പിടികൂടിയ കള്ളകടത്ത് സ്വര്‍ണ്ണം പൊലീസ് തന്നെ ഉരുക്കും, കടത്തിനെക്കുറിച്ച് വിവരം കിട്ടിയാലും മൂടിവയ്ക്കും; സുജിത്ത് ദാസിന്റെ തട്ടിപ്പുവഴികള്‍

പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണം കടത്തുകാര്‍ക്ക് തന്നെ തിരിച്ചുകിട്ടാന്‍ എസ് പി സുജിത്ത് ദാസും മറ്റ് പൊലീസുകാരും പ്രയോഗിച്ചത് കാഞ്ഞബുദ്ധിയെന്ന് കസ്റ്റംസ്. സ്വര്‍ണം കടത്തിയ നൂറിലേറെ പേര്‍ക്ക് ഒരു നഷ്ടവും കൂടാതെ സ്വര്‍ണം തിരിച്ചുകിട്ടാന്‍ ഞെട്ടിപ്പിക്കുന്ന തട്ടിപ്പുവഴികളിലൂടെ സുജിത്ത് ദാസ് സഞ്ചരിച്ചുവെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. തട്ടിപ്പ് സ്വര്‍ണം സുജിത്ത് ദാസും കൂട്ടരും ഉരുക്കിയാണ് കോടതിയിലെത്തിക്കുന്നത്. ഇത് പ്രതികളെ ഈസിയായി കോടതിയില്‍ നിന്ന് ഊരിപ്പോരാന്‍ സഹായിക്കുന്നു. തട്ടിപ്പ് സ്വര്‍ണം നിരവധി തട്ടിപ്പുകാര്‍ക്കുതന്നെ ഇങ്ങനെ തിരികെ കിട്ടുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടം കോടിക്കണക്കിന് രൂപയുടേതാണ്. ( customs findings against sp sujith das gold smuggling cases)
സ്വര്‍ണക്കടത്ത് സംഘങ്ങളെ സഹായിക്കാന്‍ സുജിത്ത് ദാസും കൂട്ടരും ലംഘിച്ചത് കസ്റ്റംസിന്റെ ഗൗരവമേറിയ നിരവധി ചട്ടങ്ങളാണെന്നാണ് അന്വേഷണത്തിലൂടെ ബോധ്യപ്പെടുന്നത്. കസ്റ്റംസ് നിയമപ്രകാരം പൊലീസിന് ലഭിക്കുന്ന വിവരങ്ങള്‍ കസ്റ്റംസിന് കൈമാറണം എന്നുള്ളതാണ് ചട്ടം. ഈ ചട്ടം പലപ്പോഴായി പൊലീസ് ലംഘിച്ചപ്പോള്‍ എസ്പിയെ തന്നെ നേരിട്ട് അറിയിച്ചിട്ടും പൊലീസ് തുടര്‍ന്നും നിയമവിരുദ്ധമായി സ്വര്‍ണക്കടത്ത് സംഘങ്ങളെ സഹായിച്ചു എന്നുള്ള ഗുരുതരമായ കാര്യമാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
Read Also: ഉത്തർപ്രദേശിൽ നിന്നും ലഡാക്കിലേക്കുള്ള സോളോ ബൈക്ക് റൈഡിനിടെ ഓക്സിജൻ്റെ കുറവുമൂലം യുവാവ് മരിച്ചു
സുജിത്ത് ദാസ് മലപ്പുറം എസ് പി ആയിരിക്കുമ്പോള്‍ നിയമവിരുദ്ധമായി സ്വര്‍ണം പിടികൂടുകയും നൂറിലധികം കേസുകളില്‍ സ്വര്‍ണ്ണം കടത്തിയവര്‍ക്ക് ഒരു നഷ്ടവും കൂടാതെ സ്വര്‍ണം തിരികെ കിട്ടുകയും ചെയ്‌തെന്നാണ് കസ്റ്റംസ് പറയുന്നത്. തട്ടിപ്പുസംഘങ്ങളെ സഹായിക്കാനുള്ള ഈ കാഞ്ഞബുദ്ധി അവിടംകൊണ്ടും തീരുന്നില്ലെന്നാണ് കസ്റ്റംസ് പറയുന്നത്. പിടികൂടിയ സ്വര്‍ണമത്രയും പൊലീസ് നിയമവിരുദ്ധമായി ഉരുക്കും. സിആര്‍പിസി 102ആം വകുപ്പ് പ്രകാരം എടുത്ത കേസുകളില്‍ സ്വര്‍ണ്ണം കടത്തിയവര്‍ക്ക് തന്നെ സ്വര്‍ണം തിരികെ കിട്ടാന്‍ ഇത് കാരണമാകും.
ഇങ്ങനെ സ്വര്‍ണം ഉരുക്കാന്‍ പോലീസിന് ആരാണ് ഫണ്ട് നല്‍കിയത് എന്ന ചോദ്യവും കസ്റ്റംസ് ഉയര്‍ത്തുന്നുണ്ട്. നിയമവിരുദ്ധമായി ഇടപെടുകയും കേന്ദ്രത്തിന് കോടികളുടെ നഷ്ടമുണ്ടാക്കുകയും ചെയ്ത ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ നഷ്ടപ്പെടുത്തിയ തുക ഈടാക്കണം എന്നതാണ് കസ്റ്റംസ് നിലപാട്.ഇതിനാണ് സുജിത്ത് നോട്ടീസ് അയക്കാന്‍ നടപടികള്‍ ആരംഭിച്ചത്. എസ്പിയുടെ വഴിവിട്ട ഇടപാടുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കരിപ്പൂര്‍ കൊണ്ടോട്ടി സ്റ്റേഷനുകളില്‍ സുജിത്ത് ദാസ് നിയമിച്ച ഉദ്യോഗസ്ഥരും ഈ കേസുകളില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഐപിഎസ് ഉദ്യോഗത്തിനെതിരെ ഗുരുതരമായ സാമ്പത്തിക സര്‍ട്ടിഫിക്കേഷനില്‍ കൂടി വരുന്നതോടെ സുജിത്ത് ദാസിനെ ഇനി എത്ര നാള്‍ സംസ്ഥാന സര്‍ക്കാരിന് സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയും എന്ന ചോദ്യവും ഉയരുന്നുണ്ട്.
Story Highlights : customs findings against sp sujith das gold smuggling cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here