Advertisement

‘വലിയ തിരക്കുണ്ടാകില്ല’; ഒക്ടോബർ 10ന് മുമ്പ് റേഷൻ മസ്റ്ററിങ്ങ് പൂർത്തിയാക്കാൻ കഴിയും, മന്ത്രി ജി ആർ അനിൽ

September 16, 2024
Google News 2 minutes Read
gr anil

ജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാത്ത രീതിയിൽ റേഷൻ വിതരണവും മസ്റ്ററിങ്ങും നടക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. ഒക്ടോബർ 10 നു മുൻപ് മസ്റ്ററിങ്ങ് പൂർത്തിയാക്കുമെന്ന് മന്ത്രി ട്വന്റി ഫോറിനോട് പറഞ്ഞു.

സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം പകുതിയോളം കഴിഞ്ഞിട്ടുണ്ട്. മുൻഗണനാ വിഭാഗം 1 കോടി 53 ലക്ഷം ആളുകളുണ്ട്. 45 ലക്ഷം ആളുകൾ മസ്റ്ററിങ്ങ് പൂർത്തിയാക്കി. ആകെയുള്ളതിന്റെ മൂന്നിലൊന്ന് ശതമാനം ആളുകൾ മസ്റ്ററിങ്ങ് പൂർത്തിയാക്കിയതിനാൽ ഇനി വലിയ പ്രയാസമുണ്ടാകില്ല.മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും മസ്റ്ററിങ്ങിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് റേഷൻ വിതരണത്തെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

മറ്റന്നാൾ മുതൽ മസ്റ്ററിങ്ങ് നടത്താനാണ് പൊതുവിതരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഓണം കഴിഞ്ഞുള്ള സമയമായതിനാൽ കൂടുതൽ ആളുകൾ റേഷൻ കടകളിലേക്ക് വരില്ലെന്ന് വകുപ്പ് കണക്കുകൂട്ടുന്നു. ഇത് കണക്കിലെടുത്താണ് മസ്റ്ററിങ്ങ്. ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളിൽ ആയിരിക്കും മസ്റ്ററിങ്ങെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read Also: റേഷന്‍ കാര്‍ഡ് മാസ്റ്ററിങ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം; ഇല്ലെങ്കില്‍ അരിവിതരണം നിര്‍ത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ്

അതേസമയം, സംസ്ഥാനത്ത് മുൻഗണനാ വിഭാഗത്തിൽ ഇതുവരെ മസ്റ്ററിങ്ങ് പൂർത്തിയാക്കിയവരുടെയും ഇനി പൂർത്തിയാക്കാനുള്ളവരുടെയും കണക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് പുറത്തുവിട്ടു. ഇനി മസ്റ്ററിങ്ങ് ചെയ്യേണ്ട ആകെ മഞ്ഞ ( AYY) കാർഡുകളിലെ അംഗങ്ങളുടെ എണ്ണം -19,86,539 ആണ്. പിങ്ക് (PHH) കാർഡുകളിലെ ആകെ അംഗങ്ങളുടെ എണ്ണം- 1,34,00,584. ഇതുവരെ മസ്റ്ററിങ്ങ് നടത്തിയ ആകെ അംഗങ്ങളുടെ എണ്ണം – 45,87,207.

സംസ്ഥാനത്തെ റേഷൻ കാർഡ് മസ്റ്ററിങ്ങ് ഉടൻ പൂർത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം വന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മസ്റ്ററിങ്ങ് പൂർത്തിയായില്ലെങ്കിൽ സംസ്ഥാനത്തിനുള്ള അരിവിതരണം നിർത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷൻ കാർഡ് മസ്റ്ററിങ്ങ് പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം.

റേഷൻ കാർഡ് മസ്റ്ററിങ്ങ് നടത്താൻ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സർവർ തകരാർ മൂലം നിർത്തിവയ്ക്കുകയായിരുന്നു. റേഷൻ വിതരണവും മസ്റ്ററിങ്ങും ഇ പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മസ്റ്ററിങ്ങ് പ്രക്രിയ റേഷൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മസ്റ്ററിങ്ങ് താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ഒക്ടോബർ 31നകം മസ്റ്ററിങ്ങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നൽകി. റേഷൻ കാർഡിൽ പേര് ഉള്ളവരെല്ലാം മസ്റ്ററിങ്ങ് പൂർത്തിയാക്കിയില്ലെങ്കിൽ അരിവിഹിതം നൽകില്ലെന്ന് കേന്ദ്രം അയച്ച കത്തിൽ സർക്കാരിനെ അറിയിച്ചു. റേഷൻ വിതരണം മുടങ്ങില്ല എന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉറപ്പ് നൽകി.

റേഷൻ കടകൾക്ക് പുറമേ അംഗനവാടികൾ, സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിങ്ങ് നടത്തുക. റേഷൻ വിതരണവും മസ്റ്ററിങ്ങും ഒരുമിച്ച് നടത്തിയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് വ്യാപാരികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയില്‍ മസ്റ്ററിങ്ങ് നടക്കും. കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയും ഒക്ടോബര്‍ 3 മുതല്‍ 8 വരെ ബാക്കി ജില്ലകളിലും നടക്കും.

Story Highlights : Ration mustering can be completed before October 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here