Advertisement

‘കാരുണ്യ സ്പര്‍ശം രാജ്യത്തിനാകെ മാതൃകയാകുന്ന ചുവടുവെയ്പ്പ്’: മുഖ്യമന്ത്രി

August 29, 2024
Google News 1 minute Read

കാന്‍സര്‍ ചികിത്സാ ചെലവ് ചുരുക്കുന്നതില്‍ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പാണ് കാരുണ്യ സ്പര്‍ശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ ഇതുവഴി ലഭിക്കും.

തീര്‍ച്ചയായും കാന്‍സര്‍ രോഗികള്‍ക്ക് വളരെ ആശ്വാസകരമാകുന്ന ഒരു ചുവടുവെയ്പ്പാകും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാര്‍മസികളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ പദ്ധതിയുടെ ആദ്യ ഘട്ടമായി ഓരോ ജില്ലയിലേയും തെരഞ്ഞടുത്ത 14 കാരുണ്യ ഫാര്‍മസികളിലൂടെ ഉയര്‍ന്ന വിലയുള്ള കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. നിലവില്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന എല്ലാ കാരുണ്യ ഫാര്‍മസികളിലുമായി 250 ഓളം ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകള്‍ ലഭ്യമാണ്. ഇവയെല്ലാം തന്നെ ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും.

അര്‍ബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകള്‍ ഇടനിലക്കാരില്ലാതെ രോഗികള്‍ക്ക് ലഭ്യമാകും എന്നതാണ് ഇതിന്റെ സവിശേഷത. രണ്ടു ശതമാനം സേവന ചെലവ് മാത്രം ഈടാക്കിക്കൊണ്ടും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ലഭിക്കുന്ന ലാഭം പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുമാകും ഈ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. 26 ശതമാനം മുതല്‍ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകള്‍ക്കുണ്ടാവും. ഉദാഹരണത്തിന്, വിപണിയില്‍ ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന മരുന്നിന് 93 ശതമാനം വിലക്കുറവ് ഉണ്ടെങ്കില്‍ കേവലം 11,892 രൂപയ്ക്കായിരിക്കും രോഗികള്‍ക്കു ലഭ്യമാക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ആദ്യത്തെ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുന്നത്. വിപണി വിലയില്‍ നിന്ന് 10 മുതല്‍ 93 ശതമാനം വരെ വിലക്കുറവില്‍ കാരുണ്യ ഫാര്‍മസിയിലൂടെ എണ്ണായിരത്തില്‍പ്പരം ബ്രാന്‍ഡഡ് മരുന്നുകള്‍ വിതരണം ചെയ്തുവരുന്നുണ്ട്. നിലവില്‍ കേരളത്തിലുടനീളം 75 കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അവയില്‍ ഏഴെണ്ണം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കും.

ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും കേരളം വളരെ ഗൗരവത്തോടെ ഏറ്റെടുക്കേണ്ട ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. പകര്‍ച്ചവ്യാധികളുടെ വ്യാപനം, ജന്തുജന്യ രോഗങ്ങളുടെ വര്‍ദ്ധനവ്, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ നാം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അവയിലൊന്നാണ് കാന്‍സര്‍ നിയന്ത്രണം. സംസ്ഥാനത്ത് മുപ്പതു വയസ്സിനു മുകളിലുള്ളവരില്‍ ഒമ്പത് ലക്ഷം പേര്‍ക്ക് കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത സ്തനാര്‍ബുദത്തിനാണ്. സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സറും വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്സിനേഷന്‍ നല്‍കി സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി രണ്ടര കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുമുണ്ട്.

ആര്‍സിസിയിലും എംസിസിയിലും ഒട്ടേറെ നൂതന ചികിത്സാ സൗകര്യങ്ങള്‍ ഇക്കാലയളവില്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാന്‍സര്‍ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി സര്‍ക്കാര്‍ നടത്തിവരുന്ന ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായാണ് ഈ സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകള്‍.

വാഗ്ദാനങ്ങള്‍ നല്‍കുന്നത് പാലിക്കാനാണ് എന്ന നയം ഭരണരംഗത്ത് ഊട്ടിയുറപ്പിച്ചുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നേറുന്നത്. ഓരോ വര്‍ഷവും, പ്രകടനപത്രികയിലെ പൂര്‍ത്തീകരിച്ച പദ്ധതികള്‍ ഏവ, പൂര്‍ത്തീകരിക്കാനുള്ളവ ഏവ എന്നതു സംബന്ധിച്ച് വിശദമായ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന മാതൃക ഇന്ത്യയില്‍ മറ്റെങ്ങും തന്നെ ഇല്ല. ആ നിലയ്ക്ക് ഭരണനിര്‍വ്വഹണത്തെ വളരെ ഗൗരവത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാണുന്നത്.

ഭരണ നിര്‍വ്വഹണത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക ശ്രദ്ധ വേണ്ട മേഖലകളില്‍ കേന്ദ്രീകരിക്കാനും അവിടങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ ഉറപ്പുവരുത്താനുമാണ് നൂറുദിന കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഈ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് ഈ സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ മെഡിസിന്‍ കൗണ്ടറുകള്‍ ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights : Pinarayi Vijayan praises Health dept. Karunya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here