിമറിച്ചു. സെമിയിൽ ക്യൂബയുടെ യുസ്നെയ്‌ലിസ് ഗുസ്മൻ ലോപസിനെ 5–0ന് വിനേഷ് മലർത്തിയടിച്ചാണ് താരം ഫൈനലിൽ കടന്നത്. ഓഗസ്റ്റ് ഏഴിന് നടക്കാനിരുന്ന ഫൈനലിൽ അമേരിക്കയുടെ സാറ ആൻ ഹിൽഡർബ്രാൻ്റുമായി ഏറ്റുമുട്ടാനിരിക്കെയാണ് വിനേഷ് പുറത്തായത്. മുമ്പ് രണ്ടുതവണ സാറയെ ഗോദയിൽ പരാജയപ്പെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലായിരുന്നു വിനേഷ്. സ്വർണ്ണം അല്ലെങ്കിൽ വെള്ളി ഉറപ്പിച്ചതുമായിരുന്നു. അവിടെനിന്നുമാണ് താരം അവസാന സ്ഥാനത്തേക്ക് തള്ളപ്പെട്ടത്.

പിടികൊടുക്കാതെ ഭാരം

റിയോ ഒളിമ്പിക്സിൽ 48 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചത്. അന്ന് ഭാരം നിയന്ത്രിച്ചു നിർത്താൻ അവർ നന്നേ പ്രയത്നിച്ചു. വളരെ കുറച്ച് വെള്ളം മാത്രമാണ് ആ ഒളിമ്പിക്സ് മത്സര സമയത്ത് അവർ കുടിച്ചത്. പിന്നീട് 50 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയ അവർക്ക് ഭാരം നിയന്ത്രിക്കുക വെല്ലുവിളിയായി മാറിയതോടെയാണ് 53 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയത്. എന്നാൽ അതും വിനേഷിന് വളരെയേറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. മത്സരത്തിൻ്റെ ഇടയിൽ പോലും കണ്ണിൽ ഇരുട്ടുനിറയുന്ന പതിവുണ്ടായിരുന്നു. എങ്കിലും മനസാന്നിധ്യവും നിശ്ചയദാർഢ്യവും കൈമുതലാക്കി മത്സരങ്ങളിൽ അവർ മുന്നേറി.

പാരീസ് ഒളിമ്പിക്സായപ്പോഴേക്കും സാഹചര്യങ്ങൾ മാറി. 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാനായിരുന്നു അവർക്ക് താത്പര്യം. എന്നാൽ താരതമ്യേനെ ജൂനിയറായ അന്തിം പംഘലിനാണ് ഈ വിഭാഗത്തിൽ അവസരം കിട്ടിയത്. ഈ കാറ്റഗറിയിൽ ട്രയൽസ് നടത്തി മാത്രമേ ഒളിമ്പിക്സിലെ പ്രതിനിധിയെ തീരുമാനിക്കാൻ പാടുള്ളൂവെന്ന് അവർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫെഡറേഷൻ അത് ചെവിക്കൊണ്ടില്ല. ഒടുവിൽ 50 കിലോഗ്രാം വിഭാഗത്തിലേക്ക് അവർക്ക് മാറേണ്ടി വന്നു. അന്തിമിൻ്റെ അവസരം നിഷേധിക്കാനായിരുന്നില്ല വിനേഷ് ശ്രമിച്ചത്, മറിച്ച് തൻ്റെ ഭാരം നിയന്ത്രിച്ച് നിർത്താനുള്ള പ്രയാസം എത്രയാണെന്ന പൂർണ ബോധ്യമായിരുന്നു ഇതിനുപിന്നിൽ. 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കേണ്ടയാളല്ലെന്ന് വിനേഷിന് നന്നായി അറിയാമായിരുന്നു.

