‘ഇപ്പോഴുള്ളത് കഴിവുകെട്ട ആഭ്യന്തരം; ന്യായീകരിക്കേണ്ട ഉത്തരവാദിത്വം സ്പീക്കർക്കില്ല’; പി എം എ സലാം

സ്പീക്കർ എ.എൻ ഷംസീറിന് എതിരെ മുസ്ലിം ലീഗ്. സർക്കാരിനെ ന്യായീകരിക്കേണ്ട ഉത്തരവാദിത്വം സ്പീക്കർക്കില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സ്പീക്കർ വിവാദങ്ങളിൽ നിന്നും മാറി നിൽക്കേണ്ട ആളാണെന്നും സ്പീക്കർ റഫറിയായി നിൽക്കേണ്ട ആളാണെന്നും സലാം പറഞ്ഞു. കളിക്കളത്തിൽ ഇറങ്ങി ഒരു ടീമിനെതിരെ ഗോളടിക്കാൻ നോക്കുക ആണ് സ്പീക്കർ ശ്രമിക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു.
ഇപ്പോഴുള്ളത് കഴിവുകെട്ട ആഭ്യന്തരമാണെന്ന് പിഎംഎ സലാം വിമർശിച്ചു. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാൺ ഷംസീർ പറഞ്ഞതുപോലെ പ്രധാനപ്പെട്ട സംഘടനയുടെ കയ്യിലാണെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം മുഴുവൻ വന്നിട്ടും എഡിജിപിയെ മാറ്റിയില്ല. മടിയിൽ കനം ഉള്ളതുകൊണ്ട് തന്നെയാണ് വഴിയിൽ ഭയക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു.
ആർഎസ്എസ് നേതാവുമായി എഡിജിപി എം ആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി മുസ്ലിം ലീഗ് എത്തിയത്. ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നും സ്പീക്കർ പറഞ്ഞു. കൂടിക്കാഴ്ചയിൽ അപാകതയില്ലെന്നുമായിരുന്നു ഷംസീറിന്റെ പ്രതികരണം.
Story Highlights : Muslim League leader PMA Salam against speajer AN Shamseer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here