താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങൾ; അമ്മയിൽ സമാനതകളില്ലാത്ത പ്രതിസന്ധി
ഹേമാ കമ്മിറ്റി റിപ്പോർട്ടും പിന്നാലെ വരുന്ന ആരോപണങ്ങളും താര സംഘടനയെ തള്ളിവിട്ടത് സമീപകാലത്തെങ്ങും കാണാത്ത പ്രതിസന്ധിയിലേക്കാണ്. സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങളാണ് അമ്മയെ വലയ്ക്കുന്നത്. അതിനിടെ പരാതിക്കാരായ വനിതകളെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കങ്ങളും അമ്മയിൽ നടക്കുന്നു. വിവാദങ്ങളിൽ എടുക്കേണ്ട നിലപാടിനെച്ചൊല്ലി ചേരിതിരിഞ്ഞ് തർക്കം രൂക്ഷമായതോടെ നാളെ നടത്താനിരുന്ന എക്സിക്യൂട്ടീവ് യോഗം അമ്മ മാറ്റിവച്ചു.
നാളെ നിശ്ചയിച്ചിരുന്ന എക്സിക്യൂട്ടീവ് യോഗം മാറ്റിയതിൽ ഉൾപ്പെടെ പ്രതിസന്ധി നിഴലിക്കുന്നു. പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യമാണ് കാരണമെന്ന് പറയുമ്പോഴും സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ലൈംഗികാരോപണങ്ങളാണ് എക്സിക്യൂട്ടീവ് യോഗം ചേരുന്നതിലെ പ്രധാന വെല്ലുവിളി. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ സിദ്ദിഖിന് പകരം ചുമതലക്കാരനായ ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയർന്നത് വീണ്ടും തിരിച്ചടിയായി.
Read Also: പശ്ചിമ ബംഗാൾ നടിയുടെ പരാതി: രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു
പരാതിക്കാരെ പ്രതിസന്ധിയിലാക്കാനാണ് അമ്മയിലെ ചില താരങ്ങളുടെ ശ്രമമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നടി രേവതി സമ്പത്തിനെതിരെ പരാതി നൽകി സിദ്ദിഖാണ് തുടക്കം കുറിച്ചത്. ഇതിനിടെ ഡബ്ല്യൂസിക്കൊപ്പം നിന്നാൽ വീട്ടിൽ കയറി അടിക്കുമെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ ഭാഗ്യലക്ഷ്മിക്ക് ഫോൺ വഴി അജ്ഞാത ഭീഷണി സന്ദേശവും ലഭിച്ചു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെ മൂന്ന് അഭിഭാഷകർ എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകി. അമ്മയുടെ ഓഫീസിനു മുന്നിൽ എറണാകുളം ലോ കോളജിലെ വിദ്യാർത്ഥികൾ റീത്തു വച്ച് പ്രതിഷേധിച്ചു. പ്രതിസന്ധികൾക്കിടെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ നിയോഗിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.
Story Highlights : Crisis in Association of Malayalam Movie Artists- AMMA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here