അയ്യപ്പസംഗമത്തിൽ വര്‍ഗീയവാദികളെ ക്ഷണിക്കരുതെന്നാണ് വ്യക്തിപരമായ അഭിപ്രായം; എം വി ഗോവിന്ദൻ

ആഗോള അയ്യപ്പ സംഗമത്തിൽ വര്‍ഗീയവാദികളെ ക്ഷണിക്കരുതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാമുദായിക സംഘടനകൾ അടക്കം എല്ലാവരും അയ്യപ്പ സംഗമത്തിനായി പിന്തുണ നൽകി.
ആദ്യം ശക്തമായി എതിര്‍ത്ത ഒരാൾ ഇപ്പോൾ പറഞ്ഞത് ക്ഷണിച്ചാല്‍ പോകും എന്നാണ്. സംഗമത്തിൽ വിശ്വാസികളെയാണ് ക്ഷണിക്കേണ്ടത്.ഞങ്ങൾ വിശ്വാസികൾക്കെതിരല്ല. അത് തുറന്ന് പറയുന്നതില്‍ ഒരു മടിയുമില്ല. അന്ധവിശ്വാസങ്ങൾക്കെതിരെ വിശ്വാസികളെ കൂടെ നിര്‍ത്തി എതിര്‍ക്കാൻ കഴിയണം. വിശ്വാസികളെ കൂടെ ചേര്‍ത്ത് വര്‍ഗീയവാദികളെ എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഡിഎഫും ബിജെപിയും ബഹിഷ്‌കരിച്ച ആഗോള അയ്യപ്പ സംഗമത്തിന് എന്‍എസ്എസിന്റെ പൂര്‍ണ്ണ പിന്തുണ നൽകിയിരുന്നു. ആഗോള അയ്യപ്പ സംഗമം നല്ല ഉദ്ദേശത്തോടെ ആകണമെന്നും അയ്യപ്പസംഗമ സമിതിയുടെ നേതൃത്വത്തിൽ രാഷ്ട്രീയം പാടില്ലെന്നുമാണ് എൻഎസ്എസ്
ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ആവശ്യം. അയ്യപ്പ സംഗമത്തിൽ ആശങ്ക
പ്രകടിപ്പിച്ച് യോഗക്ഷേമസഭയും രംഗത്തെത്തിയിരുന്നു. അയ്യപ്പസംഗമം സാമ്പത്തിക ലാഭത്തിനോ ഇലക്ഷൻ സ്റ്റണ്ടോ ആണെന്ന് സംശയിക്കുന്നതായി അധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരി വിമർശിച്ചു. പരിപാടിയിലേക്ക് ബിജെപി നേതാക്കൾ ഉൾപ്പെടെയുളള എല്ലാഭക്തരെയും ക്ഷണിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
സെപ്റ്റംബർ 20 നാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. മുഖ്യ രക്ഷാധികാരിയായി നിശ്ചയിച്ചിട്ടുളള പ്രതിപക്ഷ നേതാവിനെ ദേവസ്വം ബോർഡ് പ്രസിഡൻറും അംഗങ്ങളും ചേർന്ന് സെപ്റ്റംബർ 2ന് നേരിട്ട് ക്ഷണിക്കും. വിശ്വാസ സംഗമം എന്നതിനപ്പുറം രാഷ്ട്രീയമോ സാമ്പത്തികമോ ആയ താൽപര്യങ്ങളൊന്നും പരിപാടിക്ക് പിന്നിലില്ലെന്നാണ് ദേവസ്വം ബോർഡിൻെറ വിശദീകരണം.
Story Highlights : MV Govindan talk about Ayyappa Sangam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here