നാളെ വിപുലമായ തിരച്ചില്‍; ലോറി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഈശ്വർ മൽപെ
ഷിരൂരിൽ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന തിരച്ചില്‍ അവസാനിപ്പിച്ചു. നാളെ വീണ്ടും തിരച്ചില്‍ പുനരാരംഭിക്കും. അര്‍ജുൻ ഓടിച്ചിരുന്ന ലോറി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ആത്മവിശ്വാസമുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
ഇന്ന് വൈകിട്ട് രണ്ടു മണിക്കൂറോളമാണ് തെരച്ചില്‍ നടത്തിയത്. നാളെ കൂടുതല്‍ ആളുകളെ എത്തിച്ച് വിപുലമായ തെരച്ചിലായിരിക്കും നടത്തുക. നാളെ നല്ല വെയിലുള്ള സമയത്ത് തിരച്ചില്‍ നടത്തിയാല്‍ കൂടതല്‍ ഗുണകരമാകുമെന്നും ഈശ്വര്‍ മല്‍പെ വ്യക്തമാക്കി.
അതേസമയം ഇന്നത്തെ തിരച്ചിലില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ച് മല്‍പെ കരയിലേക്ക് കയറിയത്. ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. വൈകിട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍സ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അര്‍ജുൻ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്തുണ്ട്.
Story Highlights : Ishwar Malpe about lorry driver Arjun rescue mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here