വിട്ടുവീഴ്ചയില്ലാതെ ഗുസ്തി ഫെഡറേഷൻ

പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കണമെങ്കിൽ വിനേഷ് 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കണം, അല്ലെങ്കിൽ പുറത്തിരിക്കണം എന്നായിരുന്നു ഈ കാര്യത്തിൽ ഗുസ്തി ഫെഡറേഷൻ്റെ നിലപാട്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒളിമ്പിക്സ് മെഡൽ നേടുമെന്ന ഉറച്ച നിലപാടിലായിരുന്നു വിനേഷ്. അതിനാൽ അവർ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ തീരുമാനിച്ചു. എന്നാൽ സപ്പോർട്ട് സ്റ്റാഫുമാർക്കും കോച്ചുമാർക്കും അക്കാര്യത്തിൽ അപ്പോഴും സംശയമുണ്ടായിരുന്നു. ഒരേ അളവിൽ മൂന്ന് നേരം ഒരാഴ്ച ഭക്ഷണം കഴിച്ചാൽ പോലും വിനേഷിൻ്റെ ഭാരം 60 കിലോഗ്രാമാകുമെന്ന് അറിയുന്ന അവർക്ക്, 50 കിലോയ്ക്ക് അകത്ത് ഭാരം നിയന്ത്രിച്ച് നിർത്തുക പ്രയാസമാണെന്ന് കൃത്യമായി അറിയാമായിരുന്നു. ചിലർ വിനേഷിനോട് 57 കിലോഗ്രാം വിഭാഗത്തിലേക്ക് മാറാൻ നിർദ്ദേശിച്ചെങ്കിലും 50 കിലോ വിഭാഗത്തിൽ മത്സരിക്കാൻ അപ്പോഴേക്കും അവർ തീരുമാനിച്ചുകഴിഞ്ഞിരുന്നു.

ഒളിമ്പിക് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനൊപ്പം പ്രവർത്തിച്ച വെയ്ൻ ലോംബാർഡ് അടക്കമുള്ള മികച്ച ഫിസിയോമാരുടെ സേവനം വിനേഷിന് ലഭിച്ചു. അവർ കൃത്യമായ ഡയറ്റിലൂടെ വിനേഷിൻ്റെ ഭാരം 50 കിലോയ്ക്ക് അകത്ത് നിയന്ത്രിച്ചു നിർത്തി. ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ അവർ യോഗ്യത നേടി മുന്നേറി. അതിന് ശേഷവും രണ്ട് മത്സരങ്ങളിൽ അവർ അന്താരാഷ്ട്ര തലത്തിൽ പങ്കെടുത്തു. യുഡബ്ല്യുഡബ്ല്യു റാങ്കിംഗ് ഇവൻ്റുകളായിരുന്നു ഇവ രണ്ടും. അവിടെ 50 കിലോ വിഭാഗത്തിലായിരുന്നില്ല, 53 കിലോ വിഭാഗത്തിലാണ് അവർ മത്സരിച്ചത്. അതായത് 50 കിലോ വിഭാഗത്തിൽ പാരീസ് ഒളിമ്പിക്സായിരുന്നു വിനേഷിൻ്റെ രണ്ടാമത്തെ മത്സര വേദി. പാരീസിലെ മത്സരം നടക്കുന്ന ആദ്യ ദിവസത്തിൻ്റെ തലേ രാത്രി വിനേഷ് ഒരു യുദ്ധമുഖത്തായിരുന്നു. സൈനിക നിഷ്ഠയോടെയുള്ള വ്യായാമം നടത്തി. തൻ്റെ സോന സ്യൂട്ടിൽ എക്സർസൈക്കിളിൽ പരിശീലനം നടത്തി. തളരുമ്പോൾ തുള്ളി വെള്ളം കുടിക്കാതെ വിശ്രമിച്ചു. പിന്നീട് വീണ്ടും പരിശീലനം തുടർന്നു. ആർക്കും അസാധ്യമെന്ന് തോന്നിയേക്കാവുന്ന കഠിനാധ്വാനം നടത്തി. സ്വന്തം ശരീരത്തെ അങ്ങേയറ്റം ക്രൂരമായി പീഡിപ്പിച്ച് കൊണ്ട് ഒളിമ്പിക് മെഡലെന്ന സ്വപ്ന ദൂരത്തിലേക്ക് അവർ നടന്നു.

തോൽപ്പിച്ച് 100 ഗ്രാം

മത്സരത്തിൻ്റെ ആദ്യ ദിവസം രാവിലെ ഭാരം 49.90 ആയിരുന്നു. ആ സമയത്ത് പേപ്പർ പോലെ അവരുടെ തൊലി മസിലുകളോട് പറ്റിച്ചേർന്ന് കിടക്കുകയായിരുന്നു. കണ്ണുകൾ കുഴിച്ച് ഞരമ്പുകൾ തെളിഞ്ഞു കാണാമായിരുന്നു. എങ്കിലും മത്സരിക്കാനുള്ള ഭാര പരിധിക്കുള്ളിലെത്താൻ അവർക്ക് കഴിഞ്ഞു. അവിടെയും തീർന്നില്ല. കഠിനാധ്വാനത്തിലൂടെ ഭാരം നിയന്ത്രിച്ച അവർ ആ പകലിൽ അദ്ഭുതങ്ങൾ കാട്ടി. തോൽവിയറിയാത്ത ലോകചാംപ്യൻ സുസകിയെ, പിന്നീട് മുൻ ഒളിംപിക് വെങ്കല മെഡൽ ജേതാവ് ലിവാചിനെ ശേഷം ക്യൂബൻ താരം ഗുസ്‌മാനെയും മലർത്തിയടിച്ചു.

