Advertisement

ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി; ആരോപണവുമായി ഷെയ്ഖ് ഹസീനയുടെ മകൻ

August 28, 2024
Google News 2 minutes Read

ബം​ഗ്ലാദേശിൽ മാധ്യമപ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാളി ഭാഷാ ചാനലായ ഗാസി ടിവിയു​ടെ ന്യൂസ് റൂം എഡിറ്ററായ സാറ രഹനുമയാണ് മരിച്ചത്. 32 വയസായിരുന്നു. ഹതിർജീൽ തടാകത്തിൽ ഒഴുകിനടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമെന്ന് ആരോപിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീദ് വാസെദ് രംഗത്തെത്തി.

മൃതദേഹം ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരിക്കുന്നതിന് മുൻപ് മരണം സംബന്ധിച്ച് തൻ്റെ ഫെയ്സ്ബുക്കിൽ ഇവർ പങ്കുവച്ച രണ്ട് കുറിപ്പുകൾ സംബന്ധിച്ച് പൊലീസ് പരിശോധന തുടങ്ങി. മരിച്ചതു പോലെ ജിവിക്കുന്നതിനേക്കാൾ നല്ലത് മരണമാണെന്നാണ് ചൊവ്വാഴ്ച രാത്രി 10.24 ന് പങ്കുവച്ച കുറിപ്പ്. ബംഗ്ലാദേശ് പതാക തലയിൽ കെട്ടിയ ചിത്രത്തോടൊപ്പം പങ്കുവച്ച രണ്ടാമത്തെ കുറിപ്പിൽ സുഹൃത്ത് ഫഹീമിനെ ടാഗ് ചെയ്തുകൊണ്ടാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇത്രയും നല്ലൊരു സുഹൃത്തിനെ ലഭിച്ചതിൽ താൻ സന്തോഷവതിയാണെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും നമ്മൾ ഒരുപാട് കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നുവെന്നും അതൊന്നും യാഥാർഥ്യമാക്കാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞായിരുന്നു പോസ്റ്റ് അവസാനിപ്പിച്ചത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ മാധ്യമപ്രവർത്തകയുടെ മരണം അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായ ക്രൂര ആക്രമണമെന്നാരോപിച്ച് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ മകൻ സജീദ് വാസെദ് രംഗത്ത് വന്നു. സാറ രഹനുമ ജോലി ചെയ്തിരുന്ന ഗാസി ടിവി മതേതര നിലപാട് സ്വീകരിക്കുന്ന ടെലിവിഷനാണ്. ചാനലിൻ്റെ ഉടമ ഗോലം ദസ്‌തഗിർ ഗാസിയെ പൊലീസ് ഈയടുത്ത് അറസ്റ്റ് ചെയ്തിരുന്നുവെന്നും സജീദ് വാസെദ് തൻ്റെ എക്സ് ഹാൻ‍ഡിലിൽ കുറിച്ചു.

Story Highlights : Passerby spotted Sarah Rahanuma’s body in Dhaka’s Hatirjheel Lake.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here