സംസ്ഥാനത്ത് തുടർഭരണം നേടും, RSS ബന്ധമുണ്ടാക്കണമെങ്കിൽ മോഹൻ ഭാഗവതുമായി ബന്ധപ്പെട്ടാൽ പോരെ?: എം വി ഗോവിന്ദൻ
പി വി അൻവറിന്റെ ആരോപണങ്ങൾ പാർട്ടി അന്വേഷിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിവി അൻവർ ഉന്നയിച്ച വിവാദ സംഭവങ്ങളിൽ അന്വേഷണം നടക്കുകയാണ്. ആ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ADGP ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് സിപിഐഎം ലിങ്ക് ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ആർഎസ്എസിനോട് ബന്ധമുണ്ടാക്കണമെങ്കിൽ മോഹൻ ഭാഗവതുമായി ബന്ധപ്പെട്ടാൽ പോരെ?. ആർഎസ്എസുമായി ഡീലുണ്ടാക്കാൻ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
സിപിഐഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും സിപിഐഎം നിർമ്മിച്ച് നൽകുന്ന 11 വീടുകളുടെ താക്കോൽദാനവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
സംസ്ഥാനത്ത് തുടർഭരണം നേടുമെന്നും അദ്ദേഹം പറഞ്ഞു. എപ്പോളും സിപിഐഎം പ്രതിരോധത്തിൽ എന്ന് പ്രചരിപ്പിക്കുകയാണ്. ഞങ്ങൾക്ക് ഒരു പ്രതിരോധവും ഇല്ല. ഇപ്പോൾ ബ്രാഞ്ച് സമ്മേളനത്തെ വെച്ച് സിപിഐഎമ്മിനെ വിമർശിക്കുന്നു. ബ്രാഞ്ച് സമ്മേളനം നടത്തുന്നത് തന്നെ വിമർശിക്കാനാണ്. സമ്മേളനങ്ങളിൽ വിമർശനവും പരിശോധനയും സ്വയം തിരുത്തലും ഉണ്ടാകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
Story Highlights : M V Govindan on PV Anvar Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here