സുസകിയെ പരാജയപ്പെടുത്തിയ മത്സരത്തിന് ശേഷം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ കാത്തുനിൽക്കാതെ അവർ വിശ്രമിക്കാനായി പോയി. ഒന്നിന് പുറകെ ഒന്നായി വിനേഷ് ജയിച്ചുകൊണ്ടിരുന്നപ്പോഴും വിനേഷിൻ്റെ ന്യൂട്രീഷനിസ്റ്റ് ആകെ ആശങ്കയിലായിരുന്നു. അന്ന് രാവിലെ ഒരു ജ്യൂസാണ് വിനേഷ് കുടിച്ചത്. ഭാരം 300 ഗ്രാം കൂടി. മത്സരത്തിനിടെ പിന്നെയും വെള്ളം കുടിച്ചു. രണ്ട് കിലോയോളം അങ്ങനെ കൂടി. ഇതിനെല്ലാം ഇടയിൽ ലഘുഭക്ഷണം കഴിച്ചതോടെ ഭാരത്തിൽ 700 ഗ്രാംമിൻ്റെ വർധനവുണ്ടായി. സെമിഫൈനൽ മത്സരം കൂടി ജയിച്ചപ്പോഴേക്കും വിനേഷിൻ്റെ തൂക്കം 52.7 കിലോ ആയിരുന്നു. അതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. തൊട്ടടുത്ത ദിവസത്തെ മത്സരത്തിന് എത്തുമ്പോഴേക്കും ഭാരം 50 കിലോഗ്രാമായി നിർത്തുക വിനേഷിന് മുന്നിൽ വെല്ലുവിളിയായി.

മരുന്ന് കഴിച്ച് ഭാരം പെട്ടെന്ന് കുറയ്ക്കാൻ ശ്രമിച്ചാൽ അത് പിന്നീട് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. അതിനാൽ കടുത്ത വ്യായാമത്തിലേക്ക് അവർ തിരികെ പോയി. എന്നാൽ രാത്രി വൈകിയിട്ടും ഭാരം പ്രതീക്ഷിച്ച പോലെ കുറഞ്ഞില്ല. ദിവസങ്ങളോളം വെള്ളം കിട്ടാതിരുന്ന ശരീരം പെട്ടെന്ന് വെള്ളം കിട്ടിയപ്പോൾ അത് വലിച്ചെടുക്കുകയും പുറംതള്ളാൻ വിസമ്മതിക്കുകയും ചെയ്തു. മൂത്രം പോലും ഇല്ലാത്ത സ്ഥിതി. ആ രാത്രി വിനേഷ് ഉറങ്ങിയില്ല. ട്രെഡ്‌മില്ലിൽ കടുത്ത വ്യായാമത്തിലായിരുന്നു അവർ, അതും ആറ് മണിക്കൂർ. മത്സരശേഷം എന്തെങ്കിലും ഭക്ഷണമോ വെള്ളമോ അവർ കഴിച്ചില്ല. ഇടവേളകളിൽ അവർ ഭാരം നോക്കി. വളരെ സാവധാനമായിരുന്നു ഭാരം കുറഞ്ഞിരുന്നത്. ഭാരം കുറയ്ക്കാൻ പല വഴിയും വിനേഷിൻ്റെ സംഘാംഗങ്ങളും തേടി. വിനേഷിൻ്റെ വസ്ത്രത്തിൻ്റെ താഴെ ഭാഗത്തെ ഇലാസ്റ്റിക് കോച്ച് കീറി. മുടിയും മുറിച്ചുകളഞ്ഞു. അതിരാവിലെ യുണൈറ്റഡ് വേൾഡ് റെസ്ലിങ് അംഗത്തെ വിളിച്ച താരത്തിൻ്റെ സംഘാംഗം ചോദിച്ചത് ഭാരപരിശോധനയിൽ പരാജയപ്പെട്ടാലുള്ള നടപടി എന്ത് എന്നായിരുന്നു. അയോഗ്യത എന്നായിരുന്നു മറുപടി.

