‘ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു, അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല’; സിദ്ദിഖ്
ഇടവേള ബാബുവിനെതിരെ ഉയര്‍ന്ന ആരോപണം പരിശോധിക്കുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു. ബാബുവിനോട് ഇക്കാര്യം സംബന്ധിച്ച് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ആരോപണം പരിശോധിക്കുമെന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് പറഞ്ഞു. . ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. കുറ്റം ചെയ്തവര്‍ക്ക് എതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം.
മലയാള സിനിമയില്‍ എല്ലാവരും മോശക്കാരാണെന്ന് പറയുന്നത് കേട്ടപ്പോൾ വലിയ വിഷമം തോന്നി. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. മറ്റ് പല മേഖലകളിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അക്കാര്യത്തില്‍ പരാതിപ്പെട്ട് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും ആ തൊഴില്‍ മേഖലയെ ഒന്നാകെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാകാറില്ല. ഒരു രാഷ്ട്രീയക്കാരന്‍ അഴിമതി നടത്തിയാല്‍ എല്ലാ രാഷ്ട്രീയക്കാരും അങ്ങനെയാണെന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കാറില്ല. അങ്ങനെ ചെയ്തയാളെ കണ്ടെത്തി ശിക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എവിടെയോ ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നുള്ളൊരു അറിവിന്‍റെ അടിസ്ഥാനത്തില്‍, ഒരു വ്യവസായ മേഖലയെ അല്ലെങ്കില്‍ ജനങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന കുറേ ആളുകളെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള പ്രവണത നല്ലതല്ല. അത് ഞങ്ങള്‍ക്ക് ഒരുപാട് ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. വളരെ വിഷമത്തോടെയാണ് ഞങ്ങള്‍ അക്കാര്യം അറിയിക്കുന്നതെന്ന് സിദ്ദിഖ് പറഞ്ഞു.
ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാൻ വൈകിയതിൽ മാപ്പ് ചോദിച്ച് നടനും അമ്മ വൈസ് പ്രസിഡന്റുമായ ജഗദീഷ് രംഗത്തെത്തി. ഒറ്റപ്പെട്ട സംഭവമാണെന്ന് പറയാനാവില്ലെന്നും സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേട്ടക്കാരുടെ പേരുകൾ എങ്ങനെ ഒഴിവായെന്ന് ചോദിച്ച അദ്ദേഹം ലൈംഗിക ചൂഷണങ്ങളിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു. കേസെടുത്താൽ അമ്മ അച്ചടക്ക നടപടിയെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights : Actor siddique react Idavela Babu allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here