യുപിഐ സർക്കിൾ എത്തി: ഇനി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാടുകൾ നടത്താം
ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ച് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന യുപിഐ സർക്കിൾ എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു യുപിഐ ഉപയോക്താവിന്റെ അക്കൗണ്ട് ഉപയോഗിച്ച് അയാളുടെ അനുമതിയോടെയോ അയാൾ ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റൊരാൾക്കാണ് ഇത്തരത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ കഴിയുക.
യുപിഐ അക്കൗണ്ട് ഉള്ള ആൾ പ്രൈമറി യൂസർ ആയിരിക്കും. ഇയാൾ ചുമതലപ്പെടുത്തുന്ന രണ്ടാമത്തെയാൾ സെക്കൻഡറി യൂസറും. ഇപ്പോൾ രണ്ട് പേർക്ക് മാത്രമേ യുപിഐ സർക്കിളിന്റെ ഭാഗമാകാൻ കഴിയൂ. പ്രൈമറി യൂസറുടെ അക്കൗണ്ട് ഉപയോഗിച്ച് സെക്കൻഡറി യൂസറിന് യുപിഐ ഇടപാടുകൾ നടത്താൻ കഴിയുമെന്നതാണ് പ്രത്യേകത. എന്നാൽ സെക്കൻഡറി യൂസറിന് ഇടപാട് നടത്താവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കാൻ പ്രൈമറി യൂസറിന് സാധിക്കും.
കൂടുതൽ ആളുകളിലേക്ക് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ എത്തിച്ചിരിക്കുന്നത്. ഇപ്പോൾ മിക്ക ഇടപാടുകളും യുപിഐ സംവിധാനം വഴി മാറി തുടങ്ങിയിരിക്കുകയാണ്. എന്നാൽ ഇത് ഉപയോഗിക്കാത്തവരും നിരവധിയാണ്. ഇവരെ ലക്ഷ്യം വെച്ചാണ് പുതിയ ഫീച്ചറായി യുപിഐ സർക്കിൾ അവതരിപ്പിച്ചിരിക്കുന്നത്.
കാർഡുകളുടെയോ മറ്റേതെങ്കിലും ഫിസിക്കൽ കാർഡുകളുടെയോ സഹായം ഇല്ലാതെ തന്നെ ഏത് യുപിഐ ആപ്പ് ഉപയോഗിച്ചും എടിഎമ്മുകളിൽ പണം നിക്ഷേപിക്കാൻ സാധിക്കുന്ന യുപിഐ ഇൻ്റർഓപ്പറബിൾ ക്യാഷ് ഡെപ്പോസിറ്റ് എന്ന ഫീച്ചറും ഈ അടുത്ത് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ചിരുന്നു. ഉപയോക്താവിൻ്റെ മൊബൈൽ നമ്പർ, യുപിഐ, വെർച്വൽ പേയ്‌മെൻ്റ് അഡ്രസ് (വിപിഎ), അക്കൗണ്ട് ഐഎഫ്എസ്‌സി എന്നിവയുമായി ബന്ധിപ്പിച്ച്, അവരുടെ സ്വന്തം അക്കൗണ്ടിലോ മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടിലോ പണം നിക്ഷേപിക്കാൻ ഈ ഫീച്ചർ വഴി സാധിക്കും.
Story Highlights : UPI Circle: NPCI Launches New Feature For UPI Users
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here