രാവിലെ ഏഴരയ്ക്ക് വിനേഷിൻ്റെ തൂക്കം നോക്കി. 50.1 കിലോഗ്രാം. തലേ ദിവസം വടക്കൻ കൊറിയൻ താരത്തിനും ഇതേ സ്ഥലത്ത് സമാനമായ അനുഭവം ഉണ്ടായിരുന്നു. അവർ തൻ്റെ അടിവസ്ത്രങ്ങൾ അഴിച്ചുകളഞ്ഞും തൊണ്ടയിൽ കൈവിരലിട്ട് ഛർദ്ദിച്ചും ഭാരം കുറയ്ക്കാൻ ശ്രമിച്ചു. ആ വഴിയേ വിനേഷും പോയി. തൊണ്ടയിൽ കൈവിരൽ കുത്തിയിറക്കി ഛർദ്ദിക്കാൻ ശ്രമിച്ചു. ഭക്ഷണം എന്തെന്ന് മറന്നുതുടങ്ങിയ ശരീരത്തിന് പുറം തള്ളാൻ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ഭാരം നോക്കുന്ന യന്ത്രത്തിൻ്റെ തകരാറാണെങ്കിലോ എന്നായി പിന്നീടുള്ള സംശയം, മറ്റൊരു യന്ത്രത്തിൽ കയറി നിന്നു. അപ്പോഴും തൂക്കം 50.1 തന്നെ. തനിക്ക് കുറച്ച് സമയം കൂടി തരാമോ എന്നായി വിനേഷിൻ്റെ ചോദ്യം. എന്നാൽ തൂക്കം നോക്കുന്ന യന്ത്രത്തെ പോലെ അധികൃതർ കടുത്ത നിലപാടെടുത്തു. നിയമം പാലിക്കുക എന്നായിരുന്നു അത്.

മാനസികമായി തളർന്ന വിനേഷ് തളർന്ന് അവശയായി തറയിലേക്ക് പതിച്ചു. ഡ്രിപ്പ് ഇട്ടെങ്കിലും താരം ആരോഗ്യവതിയായില്ല. ഇതോടെ ആശുപത്രിയിലേക്ക് മാറ്റി. മത്സരവേദിയിൽ സഹമത്സരാർത്ഥികളും യുഡബ്യുഡബ്ലു പ്രസിഡൻ്റും കോച്ചുമാരും വിനേഷിനേറ്റ തിരിച്ചടിയിൽ സങ്കടപ്പെട്ടു. മത്സരം വിനേഷില്ലാതെ തുടർന്നു. ഫൈനലിൽ വിനേഷിൻ്റെ എതിരാളിയാകേണ്ടിയിരുന്ന ഹിൽഡെബ്രാൻഡ് സ്വർണം നേടി, ഗുസ്‌മൻ ക്യൂബയ്ക്ക് വേണ്ടി ആദ്യമായി വെള്ളി കരസ്ഥമാക്കി. ലിവാസും സുസകിയും വെങ്കല മെഡൽ പങ്കിട്ടു. ഇവർക്കാർക്കും പക്ഷെ അക്ഷീണം ഭാരം കുറയ്ക്കാൻ പരിശ്രമിച്ച് തളർച്ചയോടെ ഗോദയിലെത്തിയ വിനേഷിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. എല്ലാത്തിൻ്റെയും അവസാനത്തിലും വിനേഷ് തനിക്ക് തുല്യം താൻ മാത്രമാണെന്ന് അടയാളപ്പെടുത്തുകയാണ്.

മത്സരിച്ച 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെള്ളിമെഡൽ പങ്കുവെയ്ക്കണം എന്നാവശ്യപ്പെട്ട് ലോക കായിക തർക്കപരിഹാര കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. വിനേഷിനോട് ഗുസ്തിപിടിച്ച് തോറ്റവർക്ക് മെഡൽ കിട്ടി. എതിരാളികൾക്ക് വിനേഷിനെ തോൽപ്പിക്കനായില്ല. വിനേഷ് ഫോഗട്ടിനെ തോൽപ്പിക്കാൻ സാധിച്ചത് വിനേഷ് ഫോഗട്ടിൻ്റെ ശരീരത്തിനായിരുന്നു. അപ്പീൽ വിധി എന്തുതന്നെയായാലും ഈ പോരാട്ടത്തിലെ വിജയി വിനേഷ് ഫോഗട്ടാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here