Advertisement

“പ്രായം 59, തനിച്ചുള്ള ജീവിതത്തിൽ തൃപ്തനല്ല; പങ്കാളിയെ ആഗ്രഹിക്കുന്നു”, ആമീർ ഖാൻ

August 26, 2024
Google News 2 minutes Read
Aamir Khan on his plans to marry for a third time

കിരൺ റാവുവുമായുള്ള വിവാഹമോചനത്തിന് ശേഷം ബോളിവുഡ് നടൻ ആമീർ ഖാൻ വീണ്ടും വിവാഹിതനായേക്കുമെന്ന് സൂചന. റിയ ചക്രബർത്തിയുടെ പോഡ്‌കാസ്റ്റിലെ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തൻ്റെ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ കൂടാതെ തൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ചും താരം തുറന്നുപറയുകയുണ്ടായി.

മൂന്നാമതും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആമീർ ഖാൻ നൽകിയ മറുപടി രസകരമാണ്. “എനിക്ക് ഇപ്പോൾ 59 വയസ്സായി, ഞാൻ എങ്ങിനെയാണ് വീണ്ടും വിവാഹം കഴിക്കുക, ബുദ്ധിമുട്ടായി തോന്നുന്നു (മുഷ്കിൽ ലാഗ് രഹാ ഹേ) . എനിക്കിപ്പോൾ ജീവിതത്തിൽ വളരെയധികം ബന്ധങ്ങളുണ്ട്, എൻ്റെ കുടുംബവുമായും കുട്ടികളുമായും ഞാൻ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. എന്നോട് അടുപ്പമുള്ള ആളുകളുമായി കഴിയുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഒരു മികച്ച വ്യക്തിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ആമീർ ഖാൻ അഭിമുഖത്തിൽ പറയുന്നു.

വിവാഹം കഴിയ്ക്കുന്നതില്‍ ഉപദേശം തേടിയ അവതാരകയോട് രണ്ട് വിവാഹബന്ധങ്ങളും പരാജയപ്പെട്ട തന്നെപ്പോലൊരാളോട് ഈ വിഷയത്തെ കുറിച്ച് ചോദിക്കുന്നത് അനുചിതമാണെന്നായിരുന്നു ആമീറിന്റെ തമാശരൂപേണയുള്ള മറുപടി.

Read Also: http://‘അമ്മയ്ക്ക് വീഴ്ച സംഭവിച്ചു; ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം’; പൃഥ്വിരാജ്

എന്തായിരുന്നാലും തനിച്ചുള്ള ജീവിതത്തിൽ താൻ തൃപ്തനല്ലെന്നും കൂട്ടിനായി ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. തൻ്റെ മുൻ ഭാര്യമാരായ കിരൺ, റീന ദത്ത എന്നിവരുമായി താൻ ഇപ്പോഴും എങ്ങനെയാണ് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നതെന്നും താരം പറയുകയുണ്ടായി. വിവാഹത്തിൻ്റെ വിജയം ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കേതൻ മേത്തയുടെ ഹോളി എന്ന ചിത്രത്തിലൂടെയാണ് ആമീർ ഖാൻ ബോളിവുഡിൽ കാലെടുത്ത് വെക്കുന്നത്. പിന്നീട് ഖയാമത് സേ ഖയാമത് തക്, ജോ ജീതാ വഹി സിക്കന്ദർ, രംഗീല, രാജാ ഹിന്ദുസ്ഥാനി, ഗുലാം, സർഫറോഷ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായി. ലഗാൻ, ദിൽ ചാഹ്താ ഹേ, രംഗ് ദേ ബസന്തി, താരേ സമീൻ പർ, ഗജിനി, 3 ഇഡിയറ്റ്‌സ്, ദംഗൽ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനും താരം പ്രശംസ ഏറ്റുവാങ്ങിയിരുന്നു. അദ്വൈത് ചന്ദൻ്റെ ലാൽ സിംഗ് ഛദ്ദയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

ആർ എസ് പ്രസന്ന സംവിധാനം ചെയ്യുന്ന സിത്താരെ സമീൻ പർ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ആമീർ ഖാൻ ഇപ്പോൾ. 2018-ലെ സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിനെ അടിസ്ഥാനമാക്കിയുള്ള ഒരു കായിക നാടകമാണിത്. ചിത്രത്തിൽ ജെനീലിയ ദേശ്മുഖും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അടുത്ത കാലത്താണ് താരത്തിന്റെ കരിയറിൽ ചെറിയോരു വീഴ്ച വന്നത്. ആമീറിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ലാൽ സിങ് ഛദ്ദ എന്ന സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഇതോടെ ആമീർ വീണ്ടും ഇടവേളയെടുത്തു. അതുകഴിഞ്ഞ് കരിയറിൽ വീണ്ടും സജീവമാവുകയാണിപ്പോൾ. സിനിമകളിൽ നിന്നും മാറി നിന്നത് തന്റെ വ്യക്തി ജീവിതത്തിൽ ഏറെ സഹായിച്ചെന്നും മക്കളോടൊപ്പം സമയം ചെലവഴിക്കാൻ ഇടവേള സഹായിച്ചെന്ന് ആമീർ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

താരത്തിന്റെ മകൾ ഇറയുടെ വിവാഹം ഈ അടുത്താണ് കഴിഞ്ഞത്. വിവാഹവേദിയിൽ നിറകണ്ണുകളോടെ നിൽക്കുന്ന ആമീർ ഖാന്റെ വീഡിയോകളും ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ആമീറിന്റെ കുടുംബ ജീവിതം പലപ്പോഴും ആരാധകർക്ക് കൗതുകമായിട്ടുണ്ട്. രണ്ട് തവണ വിവാഹമോചനം നേടിയതാരത്തിന് തന്റെ ആദ്യ ഭാര്യ റീന ദത്തയുമായോ രണ്ടാമത് വിവാഹം ചെയ്ത കിരൺ റാവുവുമായോ ഒരു പ്രശ്നവും ഇല്ല എന്നുള്ളതാണ് എടുത്തുപറയേണ്ടത് . പരസ്പരം സമ്മതത്തോടെ നിയമപരമായി വേർപിരിഞ്ഞവർ കുട്ടികളുടെ കാര്യത്തിൽ ഒരു പോലെ ശ്രദ്ധ കൊടുക്കുന്നു. റീനയുമായും കിരണുമായും വലിയ സൗഹൃദം ആമീറിനുണ്ട്. കുടുംബത്തിലെ വിശേഷ ദിവസങ്ങളിലെല്ലാം ഇവർ ഒരുമിച്ച് കൂടുന്നു. കൗതുകകരമായ മറ്റൊരു കാര്യമെന്തെന്നാൽ റീന ദത്തയും കിരൺ റാവുവും തമ്മിൽ വലിയ ആത്മബന്ധമുണ്ടെന്നാണ്. ഒരു അസാധാരണ കുടുംബകഥയാണ് താരത്തിന്റേത്.

Story Highlights :Aamir Khan on his plans to marry for a third time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here