സർക്കാർ ജീവനക്കാരുടെ പോസ്റ്റൽ വോട്ട് കുറഞ്ഞതിൽ ബിജെപിക്ക് ആശങ്ക; നിയമസഭ തെരഞ്ഞെടുപ്പ് നേരിടാൻ പുതിയ തന്ത്രങ്ങൾ

ബിജെപിയിൽ നിന്നുമകന്ന സർക്കാർ ജീവനക്കാരെ ആകർഷിക്കാൻ പുതിയ തന്ത്രങ്ങളുമായി സർക്കാർ. 2024 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2019 നെ അപേക്ഷിച്ച് ബിജെപിക്ക് ലഭിച്ച പോസ്റ്റൽ വോട്ടുകളിൽ ഗണ്യമായ കുറവാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ഏകീകൃത പെൻഷൻ പദ്ധതിയെന്ന പുതിയ സ്കീം കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സർക്കാർ ജീവനക്കാർ പ്രതിപക്ഷ അനുകൂല നിലപാടെടുത്തെന്ന ബിജെപി വിലയിരുത്തലിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ചത്. ഇത് പ്രകാരം അവസാന 12 മാസം ലഭിച്ച അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം ജീവനക്കാർക്ക് പെൻഷനായി അനുവദിക്കുമെന്നാണ് പുതിയ പ്രഖ്യാപനം. പ്രധാനമായും പോസ്റ്റൽ വോട്ടുകൾ ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ രോഷം ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് ബിജെപി സർക്കാരിൻ്റെ കണക്കുകൂട്ടൽ.
2024 ൽ ബിജെപിക്ക് ലഭിച്ച പോസ്റ്റൽ ബാലറ്റുകളിൽ വൻ കുറവുണ്ടായ നാല് സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയും ജാർഖണ്ഡും ഈ വർഷം തെരഞ്ഞെടുപ്പിലേക്ക് പോകും. ഇവിടങ്ങളിൽ സർക്കാർ ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വോട്ട് നിർണായകമാണ്.
Read Also: പാകിസ്താനി ക്രിസ്ത്യാനിക്ക് സിഎഎ വഴി ഇന്ത്യന്‍ പൗരത്വം; ‘മോദിക്കും അമിത്ഷായ്ക്കും നന്ദി’
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ട് ചെയ്യാമെങ്കിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന സർക്കാർ ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ചെയ്യുന്നവരിൽ അധികവും. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ എല്ലാ സീറ്റിലും ബിജെപിയാണ് ജയിച്ചത്. സംസ്ഥാനത്തെ 53689 പോസ്റ്റൽ വോട്ടുകളിൽ 74 ശതമാനം ബിജെപിക്ക് ലഭിച്ചപ്പോൾ കോൺഗ്രസിന് ലഭിച്ചത് വെറും 16 ശതമാനം മാത്രമായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അഞ്ച് സീറ്റിൽ കോൺഗ്രസാണ് ജയിച്ചത്. ആകെ പോൾ ചെയ്ത 51237 പോസ്റ്റൽ വോട്ടിൽ ബിജെപിക്ക് 44.26 ശതമാനം വോട്ടും കോൺഗ്രസിന് 48.49 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഹരിയാനയിൽ ഒക്ടോബർ ഒന്നിനാണ് വോട്ടെടുപ്പ്.
ജമ്മു കശ്മീരിൽ 53737 പോസ്റ്റൽ വോട്ടുകളാണ് 2019 ൽ പോൾ ചെയ്തത്. ഇതിൽ 69% ബിജെപിക്ക് ലഭിച്ചു. കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന് 16% വോട്ടാണ് ലഭിച്ചത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 42867 പോസ്റ്റൽ വോട്ടിൽ കോൺഗ്രസ് സഖ്യത്തിന് 38.64% വോട്ട് ലഭിച്ചു. ബിജെപിയുടെ വിഹിതം 33.26% മാത്രമായി കുറഞ്ഞു. മഹാരാഷ്ട്രയിൽ 2019 ൽ പോൾ ചെയ്ത 2.15 ലക്ഷം പോസ്റ്റൽ വോട്ടിൽ 54.8% ബിജെപി-ശിവസേന സഖ്യത്തിനായിരുന്നു. എൻസിപിക്ക് 30.15% വോട്ട് ലഭിച്ചു. 2024 ലെ തെരഞ്ഞെടുപ്പിൽ 2.09 ലക്ഷം പോസ്റ്റൽ വോട്ട് പോൾ ചെയ്തു. കോൺഗ്രസ്, ശിവസേന (ഉദ്ദവ്), എൻസിപി (ശരദ് പവാർ) എന്നിവരുൾപ്പെട്ട മഹാ വികാസ് അഖാഡി 43.72% വോട്ട് നേടി. മറുവശത്ത് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം 39 ശതമാനം വോട്ടിലേക്ക് ഒതുങ്ങി.
ജാർഖണ്ഡിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 2019 ൽ സംസ്ഥാനത്ത് 38553 പോസ്റ്റൽ വോട്ടിൽ 57 ശതമാനം നേടിയത് ബിജെപിയായിരുന്നു. കോൺഗ്രസ്, ജെഎംഎം, ആർജെഡി, സിപിഐഎംഎൽ എന്നിവരുൾപ്പെട്ട സഖ്യം 32.49 ശതമാനം പോസ്റ്റൽ വോട്ടാണ് നേടിയത്. 2024 ൽ ഭൂരിപക്ഷം പോസ്റ്റൽ വോട്ടും ഇന്ത്യ മുന്നണിക്കായിരുന്നു ലഭിച്ചത്.
Story Highlights : The 2024 Lok Sabha polls saw a reversal in the postal ballots.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here