വിനേഷ് ഫോഗട്ട് പോരാട്ട രംഗത്തേക്ക്; ബിജെപിക്ക് വെല്ലുവിളിയോ?

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ജുലാന നിയമസഭാ മണ്ഡലത്തിൽ നിന്നും വിനേഷ് ഫോഗട്ട് മത്സരിക്കും. ബജ്‌രംഗ് പുനിയയെ അഖിലേന്ത്യ കിസാൻ കോൺഗ്രസിന്റെ വർക്കിങ് ചെയർമാനായും നിയമിച്ചു. റെയിൽവേയിലുണ്ടായിരുന്ന ജോലി രാജിവെച്ചാണ് ഇരുവരും രാഷ്ട്രീയത്തിലിറങ്ങുന്നത്. ഇന്ന് കോൺഗ്രസ് ആസ്ഥാനത്തെത്തി പാർട്ടി അംഗത്വമെടുത്ത ഇരുവരും ഹരിയാനയിലെ ജാട്ട് സമുദായത്തിൽ നിന്നുള്ള അംഗങ്ങളാണ്. ഹരിയാനയിലെ കർഷകരിൽ വലിയ വിഭാഗം ജാട്ട് സമുദായത്തിൽ നിന്നാണെന്ന് മാത്രമല്ല, ബിജെപി സർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നവരുമാണ് ഇവർ. ജാട്ട് സമുദായത്തിന് മേധാവിത്തമുള്ള ഇടമാണ് ജുലാന. ജൻനായക് ജൻതാ പാർടിയിൽ നിന്നുള്ള അമർജീത് ദണ്ടയാണ് ജുലാന എംഎൽഎ.
കാർഷിക വിളകൾക്ക് താങ്ങുവിലയ്ക്ക് നിയമപ്രാബല്യം വേണമെന്ന നിലപാടിലാണ് ജാട്ട് സമുദായത്തിലെ കർഷകർ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ഈ കർഷക സമൂഹത്തിൻ്റെ പ്രതിനിധികൾ ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗുസ്തി താരങ്ങൾ കോൺഗ്രസിൽ ചേർന്നത്. സംസ്ഥാനത്ത് കായിക താരങ്ങൾക്കും യുവാക്കൾക്കും സ്ത്രീകൾക്കുമിടയിൽ കൂടുതൽ പിന്തുണ നേടുകയെന്ന ലക്ഷ്യമാണ് വിനേഷ് ഫോഗട്ടിനെ രംഗത്തിറക്കി കോൺഗ്രസ് ലക്ഷ്യമിടുന്നത്. ജാട്ട് സമുദായത്തിന് പുറമെ ഈ വോട്ടുകൾ കൂടി സമാഹരിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.
പാരീസ് ഒളിംപിക്സിൽ 100 ഗ്രാം ഭാരക്കൂടുതൽ മൂലം 50 കിലോഗ്രാം ഗുസ്തി മത്സരത്തിൽ നിന്ന് അയോഗ്യയാക്കപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഫോഗട്ടിനൊപ്പം കോൺഗ്രസ് നേതൃത്വം ഉറച്ച് നിന്നിരുന്നു. കോൺഗ്രസ് എംപി ദീപേന്ദ്ര ഹൂഡയുടെ നേതൃത്വത്തിൽ ഫോഗട്ടിന് വൻ വരവേൽപ്പ് നൽകിയിരുന്നു. താരത്തെ രാജ്യസഭയിലേക്ക് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ശംഭുവിലും ഖനോരിയിലും സമരം ചെയ്യുന്ന കർഷകർക്ക് വേണ്ടി സംസാരിച്ച ഫോഗട്ട് മത്സര രംഗത്തേക്ക് വരുന്നത് ബിജെപിക്ക് വലിയ തലവേദനയാണ്.
ബിജെപി മുൻ എംപി ബ്രിജ് ഭൂഷൺ സിങിനെതിരെ സമര രംഗത്ത് നിലയുറപ്പിച്ച് ഫോഗട്ടിൻ്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് വലിയ മേൽക്കൈ തെരഞ്ഞെടുപ്പിൽ നൽകുന്നുണ്ട്. എന്നിരുന്നാലും ഹരിയാനയിലെ രാഷ്ട്രീയത്തിൽ കായിക താരങ്ങൾ വലിയ മുന്നേറ്റമുണ്ടാക്കിയ ചരിത്രമില്ലെന്നതും പ്രധാനമാണ്. 2019 ലെ തെരഞ്ഞെടുപ്പിൽ യോഗേശ്വർ ദത്തിനെയും ബബിത ഫോഗട്ടിനെയും ബിജെപി മത്സരിപ്പിച്ചിരുന്നെങ്കിലും ഇരുവരും പരാജയപ്പെട്ടിരുന്നു. ഇത്തവണ ഗോഹാന സീറ്റിൽ മത്സരിക്കാൻ ദത്ത് താത്പര്യം അറിയിച്ചിട്ടുണ്ട്.
ഹരിയാനയിൽ മത്സരിച്ച് ജയിച്ച ഏക കായിക താരം മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സന്ദീപ് സിങ് മാത്രമാണ്. മനോഹർ ലാൽ ഖട്ടർ സർക്കാരിൽ കായിക മന്ത്രിയായ അദ്ദേഹത്തെ ലൈംഗികാതിക്രമ ആരോപണം നേരിട്ടതിന് പിന്നാലെ മന്ത്രിസഭയിൽ നിന്ന് അന്നത്തെ മുഖ്യമന്ത്രി നയബ് സിങ് സൈനി നീക്കിയിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അന്താരാഷ്ട്ര ബോക്സർ വിജേന്ദർ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിട്ടുണ്ട്. ഹരിയാനയിൽ മത്സരിക്കാനുള്ള നീക്കത്തിലാണ് ഇദ്ദേഹവും എന്നാണ് വിവരം. ഹരിയാനയിലെ ഭിവാനി ജില്ലയിലെ കല്വാസ് ആണ് ഇദ്ദേഹത്തിൻ്റെ സ്വദേശം.
Story Highlights : Vinesh Phogat to contest from Julana.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here