‘ഉറ്റ സുഹൃത്തിനെ നഷ്ടമായി, എന്നെ നന്നായറിഞ്ഞയാള്‍’; യെച്ചൂരിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. യെച്ചൂരി തന്റെ ദീര്‍ഘകാലത്തെ സുഹൃത്താണെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. യെച്ചൂരിയുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്. സമര്‍ത്ഥനായ രാഷ്ട്രീയ നേതാവും തന്നെ ഏറ്റവും അടുത്ത് മനസിലാക്കിയ സുഹൃത്തുമാണ് യെച്ചൂരിയെന്ന് മമ്മൂട്ടി കുറിച്ചു. യെച്ചൂരിയെ തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. (Mammootty condoles demise of Sitaram Yechury)
ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് ഉച്ചതിരഞ്ഞ് 3.05നാണ് വിട വാങ്ങിയത്. യെച്ചൂരിയെ കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്ന് ആഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും നില വഷളാവുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു അദ്ദേഹം ഐസിയുവില്‍ തുടര്‍ന്നിരുന്നത്.
യെച്ചൂരിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരായ പോരാട്ടത്തിനുകൂടി ഏറ്റ തിരിച്ചടിയാണ് യെച്ചൂരിയുടെ വിയോഗമെന്ന് ആനി രാജയും പ്രതികരിച്ചു. ഉറ്റ സുഹൃത്തിനെ തനിക്ക് നഷ്ടമായെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
പ്രിയ സഖാവിന്റെ വിയോഗത്തില്‍ ഏറെ വൈകാരികമായിട്ടായിരുന്നു ഡി രാജയുടെ പ്രതികരണം. തന്റെ പ്രീയപ്പെട്ട നേതാവിനെയാണ് നഷ്ടമായതെന്ന് പറഞ്ഞ് ഡി രാജ വിതുമ്പി. രാജ്യത്തിന്റെ മതേതര ചേരിയുടെ നഷ്ടമാണിതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജനാധിപത്യം കാത്ത നല്ല നേതാവിനെയാണ് നമ്മുക്ക് നഷ്ടമായതെന്ന് കെ കെ ശൈലജ പറഞ്ഞു. വര്‍ഗ്ഗീയതയില്‍ നിന്നും ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തിനായി ഇന്ത്യാ മുന്നണിയ്ക്കു വേണ്ടി മുന്നില്‍ നിന്ന് നയിച്ച അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ എല്ലാവര്‍ക്കും ആവേശം പകര്‍ന്നതായി സ്പീക്കര്‍ എഎന്‍ ഷംസീറും അനുസ്മരിച്ചു.
Story Highlights : Mammootty condoles demise of Sitaram Yechury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here