50കാരന്‍ വിജയ് 23കാരനായി, ഇളയദളപതിയുടെ ലുക്ക് മാറ്റിയ ഡി ഏജിങ് ടെക്‌നിക് എന്താണ്?
50കാരനായ വിജയിയെ 23കാരനാക്കിയ ഡി ഏജിങ് മാജിക്കിനെ കുറിച്ചുള്ള ചര്‍ച്ചയാണ് ‘ദി ഗോട്ട് ‘ റിലീസിനു ശേഷം എങ്ങും. ദളപതിയും ‘ഇളയദളപതിയും’ വ്യത്യസ്ത ലുക്കുകളില്‍ ആടി തകര്‍ത്ത ചിത്രം ശ്രദ്ധ നേടുമ്പോള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് എങ്ങനെയാണ് അഭിനേതാവിന്റെ പ്രായം കുറച്ചു കാണിക്കുന്നത് എന്ന ചര്‍ച്ചകളും സജീവമാകുകയാണ്. ഓഗസ്റ്റില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതു മുതല്‍ തന്നെ ഇളയദളപതിയുടെ ഈ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ വിഷ്വല്‍ എഫക്റ്റ്‌സിനു വേണ്ടി ഹോളിവുഡില്‍ നിന്നുള്ള വിഎഫ്എക്‌സ് ടീമുമായി കൈകോര്‍ത്തിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡി ഏജിങ്
വൈവിധ്യമാര്‍ന്ന സ്‌പെഷ്യല്‍ ഇഫക്റ്റുകളും സിജിഐയും ഉപയോഗിച്ചുകൊണ്ടുള്ള സങ്കീര്‍ണ്ണമായ പ്രക്രിയയാണ് ഡി ഏജിംഗ്. സിനിമയില്‍ അഭിനേതാക്കളെ ചെറുപ്പമായി കാണിക്കാനാണ് ഡി ഏജിങ് ഉപയോഗിക്കുന്നത്. ഏത് അഭിനേതാവിനെയാണ് ഡിഏജിങ് ചെയ്യേണ്ടത് അവരുടെ മുഖം ക്യാമറകള്‍ വച്ച് ഹൈ റസല്യൂഷന്‍ സ്‌കാന്‍ ചെയ്യും. ഈ 3ഡി സ്‌കാന്‍ വഴി അഭിനേതാവിന്റെ മുഖത്തെ സൂക്ഷ്മമായ എക്‌സ്പ്രഷനുകള്‍ ഉള്‍പ്പടെ ഒപ്പി എടുക്കും. ശേഷം ഏത് പ്രായത്തിലേക്ക് മാറ്റേണ്ടത് എന്നതനുസരിച്ച് ഈ മോഡല്‍ അജസ്റ്റ് ചെയ്യും. ഏത് പ്രായത്തിലാണോ മാറ്റിയെടുക്കേണ്ടത്, അഭിനേതാവിന്റെ ആ പ്രായത്തിലുള്ള ചിത്രങ്ങളും വീഡിയോകളുമുള്‍പ്പടെ ചേര്‍ത്ത് മറ്റൊരു ഡാറ്റ ബേസ് കൂടി തയാറാക്കി റെഫറന്‍സ് ആയി ഉപയോഗിക്കും.
അഭിനയിക്കുന്നയാളുടെ മുഖത്ത് ട്രാക്കിങ് ഡോട്ടുകള്‍ വച്ചതിനു ശേഷം മുഖത്തെ എക്‌സ്പ്രഷനുകള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് അടുത്തഘട്ടം. ഡിഏജിങ്ങിനായി ഉപയോഗിക്കുന്ന നിരവധി സോഫ്‌റ്റ്വെയറുകള്‍ ഉണ്ട്. ട്രാക്കിങ് ഡോട്ടുകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച വിഷ്വലുകളില്‍ ഡിജിറ്റല്‍ മേക്ക്അപ്പ് ഉപയോഗിച്ച് ചര്‍മത്തെ കൂടുതല്‍ സ്മൂത്ത് ആക്കും. അഭിനേതാക്കളുടെ മുഖത്ത് കഥാപാത്രത്തിന് അനുയോജ്യമായി വരുത്തേണ്ട മാറ്റങ്ങളും വരുത്തും. ഇത്തരത്തില്‍ ഡീ ഏജ് ചെയ്ത രൂപത്തെ അഭിനേതാക്കളുടെ നിലവിലെ രൂപവുമായി സംയോജിപ്പിച്ച് കൃത്യമായി ഒരു മോഡല്‍ രൂപപ്പെടുത്തും.
