മലപ്പുറത്തെ മറികടന്ന് കൊല്ലം; ഏറ്റവുമധികം വിദേശ പണം എത്തിയ ജില്ല; 2023 ൽ കേരളത്തിലെത്തിയത് 2 ലക്ഷം കോടി
പ്രവാസികളുടെ പണം ഏറ്റവും കൂടുതൽ ലഭിക്കുന്ന ജില്ലയായി കൊല്ലം. ഏറെക്കാലമായി മലപ്പുറം ജില്ല നിലനിർത്തിയിരുന്ന ഒന്നാം സ്ഥാനമാണ് 2023 ൽ കൊല്ലം ജില്ല കരസ്ഥമാക്കിയതെന്ന് കേരള മൈഗ്രേഷൻ സർവേ 2023 പറയുന്നു. ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്‌മെന്റിന് വേണ്ടി പ്രമുഖ ഗവേഷകനായ എസ് ഇരുദയരാജനാണ് പഠനം നടത്തിയത്.
ഇത് പ്രകാരം കഴിഞ്ഞ വർഷം കേരളത്തിലെത്തിയ ആകെ പ്രവാസി പണത്തിൻ്റെ 17.8 ശതമാനം കൊല്ലം ജില്ലയിലേക്കാണ് പോയത്. മലപ്പുറം ജില്ലയാണ് രണ്ടാമത്, 16.2 ശതമാനം. 40.1 ശതമാനം പണം മുസ്ലിം കുടുംബങ്ങളിലേക്കും 39.1 ശതമാനം ഹിന്ദു കുടുംബങ്ങളിലേക്കും 20.8 ശതമാനം പണം ക്രിസ്ത്യൻ കുടുംബങ്ങളിലേക്കും എത്തിയെന്നും ഈ പഠന റിപ്പോർട്ട് പറയുന്നു.
വിദേശത്ത് നിന്ന് കേരളത്തിലേക്ക് കഴിഞ്ഞ വർഷം ആകെ 2,16,893 കോടി രൂപയാണ് എത്തിയത്. കൊവിഡിന് ശേഷം സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് എത്തുന്ന പണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. 2018 ല്‍ 85,092 കോടിയായിരുന്നു കേരളത്തിലേക്ക് എത്തിയിരുന്നത്. ഇവിടെ നിന്നാണ് അഞ്ച് വർഷത്തിനിപ്പും 2 ലക്ഷം കോടിയിലേക്കുള്ള വർധന. അഞ്ചു വര്‍ഷത്തിനിടെ 154 ശതമാനമാണ് സംസ്ഥാനത്ത് എത്തിയ വിദേശ പണത്തിലുണ്ടായ വർധന.
എന്നാൽ ഈ പണം എത്തുന്ന വീടുകളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. 2018 ൽ 16 ശതമാനം വീടുകളിലേക്ക് പണമെത്തിയിരുന്നു. 2023 ൽ ഇത് 12 ശതമാനമായി മാറി. അതേസമയം രാജ്യത്തെത്തുന്ന വിദേശ പണത്തിൻ്റെ 21 ശതമാനം വിഹിതം കേരളത്തിലേക്ക് എന്നതിൽ 2023 ലും മാറ്റമുണ്ടായില്ല. 2019 മുതൽ 21 ശതമാനം വിഹിതമാണ് കേരളം നിലനിർത്തുന്നത്. സംസ്ഥാനത്തെ റവന്യൂ വരുമാനത്തിൻ്റെ 1.7 ഇരട്ടിയാണ് 2023 ൽ വിദേശത്ത് നിന്ന് പ്രവാസികൾ അയച്ച പണം. ഇതിൻ്റെ ഫലമായി സംസ്ഥാനത്തെ ആഭ്യന്തര ഉൽപ്പാദനം 13.5 ശതമാനത്തിൽ നിന്ന് 23.2 ശതമാനമായി വർധിച്ചിരുന്നു.
Story Highlights : Foreign remittance Kerala 2023 Kollam surpassed Malappuram district.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here