ലൈംഗികാതിക്രമ കേസ്; സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം, കീഴടങ്ങാൻ ഹൈക്കോടതി നിർദേശം
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ .പ്രകാശിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ വികെ പ്രകാശിന് നിർദേശം നൽകിയ കോടതി, അറസ്റ്റുണ്ടാകുന്ന പക്ഷം അദ്ദേഹത്തെ ജാമ്യത്തിൽ വിടണമെന്നും വ്യക്തമാക്കി.
രണ്ട് ലക്ഷം രൂപയുടെ ബോണ്ടുൾപ്പെടെയാണ് വ്യവസ്ഥകൾ. അറസ്റ്റ് ചെയ്ത് മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കിയ കോടതി പ്രതിയ്ക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നത് കൂടി പരിഗണിച്ചാണ് ഉത്തരവിട്ടത്.
സിനിമയാക്കാൻ കഥയുമായി സമീപിച്ച യുവതിയെ കൊല്ലത്തെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കാര്യം മറ്റാരോടും പറയരുതെന്ന് തുടരെ ഫോണിൽ വിളിച്ച് സംവിധായകൻ നിർബന്ധിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് ക്ഷമാപണം നടത്തിയ ശേഷം ഡ്രൈവറുടെയോ മറ്റോ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്ക് ഫോൺ വഴി അയച്ചു തന്നുവെന്നും യുവതി പറഞ്ഞിരുന്നു. ഈ കേസിലാണ് മുൻകൂർ ജാമ്യം തേടി വികെ പ്രകാശ് കോടതിയെ സമീപിച്ചത്.
എന്നാൽ തനിക്കെതിരെ യുവതി നൽകിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് വികെ പ്രകാശ് ഡിജിപിക്ക് പരാതി നൽകിയിരുന്നു സിനിമയുടെ കഥയുമായി യുവതി തന്നെ സമീപിച്ചിരുന്നുവെന്നും കഥ സിനിമയ്ക്ക് യോഗ്യമല്ലെന്ന് പറഞ്ഞ് മടക്കിയപ്പോൾ, തിരികെ പോകാനാണ് തന്റെ ഡ്രൈവർ മുഖേന 10000 രൂപ നൽകിയതെന്നാണ് വികെ പ്രകാശിൻ്റെ വാദം. പിന്നീട് അഭിനയിക്കാൻ താത്പര്യം അറിയിച്ചു യുവതി വിളിക്കുകയും ചിത്രങ്ങൾ അയച്ചു തരികയും ചെയ്തുവെന്നുമാണ് വികെ പ്രകാശ് പരാതിയിൽ പറഞ്ഞത്.
Story Highlights : High court gives anticipatory bail to director V K Prakash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here