‘കെജെ ബേബിയുടെ മരണത്തിൻ്റെ അർത്ഥം നാം ചിന്തിച്ചെടുക്കേണ്ടതുണ്ട്; ചർച്ച ചെയ്യാൻ വൈമുഖ്യം കാണിച്ചു’; സക്കറിയ
സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ കനവ് ബേബി എന്ന കെ.ജെ ബേബി തൻ്റെ മരണരീതി തിരഞ്ഞെടുക്കുകയാണ് ഉണ്ടായതെന്ന് എഴുത്തുകാരൻ സക്കറിയ. ബേബിയുടെ മരണം പരസ്യമായി ചർച്ച ചെയ്യാൻ പൊതുവൈമുഖ്യം ഉള്ളത് പോലെ തോന്നിയെന്ന് സക്കറിയ ഫേസ്ബുക്കിൽ കുറിക്കുന്നു. പ്രതിഭാശാലിയായ ഒരു വ്യക്തി മരണത്തെ ആലോചനപൂർവം തിരഞ്ഞെടുക്കുമ്പോൾ സമൂഹം അതു ശ്രദ്ധിക്കേണ്ടത് ഉണ്ടെന്ന് തോന്നുന്നുവെന്ന് അദ്ദേഹം പറയുന്നു.
ദുഃഖവും അനുശോചനവും പ്രസക്തമാണ്. പക്ഷേ അവയ്ക്കപ്പുറത്തേക്ക് നമ്മുടെ ചിന്തകൾ പോകേണ്ടതാണ്. ബേബിയുടെ മരണത്തിൻ്റെ അർത്ഥവും നാം ചിന്തിച്ചെടുക്കേണ്ടതുണ്ടെന്ന് സക്കറിയ കുറിക്കുന്നു.
സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കെ ജെ ബേബി തൻ്റെ മരണരീതി തിരഞ്ഞെടുക്കുകയാണ് ഉണ്ടായത് – തൻ്റെ പ്രത്യേക ജീവിതരീതി തിരഞ്ഞെടുത്തത് പോലെ. ഇക്കാര്യം പരസ്യമായി ചർച്ച ചെയ്യാൻ ഒരു പൊതുവൈമുഖ്യം ഉള്ളത് പോലെ തോന്നി. പരമ്പരാഗത മരണത്തിൽ നിന്ന് വ്യത്യസ്തമായ ഒരു മരണത്തെ, ബേബിയെ പോലെ സമൂഹത്തിൽ മുദ്ര പതിപ്പിച്ച ഒരാളുമായി ബന്ധപ്പെടുത്താൻ സമൂഹത്തിന് മടി ഉണ്ടായി രിക്കാം. ആത്മഹത്യ എന്ന പദം വിവക്ഷിക്കുന്ന മരണം ആശാസ്യമാണെന്നു സമൂഹം കരുതുന്നില്ല എന്നതായിരിക്കാം അതിൻ്റെ കാരണം. സമീപകാലം വരെ ആത്മഹത്യാശ്രമം കുറ്റ കരമായിരുന്നു – അതായത് ആത്മഹത്യ കുറ്റമായിരുന്നു.
ഒരു വ്യക്തി സ്വയം ജീവിതം അവസാനിപ്പിക്കുമ്പോൾ സമൂഹം അതിൽ കാണുന്നത് ഒരു പക്ഷേ ഒരു തരം ആഭ്യന്തരകലാപം ആയിരിക്കാം; ഒരു തരം പാരമ്പര്യ വിരുദ്ധ നിലപാട്. അല്ലെങ്കിൽ ചില മതങ്ങൾ അനുശാസിക്കുന്നത് പോലെ, ദൈവം തന്ന ജീവൻ എടുക്കാൻ ദൈവത്തിനെ അധികാരം ഉള്ളൂ എന്ന വാദത്തിനെ ധിക്കരിക്കൽ. അല്ലെങ്കിൽ ഒരു വ്യക്തി, പ്രത്യേകിച്ച് നി രാശിതർക്കും പരാജിതർ ക്കും വേട്ടയാടപ്പെ ടുന്ന നിഷ് കളങ്കർക്കും പീഡിപ്പിക്ക പ്പെടുന്ന നിസ്സഹായർക്കും ഇടയിൽ നിന്നൊരാൾ, ജിവിതം അവസാനിപ്പിക്കുമ്പോൾ അതിൽ സമൂഹത്തിന് ഒരു പക്ഷേ ഉള്ള പങ്ക് സമൂഹത്തിനെ അസ്വസ്ഥമാക്കുന്നുണ്ടാവം.
വാർത്തകൾ പ്രകാരം ബേബി തൻ്റെ ജീവിതം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അദ്ദേഹം എഴുതി വച്ചിരുന്ന കത്തുകളിൽ എന്ത് കൊണ്ട് ആ തീരുമാനം എടുത്തു എന്ന് വിശദീകരിക്കുന്നുണ്ടോ എന്ന് അറിഞ്ഞു കൂട.
പ്രതിഭാശാലിയായ ഒരു വ്യക്തി മരണത്തെ ആലോചനപൂർവം തിരഞ്ഞെടുക്കുമ്പോൾ സമൂഹം അതു ശ്രദ്ധിക്കേണ്ടത് ഉണ്ടെന്ന് തോന്നുന്നു. ഏതോ ഒരു പാഠം, ഒരു സന്ദേശം, അതിൽ ഉണ്ട്. ദുഃഖവും അനുശോചനവും പ്രസക്തമാണ്. പക്ഷേ അവയ്ക്കപ്പുറത്തേക്ക് നമ്മുടെ ചിന്തകൾ പോകേണ്ടതാണ്. ബേബിയുടെ അസാധാരണമായ ജീവിതവും കലയും ശ്രദ്ധിക്കപ്പെടുകയും പഠിക്ക പ്പെടുകയും ചെയ്തിട്ടുണ്ട്. ബേബിയുടെ മരണത്തിൻ്റെ അർത്ഥവും നാം ചിന്തിച്ചെടുക്കേണ്ടതുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights : Writer Paul Zacharia facbook post on KJ Baby death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here