വിദഗ്ദര്‍ പറയുന്നത്
കുറച്ച് പരിശ്രമിച്ചു കഴിഞ്ഞാല്‍ മികച്ച റിസള്‍ട്ട് കിട്ടും എന്നതിനാലാണ് ഈ സാങ്കേതികവിദ്യ സ്വീകാര്യമാകുന്നതെന്ന് ട്വന്റിഫോറിന്റെ ഗ്രാഫിക് ഡിസൈനര്‍ മൈക്കിള്‍ വിവില്‍ പറഞ്ഞു. നായകനും, വില്ലനുമൊക്കെയായി ഒരുപോലെ ചിത്രത്തില്‍ നടന്‍ നിറഞ്ഞു നില്‍ക്കുന്ന വിജയിയെ കാണുമ്പോള്‍ ഇത് സത്യമാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകും.
റിയല്‍ ലുക്ക് ഫീല്‍ ചെയ്യുന്നതിന് വേണ്ടിയാണ് കൂടുതലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റൊരു വിദഗ്ദനും അഭിപ്രായപ്പെട്ടു. വിജയുടെ പണ്ടത്തെ ഫോട്ടോസുള്‍പ്പടെ വച്ചാണ് ഡിഏജിങ് ചെയ്തിരിക്കുന്നതെങ്കിലും ആ ലുക്ക് പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതാവാം വലിയതോതില്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘എന്‍റെ അനിയന്മാര്‍, അനിയത്തിമാര്‍, അമ്മമാര്‍’; വന്‍ സ്വീകരണത്തിന് മലയാളത്തിൽ നന്ദി അറിയിച്ച് വിജയ്
വെങ്കട്പ്രഭു പറയുന്നത്
പ്രേക്ഷകര്‍ക്ക് ഒരു പുതിയ ഫീല്‍ നല്‍കാന്‍ ആ സാങ്കേതിക വിദ്യ ഈ സിനിമയില്‍ ഉപയോഗിച്ചാല്‍ നന്നായിരിക്കും എന്ന് തനിക്ക് തോന്നിയതായി ചിത്രത്തിന്റെ സംവിധായകന്‍ വെങ്കട്പ്രഭു പറഞ്ഞു. രണ്ടാമത്തെ ക്യാരക്ടര്‍ 22 – 23 വയസ് പ്രായമുള്ളയാളാണെന്നും ഈ ക്യാരക്ടറിന് തന്നോട് സാമ്യം ഉണ്ടാവണമെന്നത് വിജയുടെ ആവശ്യമായിരുന്നെന്നും വെങ്കട് പ്രഭു പറഞ്ഞു. ചിത്രം എഴുതുന്ന സമയത്ത് ഡീ ഏജിംഗ് ടെക്‌നോളജിയെക്കുറിച്ച് തനിക്ക് അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡീ ഏജിംഗ് ടെക്‌നോളജിയെക്കുറിച്ച് മനസിലാക്കിയപ്പോഴാണ് വിജയ് സാറിനെപ്പോലെയുള്ളൊരാള്‍ ആ രണ്ട് കഥാപാത്രങ്ങളും ചെയ്താല്‍ എങ്ങനെയുണ്ടാവുമെന്ന് ആലോചിച്ചത്’, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെങ്കട് പ്രഭു പറഞ്ഞു.
Story Highlights : de-aging technology in GOAT movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here