വെള്ളെഴുത്ത് ചികിത്സ; കണ്ണടയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഐ ഡ്രോപ്‌സിന്റെ അനുമതി തടഞ്ഞ് ഡിസിജിഐ
പ്രായമായവരിലും മധ്യവയസ്ക്കരിലും കണ്ടു വരുന്ന പ്രെസ്ബയോപിയ (വെള്ളെഴുത്ത്) അവസ്ഥയ്ക്ക് ഒരു ബദലായിട്ടായിരുന്നു ‘പ്രസ്വു’ ഐ ഡ്രോപ്പ്സുകൾ വികസിപ്പിച്ചെടുത്തത്. മുംബൈ ആസ്ഥാനമായുള്ള എൻ്റോഡ് ഫാർമസ്യൂട്ടിക്കൽസ് ആണ് ‘പ്രസ്വു’ ഐ ഡ്രോപ്പ് വികസിപ്പിച്ചെടുത്തത്. ഐ ഡ്രോപ്പിൻ്റെ ഉപയോഗം റീഡിംഗ് ഗ്ലാസുകൾ നീക്കംചെയ്യാൻ സഹായിക്കുമെന്നായിരുന്നു കമ്പനിയുടെ വാദം.
എന്നാൽ ഇപ്പോൾ കമ്പനിയുടെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഐ ഡ്രോപ്‌സുകളുടെ അനുമതി തടഞ്ഞിരിക്കുകയാണ്. വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയിലാണ് നടപടി. സെൻട്രൽ ലൈസൻസിംഗ് അതോറിറ്റിയിൽ നിന്ന് അംഗീകാരം നേടിയിട്ടില്ലാത്ത മരുന്ന് ഉൽപ്പന്നത്തിന് കമ്പനി അവകാശവാദം ഉന്നയിക്കുകയും അതുവഴി പുതിയ ഡ്രഗ്‌സ് ആൻഡ് ക്ലിനിക്കൽ ട്രയൽ റൂൾസ്, 2019 പ്രകാരമുള്ള വ്യവസ്ഥകൾ ലംഘിക്കുകയും ചെയ്തതായി ഡ്രഗ് റെഗുലേറ്റർ കണ്ടെത്തി.
ലോകമെമ്പാടുമുള്ള 1.09 ബില്യൺ മുതൽ 1.80 ബില്യൺ വരെ ആളുകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ് പ്രെസ്ബയോപിയ. പുതിയ തുള്ളിമരുന്ന് ഒരു തുള്ളി ഒഴിച്ചാല്‍ 15 മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും അടുത്ത ആറുമണിക്കൂര്‍ തെളിഞ്ഞകാഴ്ച ലഭിക്കുമെന്നുമാണ് അവകാശവാദം. ഇതോടെ കണ്ണട ഉപയോഗം ഒഴിവാക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. പൈലോകാര്‍പിന്‍ എന്ന രാസഘടകമാണ് മരുന്നിലുള്ളത്. ഇത് ഗ്ലക്കോമ രോഗികളില്‍ കണ്ണിലെ മര്‍ദം കുറയ്ക്കാന്‍ മുമ്പ് ഉപയോഗിച്ചിരുന്നു. പിന്നീട് ഉപയോഗം കുറഞ്ഞു. അതേസമയം, ഈ മരുന്ന് ദീര്‍ഘകാലം ഉപയോഗിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ക്ക് വഴിയൊരുക്കുമോ എന്ന ആശങ്ക നേത്രരോഗ വിദഗ്ധര്‍ പങ്കുവച്ചിരുന്നു,
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) സബ്‌ജക്റ്റ് എക്‌സ്‌പർട്ട് കമ്മിറ്റി (എസ്ഇസി) ഉൽപ്പന്നത്തിന് അനുമതി നല്‍കിയിരുന്നു. ഒക്‌ടോബർ ആദ്യവാരം മുതൽ കുറിപ്പടി അധിഷ്‌ഠിത ഐ ഡ്രോപ്പുകൾ 350 രൂപ നിരക്കിൽ ഫാർമസികളിൽ ലഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഡിസിജിഐ മരുന്നിന്റെ വിപണനം വിലക്കുകയായിരുന്നു.
Story Highlights : DCGI withholds approval of ‘Presvu’ eye drops
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here