ഇന്ദിരയെ വിറപ്പിച്ച യുവത്വം, ജെഎന്‍യുവിലെ തീപ്പൊരി, യെച്ചൂരിയുടെ ഐതിഹാസിക സമര ജീവിതം
ചുക്കിച്ചുളിഞ്ഞ കുര്‍ത്ത ധരിച്ച് പാറിപ്പറന്ന മുടിയുമായി സാക്ഷാല്‍ ഇന്ധിരാ ഗാന്ധിക്കു മുന്നില്‍ അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ ഉറക്കെ വിളിച്ചു പറഞ്ഞ ഒരു ക്ഷുഭിത യൗവ്വനമുണ്ടായിരുന്നു ഒരുകാലത്ത് ജെഎന്‍യുവില്‍. സീതാറാം യെച്ചൂരിയെന്ന ആ യുവാവ് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ പകരം വെക്കാനില്ലാത്ത നേതൃത്വമായി. അടിയന്തരാവസ്ഥയുടെ ക്രിമിനലുകള്‍ എന്ന് സധൈര്യം അധികാരികളെ നോക്കി ആക്രോശിച്ച യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ആ യുവത്വത്തിന് മുന്നില്‍ ഒടുവില്‍ ഇന്ധിര മുട്ടുമടക്കുക തന്നെ ചെയ്തു. മതേതര ഇന്ത്യയ്ക്കും രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗത്തിനുമായി അഞ്ച് പതിറ്റാണ്ടുകാലം ഇന്‍ക്വിലാബ് വിളിച്ച സീതാറാം യെച്ചൂരിയോട് കാലം ലാല്‍സലാം പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഐതിഹാസികമായ സമര ജീവിതവും ചര്‍ച്ചയാവുകയാണ്.
1977 ഒക്ടോബര്‍ മാസത്തില്‍, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ഇന്ദിര സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനം രാജി വെക്കണമെന്നായിരുന്നു ആവശ്യം. ലോക്‌സഭാ ഇലക്ഷനില്‍ പരാജയപ്പെട്ടിട്ടും ആ സ്ഥാനത്ത് തുടരുകയായിരുന്നു ഇന്ദിരാ ഗാന്ധി. സമരം പുരോഗമിക്കേ ഇന്ദിര പുറത്തേക്കിറങ്ങി വന്നു. അവരുടെ മുന്നില്‍ വച്ച് തന്നെ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടം യെച്ചൂരി ഉറക്കെ വായിച്ചു. ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒരു വാര്‍ത്താ ചിത്രമായിത് മാറി. ദിവസങ്ങള്‍ക്ക് ശേഷം ഇന്ദിര പ്രിയദര്‍ശിനി ചാന്‍സിലര്‍ സ്ഥാനമൊഴിഞ്ഞു.
Read Also: ബ്രാഹ്മണ കുടുംബത്തിൽ ജനനം, രാകിതെളിഞ്ഞ കമ്മ്യൂണിസ്റ്റുകാരൻ; യെച്ചൂരി യാത്രയാകുമ്പോൾ
യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത് ജെ എന്‍ യുവിലെ ഈ പോരാട്ട മണ്ണില്‍ നിന്നാണ്. 1984ല്‍ തന്റെ 32ാം വയസില്‍ പ്രത്യേക ക്ഷണിതാവായി സിപിഐ എം കേന്ദ്ര കമ്മറ്റിയിലെത്തുമ്പോള്‍ ഇത്രയും വലിയൊരു പദവി കൈകാര്യം ചെയ്യാന്‍ മാത്രം പക്വത തനിക്കുണ്ടോ എന്ന സംശയമായിരുന്നു യെച്ചൂരിക്ക്. എന്നാല്‍ അന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന് ഇക്കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ല. ഇഎംഎസിന്റെ ആത്മവിശ്വാസം പിഴച്ചതുമില്ല.
Story Highlights : Sitaram Yechury made Indira Gandhi resign as JNU chancellor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here