‘പ്രതികരണം വൈകിയതിൽ മാപ്പ്, ഒറ്റപ്പെട്ട സംഭവമാണെന്ന് പറയരുത്’; അമ്മ നേതൃത്വത്തെ തള്ളി ജഗദീഷ്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിക്കാൻ വൈകിയതിൽ മാപ്പ് ചോദിച്ച് നടനും അമ്മ വൈസ് പ്രസിഡന്റുമായ ജഗദീഷ്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറയാനാവില്ലെന്നും സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേട്ടക്കാരുടെ പേരുകൾ എങ്ങനെ ഒഴിവായെന്ന് ചോദിച്ച അദ്ദേഹം ലൈംഗിക ചൂഷണങ്ങളിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടു. കേസെടുത്താൽ അമ്മ അച്ചടക്ക നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു. കണ്ടെത്തലുകളിൽ അന്വേഷണം വേണം.
പേരുകൾ ഉണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല. ഒറ്റപ്പെട്ടെ സംഭവം ആണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ കഴിയില്ല. വ്യവസായത്തിൽ പ്രശ്നങ്ങളുണ്ട്. എനിക്ക് നേരിട്ട് അനുഭവമില്ല.സിനിമ വ്യവസായത്തിൽ പ്രശ്നങ്ങൾ നടക്കുന്നുണ്ടെങ്കിൽ ഭാവിയിൽ ഇല്ലാതാക്കണം. ഇതിൽ ചോദ്യങ്ങളുണ്ടാകുമ്പോൾ മറ്റിടത്തും നടക്കുന്നില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. സർക്കാർ റിപ്പോർട്ട് വൈകിയതിലും പേജുകൾ മാറ്റിയതിലും വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തോന്നുന്നില്ല. മാഫിയ സംഘങ്ങളുമില്ല.വ്യവസായം മെച്ചപ്പെടുത്തുന്നതിനാണ് മുൻഗണന. ദിലീപ് കേസിൽ ദിലീപ് രാജിവച്ചു. സ്വയം രാജിവച്ചയാൾക്കെതിരെ നടപടി സ്വീകരിക്കേണ്ട കാര്യമില്ല. റിപ്പോർട്ട് അന്ന് പ്രസിദ്ധീരിച്ചിരുന്നെങ്കിൽ ഇന്ന് ഒരുപാട് കാര്യങ്ങളിൽ മാറ്റമുണ്ടാകമായിരുന്നു. പേരുകൾ പുറത്തു വരട്ടെ, പുറത്തു വന്നാൽ ഗോസിപ്പുകൾ കുറയുമെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് അഞ്ചുവർഷം മുമ്പുള്ളതാണ്. റിപ്പോർട്ടിൽ പറയുന്ന അടിസ്ഥാന സൗകര്യങ്ങളിൽ ഇപ്പോൾ മാറ്റമുണ്ട്. എന്നാൽ റിപ്പോർട്ടിലെ മൊഴികൾ അപ്രസക്തം എന്നർത്ഥമില്ല. മൊഴികൾ വീണ്ടും ശേഖരിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ല്യു.സി.സി ഉന്നയിച്ച കാര്യങ്ങൾ ന്യായമാണ്. അവർ വേറെയല്ല, നമ്മളിലുള്ളവർ തന്നെയാണ്.
സിനിമാ മേഖലയിൽ എല്ലായിടവും ചൂഷണമില്ല.അമ്മയിലെ അംഗങ്ങൾ റിപ്പോർട്ടിൽ ഞെട്ടിയിരിക്കുകയാണ്.വ്യക്തിപരമായി പരാതിയുമായി ആരും വന്നിട്ടില്ല.സിനിമയിൽ ചൂഷണമുണ്ട്. നേരിട്ടവർ തന്നെയാണ് പരാതിയുമായെത്തിയിട്ടുള്ളത്, അതിൽ സംശയമില്ല. റിപ്പോർട്ട് വന്നതിനു ശേഷം കുറ്റം ചെയ്തവർക്ക് ഒരു ഭയമുണ്ടായിട്ടുണ്ട്. ആത്മ പ്രസിഡന്റിനെതിരെ എന്നല്ല ആർക്കെതിരെയും ആരോപണമുണ്ടായാലും അന്വേഷിക്കപ്പെടണമെന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights : Jagadish react Hema committee report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here