Advertisement

ഗുജറാത്തിൽ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തകർന്നു

August 29, 2024
1 minute Read

മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഗുജറാത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തകർന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഗുജറാത്തിലെ വഡോദരയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ ഡാമില്‍ സ്ഥിതി ചെയ്യുന്ന സാധു ബെറ്റ് ദ്വീപ് എന്ന ചെറു ദ്വീപിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള റോഡാണ് ബുധനാഴ്ച തകര്‍ന്നത്.

ഗുജറാത്തില്‍ കുറച്ചു ദിവസമായി പെയ്യുന്ന കനത്ത മഴയിലാണ് റോഡ് തവിടുപൊടിയായത്. പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ റോഡിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കുന്നവർ ഇതുവഴി പോകുന്നതിനാൽ ഈ റോഡ് തിരക്കേറിയതാണ്.

2018ലാണ് ഒക്ടോബര്‍ 31നാണ് ഏകതാ പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. 2989 കോടി രൂപയ്ക്കാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നർമ്മദയുടെ തീരത്ത് പണിതുയർത്തിയത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്.

നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രതിമയുടെ പണി പൂര്‍ത്തീകരിച്ചത്. താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആണ്. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പുറമെ വെങ്കലംകൊണ്ട് പൊതിഞ്ഞിരിക്കുന്നു.

അതിനിടെ ഗുജറാത്തില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ മരണം 35 കടന്നു.ദേവഭൂമി ദ്വാരക, ജാംനഗർ, പോർബന്തർ, രാജ്‌കോട്ട് എന്നിവിടങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ രാജ്‌കോട്ട് വിമാനത്താവളത്തിൻ്റെ മതിൽ തകർന്നു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

Story Highlights : Road in statue of unity washed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top