രണ്ടുപേരുകള്‍ മാത്രമല്ല, ഈ സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്റെ പേരുകൂടി പുറത്തുവരാനുണ്ട് : വി ഡി സതീശന്‍

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ തനിക്കെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ പൂര്‍ണമായും തള്ളി വി ഡി സതീശന്‍. അന്‍വറിന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നുണ്ടെന്ന് പോലും കരുതുന്നില്ല. പുനര്‍ജനി കേസും തനിക്കെതിരെ അന്‍വര്‍ സഭയിലുന്നയിച്ച അഴിമതി ആരോപണവുമെല്ലാം ഇ ഡി അന്വേഷിക്കട്ടേയെന്ന് വി ഡി സതീശന്‍ പറഞ്ഞു. പുനര്‍ജനിയില്‍ ഇ ഡി അന്വേഷണം ആവശ്യപ്പെടാനുണ്ടോ എന്ന് വെല്ലുവിളിച്ച അന്‍വറിന് മറുപടിയായി കേസില്‍ ഇപ്പോള്‍ ഇ ഡി അന്വേഷണം നടക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ( v d satheesan replay to P V anvar allegations related to ADGP ajith kumar)
സിപിഐഎമ്മില്‍ ഇപ്പോള്‍ നടക്കുന്ന കൊട്ടാരവിപ്ലവത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉപജാപകസംഘമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. രണ്ടുപേരുടെ പേരുകള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. ഈ സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്റെ പേരുകൂടി പുറത്തുവരാനുണ്ടെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും ഒരുപാട് രഹസ്യങ്ങള്‍ അറിയുന്നത് കൊണ്ടാണ് എഡിജിപി എം ആര്‍ അജിത് കുമാറിനേയും പി ശശിയേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് ഇതുവരെ നീക്കാത്തതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അജിത് കുമാര്‍ ദത്താത്രേയ ഹൊസബാളയെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയല്ലെന്ന് വാദത്തിന് സമ്മതിച്ചാല്‍ പോലും പിന്നീട് ഇത് അറിയുകയും സംഭവത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടുകയും ചെയ്തിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
Story Highlights : v d satheesan replay to P V anvar allegations related to ADGP ajith kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here