അമീബിക് മസ്തിഷ്ക ജ്വരം; ഉറവിടത്തിൽ വ്യക്തത വരുത്താനാകാതെ ആരോഗ്യവകുപ്പ്; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചില്ല
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ഒരാഴ്ചയായിട്ടും രോഗ ഉറവിടത്തിൽ വ്യക്തത വരുത്താനാകാതെ ആരോഗ്യവകുപ്പ്. നെല്ലിമൂട് സ്വദേശികൾക്ക് രോഗം പകർന്നുവെന്ന് സംശയിക്കുന്ന കുളത്തിൽ നിന്നുള്ള സാമ്പിളുകൾ ഇനിയും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല. കുളത്തിൽ പ്രാഥമിക പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു.
നിലവിൽ ഒരു മരണം ഉൾപ്പെടെ ഒൻപത് കേസുകൾ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ എട്ടു പേർ നെയ്യാറ്റിൻകര സ്വദേശികളാണ്. ഒരാൾ പേരൂർക്കട സ്വദേശിയും. ഇയാൾക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നും സ്ഥിരീകരിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന പേരൂർക്കട സ്വദേശിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
Read Also: തിരുവനന്തപുരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി വെട്ടുകത്തി ജോയി മരിച്ചു
ചികിത്സയിലുള്ള മറ്റുള്ളവരുടെയും ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഇല്ല. ഐസിഎംആറിന്റെ വിദഗ്ധ സംഘത്തിൻറെ പഠനവും തുടങ്ങിയിട്ടില്ല. അതേസമയം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ. കഴിഞ്ഞ ദിവസം വെന്റിലേറ്ററിൽ നിന്ന് മാറ്റിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരൻ ഐസിയുവിൽ കഴിയുകയാണ്.
Story Highlights : Department of Health is unable to clarify the source Amebic Meningoencephalitis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here